കാഴ്ചയുടെ വിരുന്നൊരുക്കി മൂന്നാര്‍

തിരക്കുകള്‍ക്കു വിട നല്‍കി യാത്രയ്ക്കായി മനസ്സു കൊതിക്കാന്‍ തുടങ്ങിയിട്ടു വളരെ നാളുകളായി. അങ്ങനെയാണ് ട്രിപ്പിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്. പിന്നെ എങ്ങോട്ടേക്ക് പോകണം എന്നായി ആലോചന. പല സ്ഥലങ്ങളും മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും ‘വേനല്‍ ചൂട്’ അവിടെയും വില്ലനായി എത്തി. വണ്‍ ഡേ ട്രിപ്പിനെ കുറിച്ചും ആലോചിച്ചു. ഒടുവില്‍ ഞങ്ങളുടെ രണ്ടു പേരുടേയും മനസ്സ് മന്ത്രിച്ചത് മൂന്നാര്‍ എന്നായിരുന്നു. എന്നാല്‍ മൂന്നാറിലേക്കു തന്നെ പോകാം എന്ന്തീരുമാനിച്ചു. മൂന്നാറിലേക്കു യാത്ര പോകുന്നത് സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവിടെയും ചൂടാണ് എന്നറിയാനാണ് കഴിഞ്ഞത്. എന്നാലും അങ്ങോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. രണ്ടാമത്തെ മൂന്നാര്‍ യാത്രയാണിത്. ആദ്യ തവണ പോയത് വണ്‍ ഡേ പ്രോഗ്രാം ആയിരുന്നു. അതു ഒരു ഫാമിലി ടൂര്‍ ആയിരുന്നു. എങ്ങും പോകാന്‍ സാധിച്ചില്ല. തേയില തോട്ടങ്ങളില്‍ നിന്നു ഫോട്ടോസ് എടുത്തു മടങ്ങി. മനസ്സില്‍ ആകെ നിരാശയായിരുന്നു. മൂന്നാറിന്‍റെ വശ്യ ഭംഗി ഇതൊന്നും ആയിരുന്നില്ലെന്ന് എനിക്കു അറിയാമായിരുന്നു. ഇനി ഒന്നു കൂടെ വരും എന്ന് മനസ്സില്‍ പറഞ്ഞാണ് അന്ന് മൂന്നാറിനോട് വിടപറഞ്ഞത് പറഞ്ഞത്

ആദ്യ യാത്രകഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനു മുമ്പു തന്നെ വീണ്ടു മൂന്നാറിലേക്ക് യാത്ര പോകാം പറ്റി എന്നതാണ് ഏറ്റവും രസകരമായ മറ്റൊരു വസ്തുത. കഴിഞ്ഞ ഏപ്രില്‍ 24 ന് വൈകീട്ട് മൂന്നാറിലേക്ക് യാത്ര തിരിച്ചു. യാത്ര രസകരമാകണമെങ്കില്‍ നല്ല കമ്പനിവേണം. സുഹൃത്തുക്കളോടും ബന്ധുക്കളോടും ട്രിപ്പിനു കൂടുന്നതിനെ കുറിച്ചു ചോദിച്ചെങ്കിലും പെട്ടന്നുള്ള യാത്രയായതിനാല്‍ എല്ലാവരും അസൗകര്യം പറഞ്ഞു


എറണാകുളം തൃപ്പൂണിത്തുറ വഴിയുള്ള റൂട്ടാണ് യാത്രക്കായി തെരഞ്ഞെടുത്തത്. റൂട്ടിനെ കുറിച്ച് ഞങ്ങള്‍ക്കു യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് നിരവധി തവണ മൂന്നാറിലേക്ക് യാത്ര പോയിട്ടുണ്ട്. റൂട്ടിനെ കുറിച്ച് ചില സംശയങ്ങള്‍ വരുമ്പോള്‍ ദൂരൂകരിക്കാന്‍ ഗൂഗിള്‍ മാപ്പുണ്ടല്ലോ.. സിറ്റിയുടെ തിരക്കില്‍ നിന്നും വിട്ടുമാറി പ്രകൃതിയുടെ ചാരുതയിലേക്ക് ഞങ്ങളുടെ വാഹനം ദ്രുതഗതിയില്‍ ഓടിക്കൊണ്ടിരുന്നു.

പ്രകൃതിയുടെ വരദാനമായ ഇടുക്കിജില്ലയിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. റോഡിന്‍റെ ഇരു വശങ്ങളിലുളള പച്ചപ്പ് തന്നെ മനസ്സ് നിറയക്കുന്നതായിരുന്നു. ഇടതൂര്‍ന്ന മരങ്ങളും അതില്‍ ആലോലമാടുന്ന അണ്ണാറകണ്ണനും പക്ഷികളുടെ കളകളാരവും ഒക്കെ തന്നെ നമ്മെ മറ്റൊരു ലോകത്തെത്തിക്കും. ഒരു കട്ടനും ഊതി കുടിച്ച് ഇത്തിരി നേരം ഭംഗിയില്‍ അലിഞ്ഞുചേരണം എന്ന് തോന്നി. ഇതൊക്കെ എന്ത് ഇനി കാഴ്ചയുടെ പൂരം വരാനിരിക്കുന്നതോയുള്ളു ഇനിയും കിലോ മീറ്ററുകള്‍ സഞ്ചാരിച്ചാല്‍ മാത്രമേ മൂന്നാര്‍ എത്തുകയുള്ളു. ഇരുട്ടു വീഴുന്നതിന് മുമ്പ് അങ്ങെത്തണണം. ഇത്തിരി നേരത്തെ അശ്രദ്ധ മതി എല്ലാം അവസാനിക്കുവാന്‍ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാലും ആദ്യം കണ്ട മാടകടയില്‍ അദ്ദേഹം വണ്ടി നിര്‍ത്തി ഞങ്ങള്‍ കട്ടന്‍ ചായ കുടിച്ചു. എത്ര സുഖകരമായ കാലാവസ്ഥ ചെറിയ തണുപ്പും ഉണ്ട്.
വീണ്ടും യാത്ര ആരംഭിച്ചു.

മഞ്ഞിന്‍റെ കുളിരും മലനിരകളെ തഴുകി വരുന്ന മന്ദമാരുതനും ഭൂപ്രകൃതിയുടെ സ്വച്ഛന്ദമായ കാലാവസ്ഥയും പച്ച പുതപ്പിട്ട പ്രകൃതിയും ഒക്കെ ഇടുക്കി ജില്ലയുടെ മാത്രം പ്രത്യേകതയാണ്. നേര്യമംഗലം പാലവും കടന്ന് മൂന്നാറിന്‍റെ വശ്യതയിലേക്ക് എത്തി. ചുറ്റുമുള്ള മനോഹരങ്ങളായ കാഴ്ചകള്‍ മനസ്സ് നിറയ്ക്കുന്നതായിരുന്നു. വരള്‍ച്ച മൂന്നാറിനേയും ബാധിച്ചു എന്നത് എന്‍റെ മനസ്സിന് മുറിവേല്‍പ്പിച്ചു. മലനിരകളെ കീറി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ പശ്ചിമഘട്ട മലനിരയുടെ വെള്ളി അരഞ്ഞാണം പോലെയാണ് കഴിഞ്ഞ തവണവന്നപ്പോള്‍ എനിക്ക് തോന്നിയത്.


പശ്ചിമഘട്ട മലനിരകളും കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടങ്ങളും മൂന്നാറിന്‍റെ മനോഹാരിതയക്കു മാറ്റുകൂട്ടുന്നു. പ്രകൃതിയുടെ മനോഹരമായ കാഴ്ചയ്ക്ക് മങ്ങലേല്‍പ്പിച്ചു തുടങ്ങിയിരുന്നു. വൈകീട്ട് ഏഴുമണിയോടെ കൂടി ഞങ്ങള്‍ മൂന്നാറിലേക്ക് എത്തിച്ചേര്‍ന്നു. യാത്രക്ഷീണം കാരണം അന്ന് ഇനി യാത്രവേണ്ടെന്ന് തീരുമാനിച്ചതാണ്. എന്നാല്‍ റോഡ് വക്കില്‍ സ്ഥാപിച്ചിരുന്ന ഫ്ളവര്‍ ഷോയുടെ നോട്ടീസില്‍ഞങ്ങളുടെ കണ്ണുടക്കി. തങ്ങേണ്ട ഹോട്ടല്‍ കണ്ടുപിടിച്ച് റൂമില്‍ ലഗേജുകള്‍ വച്ച് ഒന്നു ഫ്രഷായതിന് ശേഷം ഞങ്ങള്‍ ഫളവര്‍ ഷോ കാണുവാന്‍ ഇറങ്ങി പുറപ്പെട്ടു

മൂന്നാര്‍ ഫളവര്‍ ഷോ


രാത്രിയായതു കൊണ്ടുതന്നെ പൂക്കളുടെ സൗന്ദര്യം ആസ്വദിക്കുവാന്‍ പറ്റുമെന്ന് ഞങ്ങള്‍ക്ക് ഒരു ഉറപ്പും ഉണ്ടായിരുന്നില്ല. ഫളവര്‍ ഷോ നടക്കുന്നത് മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിലാണ്. ഷോ കാണാനെത്തിയവരുടെ വാഹനങ്ങള്‍ കൊണ്ട് പാര്‍ക്കിംഗ് ഗ്രൗണ്ട് നിറഞ്ഞിരുന്നു. വണ്ടി പാര്‍ക്കു ചെയ്തതിന് ശേഷം പ്രവേശന കൂപ്പണ്‍ എടുത്ത് പാര്‍ക്കിലേക്ക് നടന്നു. ടൂറിസ്റ്റുകളായിരുന്നു ഷോ കാണാനെത്തിയവരില്‍ ഭൂരിഭാഗവും. റോസും, ജമന്തിയും, ആസ്റ്ററും
എന്നു വേണ്ട ലോകെത്തിന്‍റെ മുക്കിലും കോണിലുള്ള എല്ലാ പുഷ്പങ്ങളും പുഷ്പമേളയ്ക്ക് മാറ്റുകൂട്ടി. ചിരിച്ചു ഉല്ലസിച്ച മലനിരകളെ തഴുകി വരുന്ന മന്ദമാരുതനാല്‍ ആലോലമാടുന്ന പുഷ്പറാണിമാര്‍ കണ്ണിന് കുളിരേകുന്ന കാഴ്ചയാണ്. അതിന്‍റെയൊപ്പം നാടന്‍പാട്ടിന്‍റെ ഈരടികള്‍ കൂടിയായപ്പോള്‍ സവിശേഷ അനുഭൂതിയിലാണ് ഞങ്ങളെ കൊണ്ടെത്തിച്ചത്. അതു വരെയുണ്ടായിരുന്ന യാത്ര ക്ഷീണം എങ്ങോ പോയ് മറഞ്ഞു. തണുപ്പ് കുറെശ്ശെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. പൂക്കളുടെ അടുത്ത് നിന്ന് സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനും ചിലര്‍ തിരക്കു കൂട്ടുന്നുണ്ടായിരുന്നു. ഞങ്ങളുടെ ക്യാമറയും പുഷ്പമേളയുടെ സൗന്ദര്യം ഒപ്പിയെടുത്തു


ഫുഡ് സ്റ്റാളുകളും എക്സിബിഷനുകളും ഷോ കാണാനെത്തുന്ന സന്ദര്‍ശകരെ ഉദ്ദേശിച്ച് സംഘാടകര്‍ ഒരുക്കിയിരുന്നു. മേളയുടെ കാഴ്ചകളൊക്കെ പിന്നിട്ട് ഞങ്ങള്‍ നാടന്‍ പാട്ടു നടക്കുന്നിടത്തേക്ക് എത്തി. താളം മുറുന്നുണ്ട് അയ്യയ്യോ മേളം കൊഴുക്കുന്നുണ്ട്’ എന്ന പാട്ടിന്‍റെ ഈരടിയാണ് ഞങ്ങള്‍ ആദ്യം കേട്ടത്. നാടന്‍പാട്ടു കലാകാരന്‍മാര്‍ പാട്ടു പാടി സദസ്സ്യരുടെ മനം കവര്‍ന്നെടുത്തതിന് തെളിവാണ് ഓരോ പാട്ടും കഴിയുമ്പോളുള്ള നിലക്കാത്ത കരഘോഷം. കലാപരിപാടി അവസാനിക്കുന്നതുവരെ ഇരിക്കണമെന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും കാഴ്ചയുടെ വിരുന്നൊരുക്കി മൂന്നാര്‍ ഞങ്ങള്‍ക്കായി കാത്തിരിപ്പുണ്ടെന്ന ഓര്‍മ്മ അവിടം വിട്ടുപോരാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു.

കൊളുക്കുമല


ഞങ്ങള്‍ പുലര്‍ച്ചെ തന്നെ കുളിച്ചു ഫ്രഷായി കൊളുക്കുമലയിലേക്ക്
യാത്ര പുറപ്പെട്ടു. അങ്ങോട്ടേക്കുള്ള റൂട്ടിനെ കുറിച്ച് ഒരു ഊഹവും ഉണ്ടായിരുന്നില്ല. ഗൂഗിള്‍ മാപ്പിന്‍റെ സഹായം തേടി. മാപ്പില്‍ കാണിച്ച വഴിയിലൂടെ ഞങ്ങളുടെ വാഹനം പൊയ്ക്കൊണ്ടേയിരുന്നു. കോടമഞ്ഞും ചുവപ്പ് രാശി കലര്‍ന്ന സൂര്യകിരണങ്ങളും മൂന്നാറിന്‍റെ വശ്യഭംഗി പതിന്‍മടങ്ങാക്കി തീര്‍ത്തു. മലനിരകളിലെവിടെ നിന്നോ വെള്ളച്ചാട്ടങ്ങളുടെ സില്‍ക്കാര ശബ്ദം കേള്‍ക്കാമായിരുന്നു. തേയിലമലകളുടെ ഇടയിലൂടെ ഒഴുകി നീങ്ങുന്ന കോടമഞ്ഞുകണ്ടപ്പോള്‍ ഭൂമിയിലെ സ്വര്‍ഗം ഇവിടെയായിരിക്കുമെന്ന് തോന്നിപോകും


മലയില്‍ കള്ളന്‍ ഗുഹ എന്ന ബോര്‍ഡ് ഞങ്ങളുടെ കണ്ണില്‍ പെട്ടു. മറ്റെല്ലാ യാത്രികരെപോലെയും ഞങ്ങളും അവിടെയിറങ്ങി. പണ്ടൊരു കള്ളന്‍ കളവ് മുതല്‍ സൂക്ഷിച്ചിരുന്നത് അവിടെയാണത്രേ. അത്തരമൊരു ഗുഹ ആരുടേയും കണ്ണില്‍ പെട്ടന്ന് പെടില്ല. അതുകൊണ്ടാവണം തസ്കര വീരന്‍ തന്‍റെ കളവു മുതല്‍ അവിടെ സൂക്ഷിച്ചിരുന്നത്. ഗുഹയിലേക്ക് കയറാന്‍ പടവുകളുണ്ട്. ഞങ്ങളും ഗുഹയില്‍ കയറി നോക്കി. നരിച്ചീറകളും ആറ്റകിളികളുമാണ് ഇപ്പോളവിടെവാസിക്കുന്നത്. വീണ്ടും കൊളുക്കുമലയിലേക്ക്. ഹാരിസണ്‍മലയാളം ടി എസ്റ്റേറ്റിന് സമീപമുള്ള റോഡാണ് ഗൂഗിള്‍ മാപ്പില്‍ കാണിച്ചത്. കൂറെ ദൂരം യാത്ര പിന്നിട്ടപ്പോള്‍ മനസ്സിലായി ഇനിയുള്ള യാത്ര ദുഷ്കരമാണെന്ന്. എന്നാലും ഞങ്ങള്‍ മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു. കുറെ ദൂരം ആയപ്പോള്‍ തേയിത്തോട്ടത്തിലൂടെയുള്ള വഴിയാണ്. ഉരുളന്‍ പാറകല്ലുകള്‍ നിറഞ്ഞ ഊടു വഴി അതിലൂടെ നടന്നു പോകുന്നതു വളരെ പ്രയാസകരം. എന്തു ചെയ്യുമെന്ന് ഞങ്ങള്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അതു വഴി വന്ന ജീപ്പുകാരനോട് തിരക്കിയപ്പോള്‍ അത് കൊളുക്കുമലയിലേക്കുള്ള വഴി തന്നെയാണ് എന്നാല്‍ ജീപ്പില്‍ പോകുന്നത് തന്നെ പ്രയാസം. ഞങ്ങളുടെ മുഖത്തെ നിരാശ കണ്ടിട്ടാവണം അയാള്‍ പറഞ്ഞു ഞാന്‍ കൊണ്ടു പോകാം. 1200 രൂപ കൊടുക്കണമെന്ന്. ഞങ്ങള്‍ സമ്മതിച്ചു. വണ്ടി സുരക്ഷിതമായിടത്ത് പാര്‍ക്കു ചെയ്തതിന് ശേഷം കൊളുക്കു മലൈയിലേക്ക് യാത്രതിരിച്ചു. റൂട്ട് കണ്ടപ്പോള്‍ തന്നെ മനസ്സിലായി യാത്ര ദുഷ്കരമാണെന്ന് വളരെ പെട്ടന്ന് ജീപ്പിന്‍റെ ഡ്രൈവറുമായി സൗഹൃദത്തിലായി. ഡ്രൈവറുടെ പേര് രാജു. പുള്ളി അത്ര ചില്ലറക്കാരനൊന്നുമല്ലകേട്ടോ ആംഗലേയ സാഹിത്യത്തില്‍ ബിരുദാന്തരബിരുദവും നെറ്റും കക്ഷി എടുത്തിട്ടുണ്ട്. ഡ്രൈവിംഗ് പാഷന്‍ ആയതുകൊണ്ട് ഈ ജോലീ സ്വീകരിച്ചു. കൊളുക്കുമലയുടെ താഴെ ഹാരിസണ്‍ ഗ്രൂപ്പിന്‍റെ തേയിലത്തോട്ടമാണ്.


ഇവിടുത്തെ തേയിലച്ചെടികള്‍ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 1800ലാണ് ഇവിടെ ടീ പ്ലാന്‍റേഷന്‍ നടന്നതെന്ന രാജുവിന്‍റെ വാക്കുകള്‍ കേട്ട് എനിക്ക് അത്ഭുതം തോന്നി. എത്ര തലമുറകള്‍ കണ്ട തേയിലച്ചെടികളാണ് ഇവ. കൊളുന്ത് നുള്ളുന്ന സ്ത്രീകളെ വഴിവക്കിലെ തോട്ടങ്ങളില്‍ ഞങ്ങള്‍ കണ്ടു.തേയിലനാമ്പുകളെ തഴുകി വരുന്ന കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയ്ക്കേണ്ടയിരുന്നു.
മൂന്നാറില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ ദൂരം ഉണ്ട് ഇവിടെയെത്താന്‍.സമുദ്രനിരപ്പില്‍ നിന്ന് 7130 അടി മേലെയാണ് കൊളുക്കുമല ടീ എസ്റ്റേറ്റ്. ലോകത്തിലെ തന്നെ ഏറ്റവും ഉയരും കൂടിയ തേയിലത്തോട്ടം എന്ന പ്രത്യേകതയും ഇതിനുണ്ട്. തമിഴുനാട്ടിലെ തേനി ഡിസ്ട്രിക്റ്റിലാണ് കൊളുക്കുമല

ചെക്ക് പോസ്റ്റില്‍ നിന്ന് പാസ്സെടുത്ത് ഞങ്ങള്‍ യാത്ര തിരിച്ചു.ആദ്യ ബെന്‍ഡ് എത്തിയപ്പോള്‍ എനിക്ക് ചെറിയ അസ്വസ്ഥതകള്‍ തോന്നി. റോഡെന്ന് പറയാന്‍ പറ്റില്ല. ഉരുളന്‍ പാറകല്ലു നിറഞ്ഞ പാത.ഇനി 9 ബെന്‍ഡുകള്‍ കടന്നാല്‍ മാത്രമേ ഞങ്ങള്‍ക്കു കൊളുക്കുമലയിലേക്ക് എത്താന്‍ പറ്റു. 11 മണിയോടു കൂടി ഞങ്ങള്‍ കൊളുക്കുമലൈയില്‍ എത്തി. ഞങ്ങള്‍ കൊളുമലൈ സൂയിസൈഡ് പോയിന്‍റില്‍ ലേക്ക് പോയി. ഇരു സൈഡിലും വ്യു പോയിന്‍റ് ഉണ്ടെന്നതാണ് ഇവിടുത്തെ പ്രത്യേകത. അവിടെ നിന്നു നോക്കിയാല്‍ മൂന്നാര്‍ ടോപ് സ്റ്റേഷനും മീശപ്പുലിമലയും കാണാം.


പിന്നെ ഞങ്ങള്‍ പോയത് കൊളുക്കുമല ടീ ഫാക്ടറിയിലേക്കാണ്. പരമ്പരാഗതമായ രീതിയിലാണ് തേയിലപ്പൊടി അവിടെ നിര്‍മ്മിക്കുന്നത്. 100 രൂപ പ്രവേശന ഫീസ് കൊടുത്തു ടീ ഫാക്ടറിയില്‍ ഞങ്ങള്‍ എത്തി. തേയില നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ ജീവനക്കാര്‍ ഞങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. ഉച്ചയ്ക്കു ഒന്നരയോടു കൂടി ഞങ്ങള്‍ കൊളുക്കുമലയോട്ബൈ പറഞ്ഞു. മീശപ്പുലി മലയില്‍ പോകാന്‍ പറ്റാത്തത് ഞങ്ങള്‍ക്ക് ചെറിയ നിരാശ സമ്മാനിച്ചു. രാജുവിനോട് നന്ദി പറഞ്ഞ് ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങള്‍ ടോപ് സ്റ്റേഷനിലേക്ക് യാത്രതിരിച്ചു

ടോപ്സ്റ്റേഷന്‍


കൊടൈക്കനാല്‍ റൂട്ടിലൂടെയാണ് ടോപ്സ്റ്റേഷനിലേക്ക് പോകേണ്ടത്. മൂന്നാറില്‍ നിന്ന് 36 കിലോമീറ്റര്‍ പോയാല്‍ ടോപ്സ്റ്റേഷനില്‍ എത്താം. എക്കോസ്റ്റേഷനില്‍ തിരികെ വരുമ്പോള്‍ ഇറങ്ങാമെന്ന് ഞങ്ങള്‍ കരുതി. സമുദ്രനിരപ്പില്‍ നിന്ന് 1700 അടി മേലെയാണ് ടോപ്സ്റ്റഷന്‍. അവിടെ നിന്നാല്‍ പശ്ചിഘട്ടത്തിന്‍റെ ഭംഗി മഴുവനും നുകരാം. കൊളുക്കുമലയുടെ ടീ ഫാക്ടറിയുടെ വിദൂരദൃശ്യവും അവിടെ നിന്നും കണ്ടത് ഞങ്ങളെ അമ്പരപ്പിച്ച് കളഞ്ഞു. അത്രയും ഉയരത്തിലാണല്ലോ രാവിലെ പോയത് എന്ന് ഓര്‍ത്തപ്പോള്‍ ആശ്ചര്യം തോന്നി. അവിടെ നിന്ന് അസ്തമയവും ആസ്വദിച്ചു. എന്നാല്‍ സന്ദര്‍ശകര്‍ക്ക് അനുവദിച്ചിട്ടുള്ള സമയം തീര്‍ന്നതിനാല്‍ ഞങ്ങള്‍ക്ക് അവിടെ നിന്നും തിരികെ പോരേണ്ടി വന്നു.ടോപ്സ്റ്റേഷനില്‍ നിന്നും തിരിച്ചു പോരും വഴി മനുഷ്യന്‍റെ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റവും അവിടെകണ്ടു. മരങ്ങള്‍ മുറിച്ചു വരും തലമുറയ്ക്ക് പ്രകൃതിയുടെ വശ്യഭംഗി അന്യമാണെന്നോര്‍ത്തപ്പോള്‍ വേദനതോന്നി
ഇരുട്ടു വീഴാന്‍ തുടങ്ങിയിരുന്നു. ആനയിറങ്ങുന്ന വഴിയാണെന്ന സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ കണ്ടപ്പോള്‍നേരിയ ഭയവും അനുഭവപ്പെട്ടു.

എക്കോസറ്റേഷനില്‍ വളരെ ഇരുട്ടിയിട്ടാണ് ഞങ്ങള്‍ എത്തിയത്. കുറച്ചു നേരം അവിടെ ചെലവഴിച്ച ശേഷം ഞങ്ങള്‍ തിരികെ പോന്നു. രാത്രി ഭക്ഷണത്തിന് ശേഷം റൂമിലെത്തിയ ഞങ്ങള്‍ ഫ്രഷായി വേഗം ഉറങ്ങാന്‍ കിടന്നു. രാവിലെ മുതല്‍ക്കുള്ള യാത്ര അത്രയേറെ തളര്‍ത്തിയിരുന്നു

രാമയ്ക്കല്‍ മേട്


നേരം നന്നേ പുലര്‍ന്നതിന് ശേഷമാണ് ഞങ്ങള്‍ ഉറക്കത്തില്‍ നിന്ന് എണീറ്റത്. റൂം വൊക്കേറ്റ് ചെയതിന് ശേഷം ഞങ്ങള്‍ മൂന്നാറില്‍ നിന്നും യാത്രതിരിച്ചു. രാമയ്ക്കല്‍മേടില്‍ പോണമെന്നുള്ളത് പെട്ടെന്നുള്ള തീരുമാനമായിരുന്നു. ഗൂഗിള്‍മാപ്പ് നോക്കിയും തദ്ദേശിയരോട് വഴി ചോദിച്ചും ഞങ്ങള്‍ യാത്ര തുടങ്ങി രാജാക്കാടു വഴിയാണ് ഞങ്ങള്‍ രാമയ്ക്കല്‍ മേട്ടിലേക്കു പോയത്. ഗൂഗിള്‍ മാപ്പ് ഞങ്ങളെ വീണ്ടും ചതിച്ചു. ട്രക്കിംഗിന് പോകുന്ന വഴിയാണ് മാപ്പ് ഞങ്ങള്‍ക്കു കാണിച്ചു തന്നത്. ഞങ്ങളെ കൊണ്ടെത്തിച്ചതാകട്ടെ അഗാധമായ കൊക്കയുടെ അരികിലും. ഇടുക്കി പൊന്‍മുടി ഡാമിന്‍റെ വീദൂരദൃശ്യം തദ്ദേശവാസികള്‍ കാണിച്ചു തന്നു
അവിടെ നിന്ന് വീണ്ടും രാമയ്ക്കല്‍ മേട്ടിലേയക്ക്. വളരെ അകലെ നിന്ന് രാമയ്ക്കല്‍ മേടിലെ കുറവനേയും കുറത്തിയേയും ഞങ്ങള്‍ കണ്ടു. ത്രേതായുഗകാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്‍റെ യാത്രാമധ്യേ ഈ മേടില്‍ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്‍റെ പാദങ്ങള്‍ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കല്‍മേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ ‘കല്ലുമ്മേല്‍ കല്ലു’മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവന്‍മാര്‍ ഇവിടെ വന്നപ്പോള്‍, ദ്രൗപതിക്ക് മുറുക്കാന്‍ ഇടിച്ചു കൊടുക്കാന്‍ ഭീമസേനന്‍ ഉപയോഗിച്ചതാണ് ആ കല്ല് എന്നാണ് പഴമൊഴി.


കേരളതമിഴ്നാട് അതിര്‍ത്തിയില്‍, സമുദ്രനിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തിലാണ് രാമക്കല്‍മേട്. നിലയ്ക്കാത്ത കാറ്റിനാല്‍ സമ്പന്നമാണ് ഇവിടം. ഇന്ത്യയിലേറ്റവുമധികം കാറ്റു വീശുന്ന ഒരു സ്ഥലവുമാണിത്, കൂടാതെ മണിക്കൂറില്‍ ശരാശരി 32.5 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാറുണ്ട്. ചിലയവസരങ്ങളില്‍ അത് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെയാകും. കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന വിന്‍ഡ് എനര്‍ജി ഫാമിന്‍റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മ്മിച്ച കുറവന്‍, കുറത്തി പ്രതിമകളും ഇവിടെ ഉണ്ട്. ഇവിടെ നിന്നും നോക്കിയാല്‍ തമിഴ്നാടിന്‍റെ ദൂരകാഴ്ചകളും, കൃഷിയിടങ്ങളും കാണാം. ചുട്ടു പൊള്ളുന്ന വെയില്‍ അവിടുത്ത മനോഹരകാഴ്ചയ്ക്ക് തിരശ്ശിയിട്ടു.
ശബരിമല കാടുകള്‍ ഇവിടുന്നു കാണാവുന്നതാണ്. വിശാലമായ ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ നിന്നു നോക്കുമ്പോള്‍ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകള്‍ കാണുവാന്‍ കഴിയും. മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകള്‍ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണ്.

കൃഷ്ണ അര്‍ജുന്‍

Leave a Reply

Your email address will not be published. Required fields are marked *