നിന്നെക്കുറിച്ചൊരു കവിതകൂടി


കവിത: ജയൻ പുക്കാട്ടുപടി

അവ്യക്തമായി
കവിതയിലേയ്ക്കിറങ്ങി
വന്ന്
ഇടയ്ക്കെപ്പൊഴോ
കവിതയിൽ നിന്നിറങ്ങിപ്പോകാൻ
നിനക്ക് മാത്രമേ
കഴിയൂ..

ചിരിയിൽ പൊള്ളിക്കാനും,
മൗനത്തിൽ
കവിതകൾ ഇറ്റിക്കാനും ,
ഹൃദയത്തിൽ
മുറിവുണ്ടാക്കാനും,
നിശ്വാസം കൊണ്ട്
മുറിവുണക്കാനും,
കല്പാടുകൾ മായ്ച്ചുകളയാനും ,
നിനക്ക് മാത്രമേ
കഴിയൂ..

ഈ കവിത
ആദ്യപ്രാസത്തിൽ
ഉമ്മ കൊണ്ടാണെങ്കിൽ
അന്ത്യപ്രാസത്തിൽ
കണ്ണീരുകൊണ്ടാണ്.

അപ്രതീക്ഷിതമായി
ഒരിളങ്കാറ്റ്
എന്റെ
ആഴത്തിലുള്ള മുറിവുകളെ
തലോടുന്നു..

പൂർത്തിയാകാത്ത
കവിതയിൽ നിന്ന്
നീ പിന്നെയും
ഇറങ്ങിപ്പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *