ജോലിപ്രമുഖൻ
പൊടിപിടിച്ച ഫയലുകൾക്ക് ഇടയിലൂടെ കൂർക്കം വലിയുടെ ശബ്ദം മുറിയിലാകെ നിറഞ്ഞുനിന്നു. എങ്ങനെ ഉറങ്ങാൻ കഴിയുന്നു ഈ പൊടിനിറഞ്ഞ അന്തരീക്ഷത്തിൽ എന്നോർത്ത് ഞാൻ ഇരിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് പത്തുമിനിട്ടായിക്കാണും.അതിൽ കൂടുതൽ സമയം ചിലവഴിക്കാൻ എനിക്ക് ഇല്ലതാനും.അത്രക്ക് പണിയേൽപിച്ചിട്ടുണ്ട് പുള്ളി പള്ളിയുറക്കത്തിലേക്ക് പ്രവേശിക്കും മുൻപ്.
പണിയന്ത്രമായ ഞങ്ങൾ വരുന്നതുവരെ ശാപമോക്ഷം തേടി അത്രയേറെ ഫയലുകൾ കെട്ടികിടപ്പുണ്ടായിരുന്നു ഈചുവപ്പുനാടകൾകൊണ്ടു വരിഞ്ഞുകെട്ടിയ നിലയിൽ. ആകെ ഒരാശ്വാസം അല്പം ശബ്ദമുണ്ടാക്കി കറങ്ങുന്ന ഫാനുകളാണ്(കാറ്റില്ലെങ്കിലും).
ഇടയ്ക്കിടയ്ക്ക് വിരുന്നുകാരനെപ്പോലെ കടന്നുവരുന്ന ഇന്റർനെറ്റും, കമ്പ്യൂട്ടറും മനസ്സുകൊണ്ട് അകന്നു കഴിഞ്ഞ ദമ്പതികളെപ്പോലെ പെരുമാറികൊണ്ടേയിരുന്നു.
ഞങ്ങളും പയ്യെപയ്യെ ഈ സമ്പ്രദായത്തിന്റെ നീരാളിപ്പിടുത്തിലേക്ക് ഊളിയിടാൻ തുടങ്ങിയോ എന്നൊരാശങ്ക.അലാറം വച്ചപ്പോലെ ഏമാൻ എണിക്കും കൃത്യം പള്ളിഊണിന്റെയും പള്ളിചായയുടെയും സമയമാകുമ്പോൾ,ഈ പ്രതിഭാസത്തിന് ശാസ്ത്രീയമായി എന്തുപേരാണ് പറയുന്നത് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എന്തുകുന്തമായാലും, അദ്ദേഹത്തിന്റെ ആ കൃത്യനിഷ്ഠയ്ക്ക് മുൻപിൽ നമ്മൾ തലകുനിക്കാതെ തരമില്ല.
ക്ഷണിക്കാതെ ഒച്ചയുണ്ടാക്കി കടന്നുവന്ന ഫോൺ ഞാനെടുത്തു. മറുതലയ്ക്കൽ നിന്ന് പറഞ്ഞ വാക്കുകൾ കേട്ട് വീണ്ടും തരിച്ചുനിന്നു. “ഇത്തവണത്തെ ജോലിപ്രമുഖൻ” അവാർഡ് നമ്മുടെ കൂർക്കം വലിയൻ സാറിനാണെന്ന്.
കണ്ണനുണ്ണി.