അപൂർണ്ണ പ്രണയത്തിലെ കഥാനായിക-4

അദ്ധ്യായം 4

ശ്രീകുമാര്‍ ചേര്‍ത്തല

പിറ്റേന്ന്, ഞാൻ സ്കൂൾ ഗേറ്റ് കടന്നു അകത്തു പ്രവേശിച്ചതേയുള്ളു. ജോസഫും രഞ്ജിത്തും ഒക്കെ ഓടി അടുത്തെത്തി.
       “എടാ, നീയറിഞ്ഞോ, വിശേഷം.? ഞാൻ ആതിരയെ പ്രേമിക്കുന്നു എന്ന് ആരോ ബെഞ്ചിൽ എഴുതിയിട്ടിരിക്കുന്നു. ” ഞാൻ വിളറി. ക്ലാസിലെത്തിയപ്പോൾ ആതിര ഒരു ഭാഗത്തിരുന്ന് കരയുകയാണ്. തലയുയർത്തി എന്നെ നോക്കി. വീണ്ടും തലകുനിച്ചിരുന്ന് കരയുന്നു. കൂട്ടുകാർ അവളെ ആശ്വസിപ്പിക്കുന്നുണ്ട്.

                 മൂത്രപ്പുരയിൽ വച്ച് ഞാൻ മുകേഷിനോടു പറഞ്ഞു..
“ടീച്ചർ എന്നോടു ചോദിച്ചാൽ ഒള്ള സത്യം ഞാൻ തുറന്നു പറയും. കേട്ടോടാ.”

       അവൻ ഞെട്ടി. “എടാ ചതിക്കല്ലേ, സത്യം പുറത്തറിഞ്ഞാൽ എന്നെ സ്കൂളിൽ നിന്നു പുറത്താക്കും. ചോദിച്ചാൽ നീ  ഞങ്ങൾ വീട്ടിലേക്കു ഇറങ്ങുമ്പോൾ പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാർ വരുന്നുണ്ടായിരുന്നു. എന്നു പറഞ്ഞാ മതി.”
             ടീച്ചർ ക്ലാസിലെത്തി. ഫസ്റ്റ് ബെഞ്ചിൽ ഇരുന്ന മുകേഷും ഞാനും ഉൾപ്പെടുന്ന കുട്ടികളോട് ഒന്നും ചോദിച്ചില്ല. ഞങ്ങൾ പഠിപ്പിസ്റ്റുകളും മര്യാദക്കാരുമായതു കൊണ്ടാകും. ചോദ്യം ചെയ്യൽ മുഴുവൻ ബാക്ബെഞ്ച് അസോസിയേഷനോടായിരുന്നു. ആ സംഭവം ഉത്തരം കിട്ടാതെ ദൂരൂഹമായി അവസാനിച്ചു. ടീച്ചർ ആതിരയെ ഒരു വിധം സമാധാനിപ്പിച്ചു. അവൾ കരച്ചിൽ നിർത്തി. ഇടക്കൊക്കെ അവൾ എന്നെ നോക്കും. പിന്നെ വീണ്ടും തലകുനിക്കും.
                         മലയാളം മാഷ് ഒരിക്കൽ ക്ലാസ് ടെസ്റ്റ് നടത്തി, എല്ലാ കുട്ടികളുടെയും മാർക്ക് എഴുതിയെടുത്തു ലിസ്റ്റാക്കി നല്കാൻ എന്നെ ചുമതലപ്പെടുത്തി. ക്ലാസിൽ ഞാനും ആതിരയും ഉൾപ്പെടെ രണ്ടു മൂന്നു കുട്ടികളേയുണ്ടായിരുന്നുള്ളു. മറ്റുള്ളവര്‍ പുറത്ത് കളിക്കുകയായിരുന്നു. ഞാൻ ആതിരയുടെ അടുത്തെത്തി അവളോട് മാർക്കു ചോദിച്ചു. അവൾ പാഠപുസ്തകത്തിലെ ഏതോ പദ്യം ഹൃദിസ്ഥമാക്കുകയായിരുന്നു. ആ സമയം പ്രണയപൂർവ്വം പുഞ്ചിരിച്ചുകൊണ്ട് അവൾ എന്നെ കണ്ണിറുക്കി കാണിച്ചു. ഇരു കണ്ണുകളിൽ ഒരു കണ്ണു മാത്രമടച്ച് ‘സൈറ്റടി” എന്ന് കുട്ടികളുടെ ഇടയിൽ പറയപ്പെടുന്ന പ്രണയസംവേദനമാണ് അവൾ എനിക്ക് നല്കിയത്. ഒരു സൗന്ദര്യധാമത്തിന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ചൂളിപ്പോയതിനാലും സൈറ്റടി വിദ്യ വശമില്ലാത്തതിനാലും അതിനു ശ്രമിച്ചാൽ വികലവും വിരൂപവുമായ ഗോഷ്ഠിയാകുമെന്നു ഭയമുള്ളതിനാലും ഞാൻ അതിനു മുതിർന്നില്ല..
       ഒൻപതാം ക്ലാസ് അധ്യയന വർഷം കഴിഞ്ഞപ്പോൾ അച്ഛന് മറ്റൊരിടത്തേക്ക് ട്രാൻസ്ഫർ കിട്ടിയതിനാൽ എന്നെ മറ്റൊരു സ്കൂളിൽ ചേർത്തു. അവസാനമായി ഒന്നു കാണാൻ പോലും കഴിയാതെ വേർപിരിഞ്ഞ, ആ അപൂർണ്ണപ്രണയത്തിലെ കഥാനായികയെയാണ് ഭർതൃമതിയായി വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടിയത്. അവൾക്ക് നന്മകൾ നേരുന്നു.

അവസാനിച്ചു

ആദ്യ ഭാഗങ്ങള്‍ വായിച്ചില്ലാത്തവര്‍ക്കായി


Leave a Reply

Your email address will not be published. Required fields are marked *