തേങ്ങച്ചോര്‍
മലബാറ് വിഭവം തേങ്ങച്ചോര്‍ ആണ് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.
റെസിപി : സുഹറഅനസ്
തേങ്ങ ചിരകിയത് ഒരുകപ്പ്
പുഴുക്കലരി- രണ്ട് കപ്പ്
ചെറിയ ഉള്ളി- മുക്കാല്‍ കപ്പ്
ഉലുവ- രണ്ട് ടി സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
അരി നന്നായി കഴുകി ഒരു വലിയ പാനില്‍ എടുക്കുക. അതിലേക്ക് തേങ്ങ, ഉലുവ, ഉപ്പ് എന്നിവ ചേര്‍ക്കുക. കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തിളച്ച വെള്ളം ഒഴിക്കുക. ഒരു കപ്പ് അരിക്ക് മൂന്ന് കപ്പ് വെള്ളം എന്ന അനുപാതത്തിലാണ് ഒഴിക്കേണ്ടത്. തിളച്ച് കഴിയുമ്പോള്‍ ഇടയ്ക്കിടെ ഇളക്കികൊടുക്കുക. വെള്ളം വേണമെങ്കില്‍ ഇടയ്ക്ക് ഒഴിച്ച് കൊടുക്കാം. വെള്ളം വറ്റിവരുമ്പോള്‍ ഇറക്കിവെച്ച് ഉപയോഗിക്കാം
ഇനി നമുക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് കുക്കറില്‍ എങ്ങനെ തേങ്ങച്ചോര്‍ തയ്യാറാക്കാം എന്ന് നോക്കാം
കുക്കറില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം നെയ്യുടെ ടേസ്റ്റ് ഇഷ്ടമുള്ളവര്‍ക്ക് ഒരു ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിച്ചുകൊടുക്കാം. ഇനി നെയ്യ് വേണ്ടെങ്കില്‍ വെളിച്ചെണ്ണയില്‍ തന്നെ തയ്യാറാക്കാം. അതിലേക്ക് മൂന്ന് ഏലയ്ക്ക, ചെറിയ പട്ട, 4 ഗ്രാമ്പു എന്നിവ ഇട്ടുകൊടുക്കുക. മസാല(ഏലയ്ക്ക, ചെറിയ പട്ട, ഗ്രാമ്പു )ചൂടായി വരുമ്പോള്‍ ഒരു സവാള അരിഞ്ഞതും രണ്ട് പച്ചമുളക് കീറിയതും കറിവേപ്പിലയും ഇട്ട്കൊടുക്കാം. സവാള വഴന്നുകഴിയുമ്പോള്‍ അണ്ടി പരിപ്പ്,കിസ്മിസ് ചേര്‍ത്ത് ഇളക്കി കൊടുക്കാം. നാല്കപ്പ് തേങ്ങപ്പാല്‍ ഇതിലേക്ക് നമുക്ക് ഒഴിച്ചുകൊടുക്കാം. കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പെടിയും അര ടീസ്പൂണ്‍ പെരുംജീരകം ചതച്ചതും ഉപ്പും ആവശ്യത്തിന് ചേര്‍ത്ത്കൊടുക്കാം. . കഴുകി വൃത്തിയാക്കിയ രണ്ട് കപ്പ് മട്ട അരി തേങ്ങപ്പാലിലേക്ക് ഇനി ചേര്‍ത്തുകൊടുക്കാം. രണ്ട് ഗ്ലാസ് അരിക്ക് നാലര ഗ്ലാസ് തേങ്ങപ്പാല്‍ എന്ന അനുപതത്തിലാണ് ചേര്‍ക്കേണ്ടത്. തേങ്ങപ്പാല്‍ അരി ഇട്ടുകഴിയുമ്പോള്‍ മുകളില്‍ നില്‍ക്കണം. കുക്കര്‍ അടച്ചതിനുശേഷം വേവിച്ചെടുക്കാം. വിസില്‍ വന്നതിന് ശേഷം കുറഞ്ഞ ഫ്ലെയിംമില്‍ 5 മിനിറ്റു കൂടി വേവിക്കണം. അരിയുടെ വേവ് അനുസരിച്ച് വേണം നിങ്ങള്‍ ഓരോരുത്തരും കുക്കറിന്‍റെ വിസില്‍ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യേണ്ടത്. പ്രഷര്‍ നല്ലതുപോലെ പോയതിന് ശേഷം മൂടി തുറന്ന് ചൂടോടെ ഉപയോഗിക്കാം.
ബീഫ് കറിയും പപ്പടവും ആണ് ഇതിന്‍റെ കോമ്പോ. ഇത്തവണത്തെ പെരുന്നാള്‍ സ്പെഷ്യല്‍ തേങ്ങച്ചോര്‍ ആയിക്കോട്ടെ. നെയ്യ് ചോറിന്‍റെ ഒപ്പം ബീഫ് കറി ഉണ്ടാക്കുന്ന വിശദമായ റെസിപി ഞാന്‍ കൊടുത്തിട്ടുണ്ട്