എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.
ചെന്നൈ: ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്ററിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ഇക്കഴിഞ്ഞ മാസമാണ് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിനിടെ കോവിഡ് രൂക്ഷമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാൽ വിദഗ്ദ്ധ ചികിത്സയ്ക്കു പിന്നാലെ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ തുടരുകയായിരുന്നു.
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു. കഴിയുന്നത്ര ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു.