ശ്വാസം മുട്ടൽ
ജി.കണ്ണനുണ്ണി
ഓഫിസിലെ ജോലി ഭാരത്തിനൊപ്പം മാസ്ക്കിന്റെ ശ്വാസം മുട്ടലിൽനിന്ന്കൂടി രക്ഷ നേടാനാണ് ഏകദേശം ആറു മണിയോടെ വായു പിടിച്ച് വീട്ടിൽ എത്തിയത്.
അപ്പൊഴോ..അച്ഛൻ ടി വിചാനലുകളുടെ കോവിഡ് കണക്കുകൾ കണ്ട് ശ്വാസം മുട്ടുകയാണ്. ഒരുവിധം മുറിയിൽ കയറിപ്പറ്റി വാതിൽ അടച്ചു കട്ടിലിലേക്ക് മലർന്നു കിടന്നതെയുള്ളൂ… വാതിലിൽ കൊട്ടി വിളിക്കുകയാണ് അമ്മ…. ഇന്നും ഏതെങ്കിലും ബ്രോക്കർമാർ വിവാഹാലോചനയുമായി വന്നു കാണും…വാതിൽ മലർക്കെ തുറന്നതും കുറെ ഫോട്ടോയുമായി എത്തുകയാണ് വാക്കുകൾ കൊണ്ട് എന്നെ വീണ്ടും ശ്വാസം മുട്ടിച്ചു കൊണ്ട് മാതാശ്രീ..
വാതിൽ തുറന്നപാടെ അമ്മ മൊഴിഞ്ഞു.
“ഇന്നും രണ്ട് ആലോചനകൾ വന്നിട്ടുണ്ട്…
ഞാൻ എന്നത്തേയും പോലെ നിർവികാരനായി യാന്ത്രികമായി പറഞ്ഞു…ആ…”ഒന്നാമത്തെ ആളുടെ പേര് പറ…”
‘അമ്മ ഒരു സെവന്റി എം എം ചിരി ചിരിച്ചു പറഞ്ഞു…ഒന്നാമത്തവൾ സുന്ദരി നല്ല കുലീനത്വം പേര് “സരിത”….
കേട്ട പാതി കേൾക്കാത്ത പാതി…ഞാൻ പറഞ്ഞു..നെക്സ്റ്റ്….
രണ്ടാമത്തേത് ഉയർന്ന ജോലിയുള്ള കുട്ടിയാണ്.. സുമുഖിയും… പേര് “സ്വപ്ന”
‘അമ്മ പറഞ്ഞു തീരും മുൻപ് ഞാൻ പറഞ്ഞു കഴിഞ്ഞിരുന്നു..നെക്സ്റ്റ്..
എന്നാൽ ഇന്നാ “മലർ”… എനിക്ക്.ലഡ്ഡു പൊട്ടി…
ആഹാ …അമ്മ പറഞ്ഞു തീരുന്നതിന് മുൻപ് ഞാൻ പറഞ്ഞു എവിടെ ..ഫോട്ടോ ഒന്ന് കാണിച്ചെ..(മനസ്സിൽ പ്രേമം സിനിമ ഓടി മറഞ്ഞു)
അമ്മയുടെ മറുപടി ശ്വാസംമുട്ടൽ കൂട്ടുന്നതായിരുന്നു …കാപ്പിക്ക് വേറെ ഒന്നും ഇല്ല ഇവിടെ ഇരുന്ന കുറച്ച് മലരുണ്ട്..വേണേൽ തിന്നോ..