കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ ജീവിതകഥ സിനിമയാകുന്നു
കർണാടകയിൽ ഫിസിക്കൽ എജുക്കേഷൻ അധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ദേശീയ പുരസ്കാര ജേതാവായ രാജേഷ് ടച്ച്റിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “സയനെെഡ് “.
മികച്ച നടിക്കുള്ള ദേശീയ ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണി,
കേസ് അന്വേഷിക്കുന്ന ഐജി റാങ്കിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഓഫീസ്സറായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത്.
രാജേഷ് ടച്ച്റിവറിന്റെ ആദ്യ സംവിധാന സംരംഭമായ, ഏറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ബ്രിട്ടീഷ് ചിത്രം ” ഇൻ ദ നെയിം ഓഫ് ബുദ്ധ”, പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ‘പട്നാഗർ’ എന്നീ ചിത്രങ്ങൾക്കുശേഷം രാജേഷ് ടച്ച്റിവറിനൊപ്പം മറ്റൊരു നിർണ്ണായക കഥാപാത്രത്തെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ ഷിജു അവതരിപ്പിക്കുന്നു.
തെലുങ്ക് നടനും സംവിധായകനുമായ തനികെല ഭരണി തമിഴ് നടൻ ശ്രീമൻ മലയാളത്തിൽ നിന്നും യുവതാരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദൻ, ഷാജു ഹിന്ദിയിൽ നിന്നും ചിത്തരഞ്ജൻ ഗിരി, രാംഗോപാൽ ബജാജ്, സമീർ തുടങ്ങിയ പ്രമുഖരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോടതി അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിരീക്ഷിച്ച സയനൈഡ് മോഹന്റെ കഥ സയനൈഡ് എന്ന പേരിൽ ഒരു കുറ്റാന്വേഷണചിത്രമായാണ് രാജേഷ് ടച്ച്റിവർ വെള്ളിത്തിരയിലെത്തിക്കുന്നത്.
കർണാടകയിലെ വിവിധ ഇടങ്ങളിൽ നിന്നും യുവതികളെ പ്രണയം നടിച്ച് ഹോട്ടൽ മുറികളിലെത്തിച്ച് ഒരു രാത്രി ഒന്നിച്ച് ചെലവിട്ട ശേഷം ഗർഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് ചേർത്ത ഗുളിക നൽകി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളയുന്നതായിരുന്നു മോഹന്റെ രീതി. ഇരുപതോളം യുവതികളെ ഇത്തരത്തിൽ വധിച്ച ഇയാൾക്കെതിരെ വിവിധ കേസുകളിൽ കോടതി ആറു വധശിക്ഷയും പതിനാല് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഈ യഥാർത്ഥ സംഭവമാണ് രാജേഷ് ടച്ച്റിവർ സിനിമയിൽ ആവിഷ്കരിക്കുന്നത്.
പ്രവാസി വ്യവസായിയായ പ്രദീപ് നാരായണന് മിഡിൽ ഈസ്റ്റ് സിനിമയുടെ ബാനറിൽ സയനൈഡ് നിർമ്മിക്കുന്നു. ഒരേസമയം ഹിന്ദി, തെലുഗു, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിൽ ചിത്രീകരിക്കുന്ന ഈ ബൃഹദ്സിനിമയിൽ അഞ്ച് ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു.
രാജേഷ് ടച്ച്റിവർ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന സയനൈഡിന്റെ മലയാളം പതിപ്പിന്റെ സംഭാഷണങ്ങൾ സംവിധായകൻ രാജേഷ് ടച്ച്റിവറും ലെനൻ ഗോപിയും ചേർന്ന് എഴുതുന്നു. തെലുഗു തമിഴ് പതിപ്പുകളിൽ യഥാക്രമം രവി പുന്നം, രാജാ ചന്ദ്രശേഖർ എന്നിവരാണ് സംഭാഷണം രചിച്ചിരിക്കുന്നത്. വിശ്വരൂപം, ഉത്തമവില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ കമൽഹാസനൊപ്പം പ്രവർത്തിച്ച സാദത് സൈനുദ്ദീന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.
പദ്മശ്രീ അവാർഡ് ജേതാവായ ഡോ സുനിതകൃഷ്ണനാണ്
സംഭവകഥ സിനിമയാക്കുന്ന കാര്യങ്ങളുടെ ഉപദേശക. അന്താരാഷ്ട്ര പുരസ്കാരജേതാവായ ബോളിവുഡ് സംഗീതസംവിധായകൻ ജോർജ്ജ് ജോസഫ് സംഗീതം പകരുന്നു.
ഒട്ടനവധി ഹിന്ദി, തമിഴ്, തെലുഗു, കന്നട ചിത്രങ്ങളുടെ എഡിറ്ററും എംജിആർ – ശിവാജി അവാർഡ് ജേതാവും മലയാളിയുമായ ശശികുമാർ എഡിറ്റിംങ് നിർവഹിക്കുന്നു.കല- ഗോകുൽദാസ്, മേക്കപ്പ്- എൻ. ജി റോഷൻ, ശബ്ദ സന്നിവേശം-അജിത അബ്രഹാം ജോർജ്ജ്,വസ്ത്രാലങ്കാരം- കുമാർ എടപ്പാള്‍.
ജനുവരിയിൽ ഷൂട്ടിംഗ് ആരംഭിക്കും. മംഗളൂരു, കുടക്, മടിക്കേരി, ഗോവ, ഹൈദരാബാദ്, കാസർക്കോട് എന്നിവിടയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ