ഓർമ്മക്കൂട്ട്

ഷാജി ഇടപ്പള്ളി

തൊടികളിലോടിക്കളിച്ചിരുന്നയെൻ
ബാല്യമിന്നെനിക്കോർമ്മകൾ മാത്രം
വീടൊന്നു ചൊല്ലുവാനാകാത്ത
കിടപ്പാട മുറ്റങ്ങളിലൊരു കോണിൽ
കളിവീട് കെട്ടിക്കളിച്ചും
സാരിത്തലപ്പുകൾ ചേർത്തു കൂട്ടി
കലകൾ പലകുറിയരങ്ങേറിയതും
ടീച്ചറും കുട്ട്യോളും കള്ളനും പോലീസും
അച്ഛനുമമ്മയും വീട്ടകം കളരികളായതും
കളിക്കളം ഇരുട്ടിൽ മുങ്ങുവോളം
അമ്മതൻ വിളികൾ കാതിലെത്തുംവരെ
മണ്ണിൽ കുഴഞ്ഞു വിയർത്തു കുളിച്ചു
കളിച്ച കാലം മറന്നീടാനാകുമോ..
കൂട്ടമായ് കൂട്ടുകാരായയൽവക്കങ്ങളിൽ
കളിച്ചുല്ലസിച്ച കളികളൊന്നും കണി
കാണുവാനില്ലയീ കുട്ട്യോൾക്കുമറിയില്ല
തല്ലു പിടിച്ചാലും വഴക്കിട്ടു പോയാലും
നേരം പുലർന്നാലോർക്കാത്ത പിള്ളേർ
പട്ടിണി കൂടപ്പിറപ്പായി കൂട്ടിനുള്ളപ്പോഴും
ഉള്ളതു പങ്കിട്ടു വിശപ്പു മറന്നവർ
ആൺകുട്ടി പെൺകുട്ടി വേർതിരിവറിയാതെ
ജാതി മത ചിന്തയുമെന്തെന്നലട്ടാതെ
പഠിക്കാൻ മറക്കാതെ പഠിച്ചു നടന്നതും
പിന്നിട്ട ബാല്യകാലമെപ്പോഴും
മധുരസ്മൃതികളുടെ വർണക്കൂട്ടാണല്ലോ..

Leave a Reply

Your email address will not be published. Required fields are marked *