എന്‍റെ മട്ടുപ്പാവിലെ കാന്താരികൃഷി
നല്ല ചുമന്ന കാന്താരിമുളകിന്‍റെ അരി ഉറുമ്പുകൊണ്ടുപോകാതെ വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. കാന്താരിയുടെ അരി ഒരു ദിവസം കഞ്ഞിവെള്ളത്തില്‍ ഇട്ടതിന് ശേഷം പാകുന്നത് നല്ല കായ്ഫലം കിട്ടുമെന്നും പറഞ്ഞുകേള്‍ക്കാം.
അരി പാകി മൂന്നോ നാലോ ഇലകള്‍ വരാന്‍ തുടങ്ങുമ്പോള്‍ ചെടികള്‍ ഓരോന്നായി മാറ്റി നടുക.ഞാന്‍ ഗ്രോബാഗില്‍ ആണ് നട്ടത്. നടുന്നതിന് മുമ്പായി ബാഗില്‍ ഏറ്റവും താഴെയായി ആര്യവേപ്പിന്‍റെ ഇലകള്‍ കുറച്ച് വിതറുന്നത് കീടങ്ങള്‍ വരുന്നത് തടയും. പിന്നീട് മണ്ണില്‍ കുറച്ച് ചാണകവും ചേര്‍ത്ത് നടുക.
സൂര്യപ്രകാശം കിട്ടുന്ന രീതിയില്‍ ചെടികള്‍ നടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അടുക്കളയില്‍ നിന്നും ലഭിക്കുന്ന പച്ചക്കറി വേസ്റ്റുകള്‍ ആണ് ഞാന്‍ ഇതിന് വളമായി നല്‍കുന്നത്. വളരുന്നതിനോടൊപ്പം കീടങ്ങള്‍ വരാതിരിക്കാനും ശ്രദ്ധിക്കണം.
പഴകിയ കഞ്ഞിവെള്ളം തളിക്കുക, പപ്പായയുടെ ഇല ഒരു ദിവസം വെള്ളത്തില്‍ ഇട്ടുവെച്ച് പിറ്റേദിവസം ഇരട്ടിവെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്യുക തുടങ്ങിയവയയാണ് കീടങ്ങളെ പ്രതിരോധിക്കാനുള്ള എന്‍റെ പൊടിക്കൈ. ഇങ്ങനെ ചെയ്തപ്പോള്‍ ഏറെക്കുറെ നല്ല റിസല്‍ട്ടാണ് എനിക്ക് ലഭിച്ചത്. വെളുത്തുള്ളിയുടെ തൊലി ചുവട്ടില്‍ ഇട്ടുകൊടുക്കുന്നതും നല്ലതാണ്.
അശ്വതി രൂപേഷ്