വീട്ടില്‍ ഒരു അടുക്കളതോട്ടം എങ്ങനെ നിര്‍മ്മിച്ചെടുക്കാം

പണ്ട് കാലത്ത് വീട്ടിലേക്ക് വിരുന്നുകാര്‍ വന്നാല്‍ അടുക്കളതോട്ടത്തില്‍ നിന്ന് പിച്ചിയെടുത്ത പച്ചക്കറികൊണ്ട് ഉഗ്രന്‍ സദ്യ തന്നെ ഒരുക്കുമായിരുന്നു നമ്മുടെ പഴമക്കാര്‍. ഇന്നാകട്ടെ നമ്മള്‍ ഫാസ്റ്റ് ഫുഡുകളുടെ പുറകെയാണ്. വിപണിയില്‍ നിന്ന് വാങ്ങുന്ന വിഷപൂരിതമായ പച്ചക്കറികളും മത്സ്യ-മാംസാദികളും ഭക്ഷിച്ച് നമ്മുടെയൊക്കെ ആരോഗ്യത്തിന് ഹാനിസംഭവിച്ചിരിക്കുന്നു.  സമയകുറവും മടിയുംകൊണ്ട് തന്നെയാണ് ഇത്തരത്തില്‍ ആഹാരസാധനങ്ങള്‍ വലിയ വിലകൊടുത്ത് നമ്മള്‍ വാങ്ങി ഭക്ഷിച്ച്  മാരകരോഗങ്ങള്‍ക്ക് അടിമയായിതീരുന്നത്. ഒന്നു ശ്രദ്ധിച്ചാല്‍  വിഷരഹിതമായ പച്ചക്കറി  നമുക്കുതന്നെ കൃഷിചെയ്യാവുന്നതാണ്. എങ്ങനെ നല്ലൊരു അടുക്കളതോട്ടം വീടുകളില്‍ നിര്‍മ്മിച്ചെടുക്കാം എന്നതിനെ കുറിച്ച് വിജയകല നമുക്ക് വിശദീകരിച്ച് തരുന്നു.

സ്ഥലപരിമിതിയാണ് ഇന്ന് ഒട്ടുമിക്കവരുടെയും പ്രശ്‌നം അങ്ങനെ ഉള്ളവര്‍ക്ക് എങ്ങനെ നല്ലൊരു അടുക്കളതോട്ടം ഉണ്ടാക്കാന്‍ സാധിക്കും?

 അടുക്കളതോട്ടം നിര്‍മ്മിക്കുവാന്‍ സ്ഥലം ഇല്ലാത്തവര്‍ക്ക് ഗ്രോ ബാഗില്‍ പച്ചക്കറി തൈ നടാവുന്നതാണ്.  ടെറസിന്റെ മുകളില്‍ ഗ്രോ ബാഗ് വെച്ച് അതില്‍ ഒരോ പിടിവീതം എല്ലുപൊടി, ചകിരിച്ചോറ്, വേപ്പിന്‍ പിണ്ണാക്ക് ചാണകപ്പൊടി എന്നിവ മണ്ണുമായി കലര്‍ത്തിയതിന് ശേഷം ബാഗിനുള്ളില്‍ നിറയ്ക്കുക. രണ്ടുദിവസം നനച്ചുകൊടുത്തതിന് ശേഷം തൈ നടാവുന്നതാണ്.

അത്യാവശ്യം ഭൂമി ഉള്ളവര്‍ക്കാകട്ടെ, നിങ്ങള്‍ കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥലം ആദ്യം തിരഞ്ഞെടുക്കണം. നന്നായി വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.  ഭൂമി നന്നായി കിളച്ചുകൊടുക്കണം.  കുമ്മായമോ ഡോളമെറ്റോ വിതറിയതിന് ശേഷം ഒരാഴ്ച കഴിഞ്ഞ് തടമെടുക്കാം. മണ്ണിന്റെ ക്ഷാരഗുണം കുറയ്ക്കാന്‍ വേണ്ടിയാണ് ഇങ്ങനെചെയ്യുന്നത്. തടത്തിനുള്ളില്‍ ഒരോപിടിവീതം വേപ്പിന്‍പിണ്ണാക്ക്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ ഇട്ടുകൊടുത്തതിന് ശേഷം നന്നായി നനച്ചുകൊടുക്കുക. പിന്നീട് തടത്തിനുള്ളില്‍ തൈകള്‍ നടാവുന്നതാണ്.

വീട്ടിലെ വളങ്ങള്‍ ഇതിനായി ഉപയോഗിക്കാമോ?

വീട്ടിലെ വളങ്ങള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചാണകം ലഭ്യമാണെങ്കില്‍, വേപ്പിന്‍പിണ്ണാക്ക് കടലപിണ്ണാക്ക് ചാണകം എന്നിവ വെള്ളവുമായി ചേര്‍ത്ത്  നന്നായി കലക്കിയെടുക്കുക. മിശ്രിതം നാലുദിവസം പുളിപ്പിച്ച് ആറോ ഏഴോ കപ്പ് വെള്ളം ചേര്‍ത്തതിന്‌ശേഷം തൈകളുടെ ചുവട്ടില്‍ എല്ലാ ആഴ്ചയിലും ഒഴിച്ചുകൊടുക്കണം. ഇങ്ങനെ ചെയ്താല്‍ തൈകള്‍ നന്നായി വളരുകയും പെട്ടന്ന് കായ്ക്കുകയും ചെയ്യും.

കമ്പോസ്റ്റ് എങ്ങനെ നിര്‍മ്മിച്ചെടുക്കാം?

കമ്പോസ്റ്റിനായുള്ള ഡ്രമ്മുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഈ ഡ്രമ്മിനുള്ളില്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ച് കമ്പോസ്റ്റ് ഉണ്ടാക്കാം. നാരങ്ങാതൊലി, മുട്ടത്തോട് എന്നിവ കമ്പോസ്റ്റിനുള്ളില്‍ നിക്ഷേപിക്കരുത്.  മൂന്നുമാസത്തിന് ശേഷം കമ്പോസ്റ്റിനുള്ളിലെ വളങ്ങള്‍ ഉപയോഗിച്ചു തുടങ്ങാം. കമ്പോസ്റ്റിനുള്ളില്‍ നിന്ന് ബയോഗ്യാസ് ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. അതിന് സര്‍ക്കാരില്‍നിന്ന് സബ്‌സിഡി ലഭിക്കുകയും ചെയ്യും.

കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് എങ്ങനെ വിളകളെ രക്ഷിച്ചെടുക്കാം?

 മരച്ചീനിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ശ്രേയ കീടനാശിനി വിപണിയില്‍ ലഭ്യമാണ്. കാന്താരിമുളക്, വെളുത്തുള്ളി, കായം എന്നിവചേര്‍ത്ത്സ്പ്രേചെയ്ത് കൊടുക്കുന്നതും കീടങ്ങളെ ഒരുപരിധിവരെ അകറ്റിനിര്‍ത്താന്‍സാധിക്കും. മുളക് ചെടി മുരടിച്ചുവരുകയാണെങ്കില്‍ ചുവട്ടിലായി കുമ്മായം വിതറികൊടുക്കാം. അതുകൊണ്ടും മാറിയില്ലെങ്കില് തലേദിവസത്തെ കഞ്ഞിവെള്ളത്തില്‍ ഗോമൂത്രം ചേര്ത്ത് ഇലയില് തളിച്ചുകൊടുക്കുകയോ ചുവട്ടില് ഒഴിച്ചുകൊടുക്കുകയോവേണം. ചീരയ്ക്ക് ആണെങ്കില്‍ ഒരു ഗ്ലാസ് ഗോമൂത്രം അഞ്ച് കപ്പ് വെള്ളവുമായി ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചാല്‍ മതി .മറ്റ് പച്ചക്കറികള്‍ക്ക് ഗോമൂത്രം കൂടുതല്‍ വെള്ളവുമായി മിക്‌സ്‌ചെയ്ത് നേര്‍പ്പിച്ചു മാത്രമേ തളിച്ചുകൊടുക്കാവു.

 വിഷരഹിതമായ പച്ചക്കറി കഴിക്കാം എന്നത് തന്നെയാണ് വീട്ടില്‍ ഒരു അടുക്കളതോട്ടം ഉള്ളതുകൊണ്ടുള്ള മേന്മ. നമുക്ക് ആവശ്യമുള്ള പച്ചക്കറിയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വിപണിയില്‍ വിറ്റഴിക്കാവുന്നതാണ്. ജൈവ പച്ചക്കറികള്‍ക്ക് മറ്റു  പച്ചക്കറികള്‍ക്ക് വിപണിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ നല്ല വില കിട്ടും. ഒരുപാട് ലാഭമൊന്നും കിട്ടില്ലെങ്കിലും ഒരു വീട്ടമ്മയ്ക്ക് വീട്ടിലെ ചില്ലറ ചിലവുകള്‍ നടത്തികൊണ്ടുപോകാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് വിജയകല സാക്ഷ്യപ്പെടുത്തുന്നു. കരുനാഗപള്ളിയിലെ ഒരു സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് വിജയകല. കരുനാഗപള്ളി സ്വദേശി അനില്‍ കുമാര്‍ആണ് ഭര്‍ത്താവ്.

തയ്യാറാക്കിയത്

കൃഷ്ണ അര്ജുന്

Leave a Reply

Your email address will not be published. Required fields are marked *