രുഗ്മിണിദേവിയും കലാക്ഷേത്രവും


ഇന്ന് ലോകനൃത്തദിനം. ശൃംഗാരരസത്തിന്‍റെ അതിപ്രസരത്തില്‍നിന്ന് ഭരതനാട്യത്തെ അടര്‍ത്തിമാറ്റി ഇന്ന് കാണുന്ന നൃത്തരൂപമാക്കി ചിട്ടപ്പെടുത്തിയ പ്രതിഭാസാഗരം രുഗ്മിണിദേവി..


രുഗ്മിണിദേവിയെപോലുള്ള കലാകാരികളുടെ സംഭവാനകളെ നാം ഒരിക്കലും വിസ്മരിക്കരുത്. 1920കളില്‍ മോശം കലാരൂപത്തിന്‍റെ ഗണത്തില്‍പെടുത്തിയിരുന്ന ഭരതനാട്യത്തെ ഇന്ന് കാണുന്ന കലാരൂപമാക്കി ചിട്ടപ്പെടുത്തിയെടുക്കാന്‍ അവര്‍ സഹിച്ച യാതനകള്‍ കുറച്ചൊന്നുമല്ല.


ദേവദാസി സമ്പ്രദായത്തിലുണ്ടായിരുന്ന സാദിര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നൃത്തരൂപത്തെ ശൃംഗാര ഭാവങ്ങളെ മാറ്റി, ലോകം ശ്രദ്ധിക്കുന്നരീതിയിലും അതിനെ യാഥാസ്ഥിതികർക്കും സ്വീകാര്യമാകുന്ന രീതിയിലേക്ക് മാറ്റാന്‍ അവര്‍ ആഹോരാത്രം പ്രയത്നിച്ചു. അതിന് അവരെ സഹായിച്ചത് ഇ.വി കൃഷ്ണഅയ്യരും ഭര്‍ത്താവ് ജോര്‍ജ് അരുണ്ഡേലും ആണ്.


ഭരതനാട്യത്തെ വയലിൻ പോലെയുള്ള വാദ്യങ്ങളുടെ അകമ്പടി യോട്കൂടിയും ക്ഷേത്രവിഗ്രഹങ്ങളിൽ ഉള്ളതുപോലുള്ള കർണ്ണാഭരണങ്ങൾ ചേർത്ത്, വസ്ത്രാലങ്കാരങ്ങൾ പരിഷ്കരിച്ച്, നൃത്തരൂപത്തിന്‍റെ മുഖമുദ്ര തന്നെ രുക്മിണി മാറ്റിയെടുത്തു
ഇതിഹാസങ്ങളായ വാല്മീകിയുടെ രാമായണവും ജയദേവരുടെ ഗീതാഗോവിന്ദവും സീതാസ്വയംവരം, ശ്രീരാമവനഗമനം, പാദുകപട്ടാഭിഷേകം, ശബരീമോക്ഷം, കുന്തളകുറുവഞ്ചി, രാമായണ, കുമാരസംഭവം, ഗീതാഗോവിന്ദം, ഉഷാപരിണയം എന്നിവയെല്ലാം നൃത്തനാടകങ്ങളായി അവതരിപ്പിക്കപ്പെട്ടു.


മധുരയിലെ ഒരു ബ്രാഹ്മണകുടുംബത്തിലാണ് രുഗ്മിണി ജനിച്ചത്. രുഗ്മിണിയുടെ പിതാവിന് തിയോസഫിക്കല്‍ സൊസൈറ്റിയുമായി ഉണ്ടായിരുന്ന ബന്ധമാണ് രുഗ്മിണിക്ക് നാടകത്തിനോടും സംഗീതത്തിനോടും നൃത്തത്തോടുമെല്ലാം ബന്ധപ്പെടാന്‍ സഹയാകമായത്. ആനിബസന്‍റിന്‍റെ അടുത്ത അനുയായിയായ Dr. ഡോ ജോർജ്ജ് അരുണ്ഡേലിനെ പരിചയപ്പെട്ടതും പീന്നീട് ജീവന്‍റെപാതിയയി തീര്‍ന്നതും ഇക്കാരണങ്ങള്‍കൊണ്ടുതന്നെ.
അന്നത്തെ യാഥാസ്ഥിതിക സമൂഹത്തെ നടുക്കിക്കൊണ്ട് അവര്‍വിവാഹിതരായപ്പോള്‍ രുഗ്മിണിക്ക് പ്രായം 16 ഉം ജോര്‍ജിന് 44 ഉം ആയിരുന്നു. രുഗ്മിണിയിലെ സര്‍ഗശേഷിക്ക് വേണ്ട പ്രോത്സാഹനം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോകം ചുറ്റിസഞ്ചിരിക്കാന്‍ അവസരം ലഭിച്ച ഇരുവര്‍ക്കും ലോകപ്രസിദ്ധരായ പലനൃത്തകരുമായി അടുത്ത ഇടപഴകാന്‍ അവസരം ലഭിച്ചു. അത് രുഗ്മിണിയിലെ കലാകാരിയെ കൊറച്ചൊന്നമല്ല സ്വാധീനിച്ചത്.

1928 -ൽ പ്രസിദ്ധയായ റഷ്യൻ നർത്തകി അന്ന പാവ്ലോവ മുബൈയിൽ വരികയും അവരുടെ നൃത്തം കാണാൻ പോയതും രുഗ്മിണിയുടെ ജീവിതത്തില്‍ വഴിത്തിരിവായിയിരുന്നു. പിന്നീട് അന്നയുടെ ശിഷ്യയായ ക്ലിയോ നോർഡിയുടെയടുത്തു നിന്നും രുക്മിണി നൃത്തം പഠിച്ചുതുടങ്ങി. അന്നയുടെ ഉപദേശപ്രകാരമാണ് രുക്മിണി ഇന്ത്യയുടെ തനത്നൃത്തരൂപങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്. അങ്ങനെ അവര്‍ തന്‍റെ ശേഷജീവിതം കലയുടെ പുനരുജ്ജീവിപ്പിക്കാനായി മാറ്റിവച്ചു.


ഗുരുകുലശിക്ഷണരീതിയിൽ സംഗീതത്തിനും നൃത്തത്തിനുമായി അഡയാറിൽ 1936 -ൽ രുക്മിണി കലാക്ഷേത്രം രൂപീകരിച്ചു. ഇന്ന് ചെന്നൈയ്ക്ക് സമീപം തിരുവണ്മിയൂരിൽ 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കലാക്ഷേത്രം, കലാക്ഷേത്ര ഫൗണ്ടേഷനുകീഴിൽ ഒരു ഡീംഡ് സർവ്വകലാശാലയാണ്.


പത്മഭൂഷൺ, ദേശികോത്തമ, പ്രാണിമിത്ര,സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പും നിരവധി പുരസ്കാരങ്ങളും ബഹുമതിപത്രങ്ങളും നല്‍കി രാജ്യം അവരെ ആദരിച്ചു.. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകികൂടിയാണ് അവര്‍. 1952 -ലും 1956 -ലും രുഗ്മിണീദേവിയെ രാജ്യസഭയിലെക്ക് നോമിനെറ്റ് ചെയ്തു. മൃഗങ്ങളുടെ ക്ഷേമത്തിൽ അതീവ ശ്രദ്ധാലുവായ രുക്മിണി മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെയുള്ള നിയമം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *