98ാം വയസ്സിൽ വിവാഹ രംഗങ്ങൾ പുനരാവിഷ്കരിച്ച് റോയ്സ് – ഫ്രാങ്കി വൃദ്ധദമ്പതികൾ
കാലിഫോര്‍ണിയ: വിവാഹ രംഗങ്ങൾ പുനരാവിഷ്കരിച്ച് വൃദ്ധദമ്പതികൾ. കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നു അല്ലേ. 1944 സെപ്റ്റംബർ 16 നാണ് റോയ്സും ഫ്രാങ്കികിംഗും വിവാഹിതരാകുന്നത്.എന്നാൽ അന്ന് റോയ്സിന് ഔദ്യോഗിക തിരക്കുകൾ കാരണവും ഉടൻതന്നെ യുദ്ധത്തിൽ പങ്കെടുക്കേണ്ടി വന്നതിനാലും സുന്ദരമായ വിവാഹ നിമിഷങ്ങൾ ആഘോഷിക്കാൻ കഴിഞ്ഞില്ല. എന്തിന് ഓർമ്മകൾ സൂക്ഷിക്കാൻ ഒരു ഫോട്ടോ പോലും എടുക്കാൻ കഴിഞ്ഞില്ല. ഇന്ന് വൃദ്ധ ദമ്പതികൾ വിവാഹ രംഗങ്ങൾ പുനർ സൃഷ്ടിച്ചിരിക്കുകയാണ്. അവർ ഏറെ കടപ്പെട്ടിരിക്കുന്നത് ഇവരുടെ പരിചാരക സംഘമായ ക്രോയിക്സിനോടാണ്. ഇവരാണ് വിവാഹ രംഗം റീ-ക്രിയേറ്റ് ചെയ്യുവാൻ മുൻകൈയെടുത്തത്.
പതിനാലാമത്തെ വയസ്സിൽ സ്കൂളിൽ വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദമായി നാമ്പിട്ട ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 1944 – ന്‍റെ തുടക്കത്തിൽ വിവാഹനിശ്ചയം നടത്തി. രണ്ടാം ലോകമഹായുദ്ധ കാലത്ത് യുഎസ് ആർമി എയർ കോർപ്സിനൊപ്പം റോയിസിനെ വിദേശത്തേക്ക് വിന്യസിപ്പി ക്കുന്നതിന് മുൻപ് വിവാഹം കഴിക്കുവാൻ തീരുമാനിച്ചു.എന്നാൽ കാര്യമായി തയ്യാറെടുക്കാൻ കഴിഞ്ഞില്ല.ചുരുങ്ങിയ സമയംകൊണ്ട് ഓൽവെയിനിലുള്ള അവരുടെ പ്രദേശിക പള്ളിയിൽ വിവാഹം നടത്തി. വിവാഹത്തിനുള്ള ഗൗൺ പോലും എടുക്കാൻ സമയം കിട്ടിയില്ല.
എട്ട് മാസം മുമ്പാണ് ക്രോയിക്സ് എന്ന പരിചാരകസംഘം ഇവരെ നോക്കിതുടങ്ങിയത്. ഇതിലെ ജീവനക്കാരിലൊരാൾ അവരുടെ വിവാഹവാർഷികമാണെന്ന് കണ്ടെത്തി. വിവാഹ ഫോട്ടോകൾ കാണിച്ചു തരാമോയെന്ന് ആവശ്യപ്പെട്ടു. എന്നാൽ അങ്ങനെ ഒരു ഫോട്ടോ പോലും കാണിക്കാൻ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വിവാഹ നിമിഷങ്ങൾ വീണ്ടും പുനരാവിഷ്കരിക്കാൻ തീരുമാനിച്ചത്. തുടർന്ന് 68 വർഷമായി താമസിക്കുന്ന വീടിന്റെ പിൻഭാഗത്തെ പൂന്തോട്ടത്തിൽ വിവാഹ രംഗം പുനഃസൃഷ്ടിക്കാൻ ഏർപ്പാടാക്കിയത്. റോയ്സ് തന്റെ സൈനിക യൂണിഫോമും ഫ്രാങ്കി മനോഹരമായ വെള്ള ഗൗണും ധരിച്ചാണ് എത്തിയത്. സെന്റ് ക്രോയ്ക്സിന്റെ മ്യൂസിക് തെറാപ്പിസ്റ്റ് ബ്രാൻഡൻ 40 കളിലെ ക്ലാസിക് രംഗങ്ങൾ വായിച്ചപ്പോൾ ഫ്രാങ്കി വളരെ സന്തോഷവതിയായി പൂക്കളുമായി ഇടനാഴിയിലൂടെ നടന്നുവന്നു. പരിചാരക കമ്പനിയിലെ അംഗങ്ങളെല്ലാം ചേർന്ന് വസ്ത്രം, മ്യൂസിക്, കേക്ക്, പൂക്കൾ, പ്രൊഫഷണൽ ഫോട്ടോഗ്രാഫേഴ്സ് തുടങ്ങി എല്ലാ സജ്ജീകരണങ്ങളും സജ്ജമാക്കി.
” ഇതൊരു മാന്ത്രിക നിമിഷമായിരുന്നു. കണ്ടുമുട്ടിയ നിമിഷം പോലെ ഇന്നും അവർ പ്രണയത്തിലാണ്. അമ്മയ്ക്കുവേണ്ടി യൂണിഫോം ധരിക്കുന്നതിൽ അച്ഛൻ വളരെ അഭിമാനിച്ചിരുന്നു. അമ്മയ്ക്ക് തന്നെ ലാളിക്കുന്നത് വളരെ ഇഷ്ടമായിരുന്നു. അവർ മുഴുവൻ സമയവും പരസ്പരം മിന്നി തിളങ്ങുകയായിരുന്നു. പരസ്പരം വളരെ അർപ്പണബോധമുള്ള വരും പ്രതിബദ്ധത ഉള്ളവരുമാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിൽ അവർ സന്തോഷിക്കുന്നു. ഈ കാലങ്ങൾക്കെല്ലാം ശേഷം അവരുടെ ഒരു വിവാഹ ഫോട്ടോ കിട്ടുന്നു എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്ന്കാലിഫോർണിയയിലെ ചിക്കോയിൽ നിന്ന് വിരമിച്ച ഡെന്റൽ ഹൈജീനിസ്റ്റായ മകൾ സ്യൂ ബിലോഡെയു (68) പറഞ്ഞു. അവർ എപ്പോഴും നല്ല മാതാപിതാക്കളായിരുന്നു.മറ്റുള്ളവരെ കാണിക്കാൻ ഒരു വിവാഹ ആൽബം കിട്ടിയതിൽ വളരെയധികം സന്തോഷിക്കുന്നുയെന്ന് സ്യൂ പറയുന്നു. കുടുംബ വീട്ടിലാണ് റോയ്സും ഫ്രാങ്കിയും താമസിക്കുന്നത്.