മഹാനടനത്തിന്റെ അരങ്ങിലെ അരനൂറ്റാണ്ട്

അരങ്ങിൽ അരനൂറ്റാണ്ട് തികയ്ക്കുകയാണ് മഹാനടന ഇതിഹാസം മെഗാസ്റ്റാർ മമ്മൂട്ടി. സുഖകരമായ ഒരു യാത്രയിലൂടെയല്ല പ്രേക്ഷകരുടെ മമ്മൂക്ക ഈ വർഷങ്ങൾ പൂർത്തിയാക്കിയതും മലയാള സിനിമയുടെ നെടുംതൂണായി വളർന്നതും. വിജയങ്ങളുടെയും തിരിച്ചടികളുടെയും തിരിച്ചുവരവിന്റെയും കഥകളുണ്ട് ഈ യാത്രയ്ക്ക്.

1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. അന്നത്തെ താരങ്ങളായ സത്യൻ, നസീർ, ഷില എന്നിവരെ നിരത്തി സേതുമാധവൻ സംവിധാനം ചെയ്ത സിനിമയിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങിയ നടൻ ഇന്ന് മലയാളസിനിമാ ചരിത്രത്തിൽ നടനവിസ്മയമായി തിളങ്ങുന്നു. ഷോട്ടിന്റെ ഇടവേളയിൽ മയങ്ങുന്ന സത്യൻ മാസ്റ്ററുടെ കാൽ തൊട്ട് വണങ്ങിയാണ് മമ്മൂട്ടി എന്ന നടൻ സിനിമയുടെ വിസ്മയലോകത്തേക്ക് കാലെടുത്തുവച്ചത്.ഒരു പാട്ട് സീനിൽ വള്ളത്തിൽ പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരനായിട്ടായിരുന്നു മമ്മൂട്ടിയുടെ തുടക്കം. ഒരുപക്ഷെ അന്ന് ആരും വിചാരിച്ച് കാണില്ല ആ വള്ളത്തിൽ കയറി പങ്കായം പിടിച്ചിരിക്കുന്ന പൊടിമീശക്കാരൻ മലയാള സിനിമയുടെ അമരക്കാരനാകുമെന്ന്‌. ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങൾ പാളിച്ചകളാണ് ’.


എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന സിനിമയിലാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ ആദ്യമായി അഭിനയിച്ചത്. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. 1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. ഈ ചിത്രത്തിലെ മാധവൻകുട്ടിയെന്ന കഥാപാത്രത്തിൽ നിന്നുമാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം ആരംഭിക്കുന്നത്.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചു. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങൾ (മൂന്ന് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയർ പുരസ്കാരങ്ങൾ, കേരള- കാലിക്കറ്റ് സർവകലാശാലകളിൽ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ മമ്മൂക്ക സ്വന്തമാക്കി.

കേരളത്തിലെ പതിനാലു ജില്ലകളിലെ ഭാഷകളും ഭാഷാശൈലിയും തന്റെ കയ്യിൽ ഭദ്രമാണെന്ന് പലയാവർത്തി തെളിയിച്ചിട്ടുള്ള താരമാണ് മമ്മൂട്ടി. തൃശൂർക്കാരൻ പ്രാഞ്ചിയേട്ടൻ, കോട്ടയത്തുകാരൻ കുഞ്ഞച്ചൻ, വടക്കൻ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരൻ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കൻകുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്കരപട്ടേലർ, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തൻ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും മമ്മൂക്കയുടെ കൈകളിൽ ഭദ്രം.

മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂക്കയുടേത്. അഭിനയത്തിൽ 50 വർഷം പൂർത്തിയാക്കുകയാണ് മമ്മൂട്ടിയെന്ന മഹാനട൯. പ്രായമേറുംതോറും ചെറുപ്പമാകുന്ന ആ നടനതികവിനു മുന്നിൽ ഇന്നും ആരാധകർ ആർപ്പുവിളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *