ലോക്ഡൗണ്‍ കാലത്തും ഫിറ്റ്നസ് നിലനിര്‍ത്താം ; ശ്രദ്ധിക്കൂ ഇക്കാര്യങ്ങള്‍
ലോക്ഡൗണ്‍ കാലമായതിനാല്‍ പുറത്തുനിന്നുളള ഭക്ഷണമൊന്നും തീരെയില്ല. എന്നാല്‍ ഹോട്ടല്‍ ഭക്ഷണം മിസ് ചെയ്തവരെല്ലാം യൂട്യൂബില്‍ അഭയം തേടിയിരിക്കുകയാണിപ്പോള്‍. അങ്ങനെ ഇതുവരെയില്ലാത്തവിധം പാചകപരീക്ഷണങ്ങളും പൊടിപൊടിക്കുകയാണ്. അതുകൊണ്ടുതന്നെ വീട്ടിലിരുന്ന് വണ്ണം വയ്ക്കാനുളള സാധ്യതകളും കൂടുതലാണ്. പുറത്തിറങ്ങിയുളള നടത്തമോ ജിമ്മില്പ്പോയുളള വ്യായാമങ്ങളോ ഇല്ലാത്തതിനാല്‍ കുറച്ചു ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും. ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ലോക്ഡൗണ്‍ കാലത്തും ഫിറ്റ്നസ് നിലനിര്‍ത്താനാകും.
വെറും വയറ്റില്‍ വെളളം കുടിക്കൂ
രാവിലെ എഴുന്നേറ്റയുടന്‍ ഒരു ഗ്ലാസ് ചെറുചൂടുവെളളം കുടിയ്ക്കാവുന്നതാണ്. ഇളം ചൂടുവെളളത്തില്‍ വേണമെങ്കില്‍ അല്പം നാരങ്ങാനീരോ തേനോ ഉപയോഗിക്കാം.
പച്ചക്കറികളും പഴങ്ങളും കഴിയ്ക്കാം
പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ പച്ചക്കറികളും പഴങ്ങളുമെല്ലാം ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താം. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. ആപ്പിള്‍, ഓറഞ്ച്, ചെറുനാരങ്ങ, തണ്ണിമത്തന്, മാതളം, പപ്പായ എന്നിവ കഴിയ്ക്കാം. അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിക്കാവുന്നതാണ്.
ജ്യൂസുകള്‍
ജ്യൂസുകള്‍ തടി കുറയ്ക്കാന്‍ നല്ലതാണ്. എന്നാല്‍ മധുരം ചേര്‍ത്ത ജ്യൂസുകള്‍ ഗുണത്തെക്കാളേറെ ദോഷമുണ്ടാക്കുമെന്ന കാര്യം ഓര്‍ക്കുക.
ചായ,കാപ്പി കുറയ്ക്കാം
വെറുതെ ഒരു ഉന്മേഷത്തിന് ചായയോ കാപ്പിയോ കുടിയ്ക്കുന്നവരുണ്ട്. ഇത് പരമാവധി ഒഴിവാക്കാം. പകരം ഗ്രീന്‍ ടീ പോലുളളവ ശീലമാക്കാം.
വലിച്ചുവാരി കഴിക്കല്ലേ
ഭക്ഷണം വലിച്ചുവാരി കഴിക്കുന്നത് ഒഴിവാക്കാം. മൂന്ന് നേരം ഭക്ഷണം എന്ന ശീലം മാറ്റി ആറുതവണകളായി ചെറിയ അളവില്‍ കഴിയ്ക്കാം. ഇത് ദഹനത്തിന് സഹായിക്കും.
നടത്തം ഒഴിവാക്കല്ലേ
ദിവസവും 30 മിനിറ്റിലേറെ സമയം വീട്ടുമുറ്റത്തു കൂടി നടക്കാവുന്നതാണ്. ഇതുവഴി അമിതഭാരമെന്ന പ്രശ്നത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. ഫോണ്‍ ചെയ്യുമ്പോഴെല്ലാം നടന്ന് സംസാരിക്കാവുന്നതാണ്.
പകലുറക്കം ഉപേക്ഷിക്കൂ
വെറുതെ കിട്ടിയ സമയം ഉറങ്ങിത്തീര്‍ക്കുന്ന ഒരുപാടുപേരുണ്ട്. ഇങ്ങനെ ചെയ്യല്ലേ. അതുപോലെ ഭക്ഷണം കഴിഞ്ഞയുടനെയുളള ഉറക്കവും ഒഴിവാക്കേണ്ടതാണ്.
ടെന്‍ഷന്‍ വേണ്ടേ വേണ്ട
ടെന്‍ഷന്‍, സ്ട്രെസ് എന്നിവയും തടി വര്‍ധിക്കാന്‍ കാരണമാകും. മനസ്സിന് ആശ്വാസമാകുന്ന പാട്ടുകള്‍ ധാരാളം കേള്‍ക്കാം. യോഗ, മെഡിറ്റേഷന്‍ എന്നിവയും പരീക്ഷിക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ.ആര്‍ഷ മഹേഷ്
അഭിമുഖം തയ്യാറാക്കിയത്: സൂര്യ സുരേഷ്