ചിരിക്കാനും ചിന്തിപ്പിക്കാനും ‘ക്യാൻസർ വാർഡിലെ ചിരി ‘
കൊച്ചി എയർപോർട്ടിൽ നിന്നും വിമാനം തിരക്കേറിയ കുവൈറ്റ് എയർപോർട്ടിൽ ലാൻഡ് ചെയ്തു .പിന്നീട് ഗേറ്റ് നമ്പർ അഞ്ചിൽ എത്തുമ്പോൾ യാത്രക്കാർ നന്നേ കുറവായിരുന്നു .ഒഴിഞ്ഞ കോണിൽ കിടന്ന കസേരയിൽ ഇരുപ്പുറപ്പിച്ചു കൊണ്ട് അരികിൽ പുൾ ട്രാവൽ ബാഗ് പ്രതിഷ്ഠിച്ചു .ഇനിയുള്ള അഞ്ചു മണിക്കൂർ ന്യൂയോർക്കിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിനുള്ള കാത്തിരുപ്പാണ് .കൊഴിഞ്ഞുപോയത് അത്രയും മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ ചേർന്ന സന്തോഷത്തിന്റെ ദിനങ്ങൾ ആണെങ്കിലും ഈ അഞ്ചു മണിക്കൂർ ഒറ്റക്കിരുന്നു വായിൽ നോക്കണമല്ലോ എന്നോർത്ത് ഞാൻ വിഷാദ ചിത്തയായിരിക്കുമ്പോൾ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ എന്നെ ദൂരത്തിരുന്നു നിരീക്ഷിക്കുന്ന കണവന്റെ വിളിയെത്തി.
അടുത്തിരുന്നാൽ അടിയാണ് രണ്ടും എങ്കിലും ഇങ്ങനെയാണ് ഈ ഒരു ബന്ധം . വിമാനത്തിലൂടെ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഭാര്യ അടുത്തെത്തും വരെയുള്ള ഒരു ആകുലത ആ സംഭാഷണത്തിൽ . അടുത്ത അഞ്ചു മണിക്കൂർ സഹധർമിണി കണക്ഷൻ ഫ്ലൈറ്റിനു കാത്തിരിക്കേണ്ടതിനാൽ എന്ത് ചെയ്യും എന്ന് അദ്ദേഹം ചോദിക്കുമ്പോൾ ബാഗിൽ കരുതിയ ഒരു പുസ്തകം പിടിച്ചു ഞാൻ ചിരിച്ചു .പുറം ചട്ടയിൽ ഷീണിതനാണെങ്കിലും ചിരിമായാത്ത ഇഷ്ട താരത്തെ കണ്ടു കണവനും ചിരി .പിന്നെ “എങ്കിൽ ആട്ടെ” എന്ന് പറഞ്ഞു ഫോൺ കട്ട് ആയി .
അശോകൻ ചരുവിൽ ,മോഹൻലാൽ ,ശ്രീകാന്ത് കോട്ടക്കൽ തുടങ്ങിയവരുടെ അനുബന്ധവും ഒക്കെ കൂട്ടിയാലും കേവലം നൂറ്റി ഇരുപത്തിയേഴു പേജുകളെ പുസ്തകത്തിന് ഉള്ളു എന്നത് എനിക്കനുഗ്രഹമായി . എന്തായാലും ജീവിതത്തെ സ്നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് എന്റെ എയർപോർട്ട് ഏകാന്തതക്ക് ഈ പുസ്തകം മരുന്നാകും എന്ന പ്രതീക്ഷയോടെ ആണ് ഞാനാ കൃതിയിലേക്കു കടന്നത് .
മരണത്തെ മുഖാമുഖം കണ്ടു വിഷാദചിത്തനാകുന്ന രോഗിയെ പൂർവ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ ബുദ്ധിമാനും സ്നേഹനിധിയുമായ ഡോക്ടറുടെ ഉപദേശമായിരുന്നു രോഗിയെ കൊണ്ട് രോഗചിന്തകളെ അകറ്റാൻ തക്ക എന്തെങ്കിലും ചെയ്യിക്കുക എന്നത് .അങ്ങനെ അയാൾ വേദനയുടെ പടവിൽ ഇരുന്നു തന്നെ അള്ളിപിടിച്ച മഹാരോഗത്തെ തനിക്കു സ്വതസിദ്ധമായ ഫലിതങ്ങളിലൂടെ ചിരിക്കാൻ പഠിപ്പിക്കുന്നു .സ്വയം ചിരിക്കുന്നു . ചിരി പഠിച്ച അസുഖം വന്ന കാര്യം മറന്നു എവിടേക്കോ തിരിച്ചു പോകുന്നു ….അതാണ് ആ പുസ്തകം …..”ക്യാൻസർ വാർഡിലെ ചിരി “
ഏതാണ്ട് ഒന്നര വർഷക്കാലത്തെ മഹാനടൻ ഇന്നസെന്റിന്റെ അനുഭവങ്ങളാണ് പുസ്തകം നമ്മോടു പറയുന്നത് .ജീവിതം കാത്തു നിൽക്കുമ്പോൾ നമുക്ക് മരിക്കാൻ ആവില്ല എന്ന് പറയുന്ന നടൻ സമർത്ഥനായ ഡോക്ടർ ഗംഗാധരന്റെ ചികിത്സയും ചിരിമരുന്നെന്ന സ്വയം ചികിത്സയും കൊണ്ട് പൂർണ ആരോഗ്യവാനാകുകയും എന്നാൽ അന്നേ ദിവസം തന്നെ തന്റെ സഹധർമിണിയുടെ അസുഖമറിഞ്ഞു വിങ്ങുന്നതും പുസ്തകം തുറന്നു കാട്ടുന്നു .. അവിടെ ആണ് ഇന്നച്ചൻ എന്ന ഭർത്താവിന്റെ സ്നേഹം നാം മനസ്സിലാക്കുന്നതും . സങ്കടങ്ങൾ ഉള്ളിലൊതുക്കി ഭാര്യയെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ഹാസ്യ നടൻ പറയുന്നു ” ആലീസേ ഇനി രോഗം പകരും എന്നാശങ്കയോ മാമ്മോഗ്രാം ചെയ്ത പൈസ നഷ്ടമായെന്നുള്ള ചിന്തയോ നിനക്ക് വേണ്ട ,നമ്മുടേത് ഒരു സന്തുഷ്ട ക്യാൻസർ കുടുംബമെന്ന്”
രോഗം മറ്റുള്ളവർക്കുമാത്രം എന്ന ചിന്തയോടെ ആണ് പലപ്പോഴും നാം ജീവിക്കുന്നത് .ഇന്നസെന്റും അതിൽ നിന്ന് വ്യത്യസ്തൻ അല്ലായിരുന്നു അങ്ങനെ ക്യാൻസറും ചിരിയുമായി ബന്ധമില്ലാത്ത നേരത്താണ് അദ്ദേഹം യാദൃശ്ചികമായി ആൽഫാ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പേട്രൺ ആയി ഉപരോധിക്കപെടുന്നത്.
അങ്ങനെയിരിക്കെ ഒരുനാൾ നാവിന്റെ തുമ്പിൽ കണ്ട തടിപ്പ് ബൈയോപ്സിചെയ്യുമ്പോൾ അറിയുന്നു ക്യാൻസർ എന്ന്.ആദ്യം ആ അറിവ് എന്നും ചിരിക്കാൻ മാത്രം അറിഞ്ഞിരുന്ന നടനെ ദുഖിതനാക്കുന്നുണ്ട് .അതിനുമപ്പുറം കീമോയുടെ പ്രതിപ്രവർത്തനങ്ങൾ അദ്ദേഹത്തെ ദേഷ്യക്കാരനാക്കുന്നതും ഒരിക്കൽ പോലും കൊച്ചുമക്കളോട് കയർക്കാത്ത അദ്ദേഹം അവരോടു കയർക്കുന്നതും പുസ്തകത്തിൽ വിവരിക്കുന്നത് ഇങ്ങനെ… “മറ്റൊരു അപ്പാപ്പനെ കണ്ടവർ അന്തം വിട്ടു നിന്നിട്ടുണ്ട് .എന്നിൽ നിന്നും അവർ പതുക്കെ അകന്നു നിൽക്കുന്ന കാഴ്ച മങ്ങിയ കണ്ണുകളിലൂടെ ഞാൻ വേദനയോടെ കണ്ടിരുന്നിട്ടുണ്ട്”
ജീവിതത്തിൽ പലതും ഇന്നസെന്റ് എന്ന നടന്റെ പാതയിൽ വൻ പ്രതിസന്ധികൾ തീർത്തിട്ടുണ്ട് .തല പിളർന്ന അപകടം ,ഹൃദയത്തിന്റെ പ്രശ്‍നം എല്ലാം കഴിയുമ്പോൾ ഭാര്യയ്കും കാൻസർ പിടിപെട്ടു എന്ന അറിവ് വരെ .അവിടെയെല്ലാം ആദ്യം തളരുന്നതും അതിനേക്കാൾ ശക്തിയോടെ അദ്ദേഹം ജീവിതത്തിലോട്ടു തന്റെ നർമത്തെ ചേർത്തുപിടിച്ചു തിരിച്ചു വരുന്നതും പുസ്തകം വളരെ രസകരമായി വിവരിക്കുന്നതിനാൽ പുസ്തകം വായിച്ചുകഴിയുമ്പോൾ നമുക്ക് കിട്ടുന്നത് ഏതു പ്രതിസന്ധിയും ഒരു ചിരിയോടു നേരിടൂ എന്ന മുന്നറിയിപ്പ് തന്നെ .
ഈ പുസ്തകം വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ പ്രസാദാത്മകമായി നേരിടാൻ പറ്റും എന്നതിന് ഉത്തമ ഉദാഹരണമായതിനാൽ അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഒരു പാഠമായി ചേർത്തിട്ടുണ്ട് എന്നറിയുമ്പോൾ ഇതിന്റെ പ്രാധാന്യം മനസ്സിലാകുമല്ലോ .
ഇന്നസെന്റ് പറഞ്ഞുകൊടുത്ത അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ശ്രീകാന്ത് കോട്ടക്കൽ ആണ് പുസ്തകം തയാറാക്കിയിരിക്കുന്നത് . ഡോക്ടർ ഗംഗാധരൻ പുസ്തകത്തിന്റെ തുടക്കത്തിൽ പറയുന്നു “ഇന്നസെന്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള മരുന്നാണ്” എന്ന്. നർമത്തിൽ ചാലിച്ച ഈ കാൻസർ ചികിത്സ നിങ്ങളും വായിക്കാൻ ശ്രമിക്കണം എന്ന് പറഞ്ഞുകൊണ്ട്
സംഗീത ബാബുരാജ്
ന്യുയോര്ക്ക്