25ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള മത്സരവിഭാഗത്തിലേക്ക് ചുരുളിയും ഹാസ്യവും
ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മത്സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘ചുരുളി’, ജയരാജ് സംവിധാനം ചെയ്ത ‘ഹാസ്യം’ എന്നീ ചിത്രങ്ങള്‍ തെരഞ്ഞെടുത്തു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.സംവിധായകന്‍ മോഹന്‍ ചെയര്‍മാനും എസ്. കുമാര്‍, പ്രദീപ് നായര്‍, പ്രിയ നായര്‍, ഫാദര്‍ ബെന്നി ബെനഡിക്ട് അംഗങ്ങളുമായ സമിതിയാണ് മലയാളം സിനിമകള്‍ തെരഞ്ഞെടുത്തത്. മത്സരവിഭാഗത്തിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്ന് മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ‘കോസ’, അക്ഷയ് ഇന്ദിക്കര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘സ്ഥല്‍ പുരാല്‍’ എന്നിവയും തെരഞ്ഞെടുത്തു.
മലയാളം സിനിമാ ടുഡേ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ചിത്രങ്ങള്‍: ഗ്രാമവൃക്ഷത്തിലെ കുയില്‍ (കെ.പി. കുയില്‍), സീ യു സൂണ്‍ (മഹേഷ് നാരായണന്‍), സന്തോഷത്തിന്റെ ഒന്നാം രഹസ്യം (ഡോണ്‍ പാലത്തറ), ലൗ (ഖാലിദ് റഹ്മാന്‍), മ്യൂസിക്കല്‍ ചെയര്‍ (വിപിന്‍ ആറ്റ്‌ലി), അറ്റന്‍ഷന്‍ പ്ലീസ് (ജിതിന്‍ ഐസക് തോമസ്), വാങ്ക് (കാവ്യ പ്രകാശ്), പക- ദി റിവര്‍ ഓഫ് ബ്‌ളഡ് (നിതിന്‍ ലൂക്കോസ്), തിങ്കളാഴ്ച നിശ്ചയം (സെന്ന ഹെഗ്‌ഡേ), പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ (ശംഭു പുരുഷോത്തമന്‍), ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 (രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍), കയറ്റം (സനല്‍കുമാര്‍ ശശിധരന്‍).
ഇന്ത്യന്‍ സിനിമാ നൗ വിഭാഗത്തില്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍: മൈല്‍ സ്റ്റോണ്‍ (ഇവാന്‍ ഐര്‍- ഹിന്ദി, പഞ്ചാബി, കാശ്മീരി), നാസിര്‍ (അരുണ്‍ കാര്‍ത്തിക്ക് -തമിഴ്), ഹോഴ്‌സ ടെയില്‍ (മനോജ് ജഹ്‌സന്‍, ശ്യം സുന്ദര്‍- തമിഴ്), ദി ഡിസൈപ്പിള്‍ (ചൈതന്യ തമാനേ- മറാത്തി, ഇംഗ്‌ളീഷ്, ഹിന്ദി, ബംഗാളി), പിഗ് (തമിഴ്- തമിഴ്), വെയര്‍ ഈസ് പിങ്കി (പൃഥ്വി കൊനാനൂര്‍- കന്നഡ), ദി ഷെപ്പേഡസ് ആന്റ് സെവന്‍ സോംഗ്‌സ് (പുഷ്‌പേന്ദ്ര സിംഗ്- ഹിന്ദി). സണ്ണി ജോസഫ് ചെയര്‍മാനും നന്ദിനി രാംനാഥ്, ജയന്‍ കെ. ചെറിയാന്‍, പ്രദീപ് കുര്‍ബ, പി.വി ഷാജികുമാര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ഇന്ത്യന്‍ സിനിമകള്‍ തെരഞ്ഞെടുത്തത്.
കമല്‍, ബീന പോള്‍, സിബി മലയില്‍, റസൂല്‍ പൂക്കുട്ടി, വി.കെ. ജോസഫ് എന്നിവരടങ്ങുന്ന സമിതിയാണ് കലൈഡോസ്‌കോപ്പ് വിഭാഗത്തിലെ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ചിത്രങ്ങള്‍:1956, മധ്യ തിരുവിതാംകൂര്‍ (ഡോണ്‍ പാലത്തറ- മലയാളം), ബിരിയാണി (സജിന്‍ ബാബു- മലയാളം), വാസന്തി (ഷിനോസ് റഹ്മാന്‍, സജാസ് റഹ്മാന്‍- മലയാളം), മയര്‍ ജോംജര്‍ (ഇന്ദ്രാണില്‍ റോയ് ചൗധരി- ബംഗാളി), ഇല്ലിരളാരെ അല്ലിഗെ ഹൊഗളാരെ (ഗിരീഷ് കാസറവള്ളി- കന്നഡ), അപ്പ്, അപ്പ് ആന്റ് അപ്പ് (ഗോവിന്ദ് നിഹ്ലാനി- ഇംഗ്ളീഷ്).