മലയാള സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 87
മലയാളസിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് പിറന്നാള്‍. 1933 സപ്തംബര്‍ 23-ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴതില്‍ ആര്. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവന്‍നായര്‍ എന്ന മധു ജനിച്ചത്.
വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.
1963ല്‍ കാര്യാട്ടിന്റെ മൂടുപടത്തില്‍ അഭിനയിക്കുമ്പോള്‍ വയസ് മുപ്പതാണ് മധുവിന്. എന്നാല്‍, ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർ നിർമിച്ച് എൻ.എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകള് ആണ്. ഈ ചിത്രത്തിൽ പ്രേം നസീറിനോടൊപ്പം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മധുവിന് സാധിച്ചു. നിർമാതാക്കൾ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്. തിക്കുറിശ്ശി സുകുമാരൻ നായർ ആണ് മാധവൻ നായരെ മധു ആക്കി മാറ്റിയത്. കവിയും സംവിധായകനുമായ പി. ഭാസ്കരനാണ് മധു എന്ന പേര് നിര്‍ദ്ദേശിച്ചത്. പേരിലെ രാശിയിലൊന്നും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും മധു എന്ന രണ്ടക്ഷരം ഏറക്കാലം മലയാള സിനിമയുടെ രാശിയായി. മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി.
അമ്പത്താറു കൊല്ലം കൊണ്ട് മുന്നൂറിലേറെ ചിത്രങ്ങളിലാണ് വേഷമിട്ടത്. സത്യന് മുതല്‍ ആസിഫലി വരെയുള്ള നായകന്മാര്ക്കൊപ്പം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേയ്ക്ക് നീളുന്ന അഞ്ചു തലമുറയുടെ ദൈര്‍ഘ്യമുണ്ട് അദ്ദേഹത്തിന്റെ കരിയറിന്. മലയാള സിനിമയുടെ കാരണവര്‍ക്ക് പിറന്നാള്‍ ആശംസകള്‍