പി. ടിക്ക് വിട

കോൺഗ്രസ് നേതാവും കെ.പി.സി.സി വർക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎൽഎയുമായ പി.ടി തോമസ് അന്തരിച്ചു. 70 വയസ്സ് ആയിരുന്നു. അർബുദ രോഗത്തെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. വെല്ലൂർ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇടുക്കി ജില്ലയിലെ  രാജ മുടിയിൽ ഉപ്പുതോടിൽ1950 ഡിസംബർ 12ന് പി. ടി തോമസ് ജനിച്ചു.
തോമസിൻ്റെയും അന്നമ്മയുടേയും മകനായിരുന്നു.തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എൽ.എൽ ബി.യിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി.
കെ.എസ്.യു വിദ്യാർഥി സംഘടനയിലൂടെയാണ് കോൺഗ്രസിന്റെ രാഷ്ട്രീയരംഗത്ത് ചുവടുറപ്പിക്കുന്നത്.

വിദ്യാർത്ഥി ആയിരുന്നപ്പോൾ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്ന തോമസ് കെ.എസ്.യുവിൻ്റെ യൂണിറ്റ് വൈസ് പ്രസിഡൻറ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡൻറ് എന്നീ സ്ഥാനങ്ങളിൽ കഴിവുറ്റ പ്രകടനങ്ങൾ നടത്തി.

1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡൻറായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പതിനഞ്ചാം ലോക്‌സഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തിൽ നിന്നും അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് .

കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. ഗ്രന്ഥശാല പ്രവർത്തനം നടത്തുന്ന “മാനവ സംസ്കൃതി”യുടെ ചെയർമാനായിരുന്നു. “വലിച്ചെറിയാത്ത വാക്കുകൾ “,” എ ഡി ബി യും പ്രത്യയശാസ്ത്ര ശാഠ്യങ്ങളും” എന്നീ രണ്ട് പുസ്തകങ്ങൾ എഴുതി.
ഭാര്യ: ഉമ തോമസ്, മക്കൾ : വിഷ്ണു തോമസ്, വിവേക് തോമസ്.

Leave a Reply

Your email address will not be published. Required fields are marked *