വിവാഹ ഫോട്ടോയില്‍ ഭാര്യക്ക് വിഷാദം;എട്ട് വര്‍ഷങ്ങള്‍ക്കപ്പുറം ആ ദിനം റി ക്രീയേറ്റ് ചെയ്ത് യുവാവ്

ഭാര്യയുടെ ആഗ്രഹ സഫലീക‍രണത്തിന് വിവാഹ‍ദിന ചടങ്ങുകൾ പുനരാവിഷ്കരിച്ച് യുവാവ്.വിവാഹം കഴിഞ്ഞ് എട്ടാം വർഷമാണ് വിവാ‍ഹദിന ചടങ്ങുകൾ വീണ്ടും ആവർത്തിച്ച് ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുകയാണ് ദമ്പതികള്‍.

വെഞ്ഞാറമൂട് കോട്ടു‍കുന്നം മണ്ഡ‍പക്കുന്ന് കിളിക്കൂട്ടിൽ വി.അനീഷ്– ഡോ.വൈ.എസ്.രജിത ദമ്പതികളാണ് വിവാഹ‍ദിനം പുനരാവിഷ്കരിച്ച് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേനേടിയത്.

2014 ഡിസംബർ 29നായിരുന്നു ഇവരുടെ വിവാഹം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാർഥിനിയും. ഇടപെടൽ രക്ഷിതാക്കളുടെ തീരുമാനത്തിൽ മാറ്റം വരുത്തി. വിവാഹ ചടങ്ങുകൾ ഒന്നുമില്ലാതെ പെൺകുട്ടിയെ വന്നു വിളിച്ചു കൊണ്ടു പോകാൻ അനീഷിന്റെ കുടുംബത്തിനെ അറിയിച്ചുവെന്നും അനീഷ് ഫേസിബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.


അനീഷിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അനീഷ് രജിതയെ മിന്നു ചാർത്തി ജീവിത സഖിയാക്കി.

അനീഷിന്‍റെ പോസ്റ്റ് വായിക്കാം

ന്തായാലും എന്നായാലും ഇവിടൊരു പോസ്റ്റ്‌ ഇട്ടില്ലെങ്കിൽ മ്മളൊക്കെ ജീവിച്ചിരുന്നു ന്നതിനു എന്തേലുമൊക്കെ തെളിവ് വേണ്ടേ 😌😍
സംഭവം വിചാരിക്കാതെ കളറായി. പഴയ ആൽബത്തിൽ നിറയെ കരഞ്ഞ ചിത്രങ്ങൾ ആയതുകൊണ്ട്. ചേച്ചി വഴി ഒരു ഫോട്ടോഷൂട്ട് ചെയ്തതാണ്. സംഭവം മ്മടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ചേട്ടനും കൂട്ടുകാരും കൂടി മാധ്യമങ്ങളിൽ എത്തിച്ചു. പക്ഷെ ചില ഓൺലൈൻ മാധ്യങ്ങളിൽ വന്ന വാർത്ത ശെരിക്കും മനഃസമാധനം നഷ്ടപ്പെടുത്തി എന്ന് വേണം പറയാൻ, കാരണം ഇതൊന്നും വൈറൽ ആകാൻ വേണ്ടി ചെയ്തതോ അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ പോലും അറിയിച്ചു ചെയ്തതോ അല്ലായിരുന്നു എന്നുള്ളതാണ് സത്യം..
അത് കൊണ്ട് തന്നെ പരിഭവങ്ങളുടെയും പരാതികളുടെയും പ്രവാഹം ആയിരുന്നു… ന്തായാലും കഥ ഇവിടെ കിടക്കട്ടെ….
ഇവർക്ക് ഭ്രാന്താണ്.. അല്ലെങ്കിൽ വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ്.
ആരുടെയൊക്കെയോ ഉള്ളിൽ കിടന്നങ്ങു പിറുപിറുക്കുകയാണ്. പക്ഷെ നേരിട്ട് ചോദിക്കുന്നില്ലന്ന് മാത്രം. ചിത്രത്തിന് പിന്നിലെ കഥയിലേക്ക് വരാം.രണ്ട് കാല ഘട്ടത്തിൽ എടുത്ത ചിത്രങ്ങളാണ്. ഒന്നിൽ ചിത്രം സ്വന്തം വിവാഹത്തിന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിൽക്കുന്ന പെൺകുട്ടിയാണ്. എന്നെ പ്രണയിച്ചു പോയി എന്ന കാരണത്താൽ എല്ലാവരും ഉണ്ടായിട്ടും അനാഥത്വത്തിലേക് വീണ ദിനം.. അല്ല.. ദിവസങ്ങൾ…
എല്ലാം ഒരു തരത്തിൽ ഞാൻ കാരണം.
ഒളിച്ചോടി വിവാഹം കഴിച്ചതല്ല അതിനു താല്പര്യവും ഇല്ലായിരുന്നു.. വീട്ടുകാരെ വിട്ട് പെണ്ണ് ചോദിച്ചു. M. Com പഠിച്ചു നിൽക്കുന്ന പെൺകുട്ടിയെ പന്ത്രാണ്ടം ക്ലാസ് യോഗ്യത മാത്രം ഉള്ള സ്വന്തമായി വീട് പോലും ഇല്ലാത്തവന് പൊന്നു പോലെ നോക്കിയ പെൺകുട്ടിയെ എങ്ങനെ കൊടുക്കാനാ ? അതുകൊണ്ട് തന്നെ വീട്ടുകാരെ അന്നും ഇന്നും കുറ്റം പറഞ്ഞിട്ടില്ല. വീട്ടിലെ ചില സാഹചര്യങ്ങൾ അവളെ എന്നിലേക്ക്‌ അടുപ്പിച്ചു എന്നതാണ് മറ്റൊരു വിഷയവും. അതൊക്കെ അവിടെ നിക്കട്ടെ. പെണ്ണ് ചോദിച്ച രാത്രി ഒരുപക്ഷെ ശിവരാത്രി തന്നെ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സംസാരത്തിനിടയിൽ രാവിലെ എന്റെ വീട്ടുകാരോട് വന്നു വിളിച്ചുകൊണ്ടു പൊയ്ക്കോണം എന്നായി. ഒടുവിൽ അമ്മയും ഒരു ചേച്ചിയും കൂടി ചെന്ന് വിളിച്ചുകൊണ്ടു വന്നു. വൈകുന്നേരം 3 മണിക്കുള്ള ശുഭമുഹൂർത്തത്തിൽ കീഴായിക്കോണം സ്മിത ഓഡിറ്റോറിയത്തിൽ വച്ചു വിവാഹം.🥰❤ കൂടെ പിറന്നതും അല്ലാത്തതുമായ പെണ്ണ് കെട്ടാത്ത ചേട്ടന്മാർ പ്ലിംഗസ്യ ആയിരുന്നെങ്കിലും കട്ടക്ക് കൂടെ നിന്നിരുന്നു. അറ്റ്ലസ് രാമചന്ദ്രൻ സാറിന്റെ ചിട്ടി അന്നത്തെ കാലത്തു ഉണ്ടായിരുന്നത് കൊണ്ട് നേരത്തെ തന്നെ താലിയും മാലയും സെറ്റ് ആയിരുന്നു 😌 അന്നൊക്കെ വാടക വീട്ടിൽ ആയിരുന്നതു കൊണ്ട് കല്യാണം കഴിഞ്ഞും നേരെ അങ്ങട് തന്നെ ആയിരുന്നു.. പിന്നെ നടന്നതൊക്കെയും വാശിയേറിയ ജീവിതം ആയിരുന്നു. പരസ്പരം സ്നേഹിച്ചും ബഹുമാനം നൽകിയും അഡ്ജസ്റ്റ് ചെയ്തും ആവോളം പ്രണയിച്ചു ദേ അങ്ങനെ…ഇങ്ങനെ…
അന്ന് മുതൽ പോകുന്ന എല്ലാ വിവാഹ ചടങ്ങുകളിലും പലപ്പോഴും അവളുടെ കണ്ണു നിറഞ്ഞു തുളുമ്പുന്നത് കണ്ടിട്ടും ഞാൻ കാണാതെ നിന്നിട്ടുണ്ട്.. അവളുടെ വിവാഹവും ഇങ്ങനെ നടക്കാനുള്ളതായിരുന്നു എന്നുള്ള ചിന്തയായിരുന്നു എന്നുള്ളത് എനിക്ക് മനസിലാക്കാൻ സമയം എടുത്തില്ല.
പലരും വീട്ടുകാർ അറിയാതെ പോയി വിവാഹം കഴിച്ചു വളരെ സന്തോഷത്തോടെ ഫോട്ടോ എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുമ്പോഴും ചോദ്യം വരും.. എങ്ങനെയാണു ഈ കുട്ടികൾക്ക് സന്തോഷത്തോടെ ഇങ്ങനെ നിൽക്കാൻ സഹിക്കുന്നത്?? സാഹചര്യം ആകും അല്ലെ.. അതെന്തോ ആകട്ടെ..
അങ്ങനെ അന്നുമുതൽ വർഷങ്ങളായി കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു സന്തോഷത്തോടെ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങണം എന്നുള്ളത്. വീട്ടുകാർ എല്ലാം ഒരുമിച്ചു. വീടും ആയി. എല്ലാ വീട്ടിലും പോലെ ദുഃഖങ്ങളും സന്തോഷങ്ങളും ഒക്കെ നമുക്കും ഉണ്ട്‌. പഠിക്കാനുള്ള ആവേശം ഉള്ളതുകൊണ്ട് ഓൾക്ക് ഒരു കുഞ്ഞ് ഡോക്ടറേറ്റും കിട്ടി. എന്നാൽ മനസ്സിൽ കിടന്ന വിഷമങ്ങളിൽ ആ ഒരെണ്ണം… അതങ്ങനെ നീറ്റലായി മനസ്സിൽ കിടന്നു. കാര്യം അത്രയേറെ പ്രിയപ്പെട്ട മീര ചേച്ചിയോട് പറഞ്ഞു. സംഭവം നടത്തിയാൽ പോരെ എന്നൊരു മറുചോദ്യം ആയിരുന്നു 😍 പറയുന്ന സമയം കൊണ്ട് ബ്രൈഡലും ഫോട്ടോഗ്രാഫി യും സ്റ്റേജും ഒക്കെ റെഡി. പിന്നെ നമ്മുടെ കുഞ്ഞ് മാലാഖ അമ്മുവും ❤❤❤
ക്രെഡിറ്റ്‌ എല്ലാം ചേച്ചിക്കും ചേച്ചിയുടെ സ്വന്തം നാച്ചുറൽസ് അക്കാദമിക്ക് അവകാശപ്പെട്ടത്. ❤❤❤
ഒരുപാടൊരുപാട് സന്തോഷം….
വർഷങ്ങളുടെ കാത്തിരുപ്പുകളിൽ സ്വപ്‌നങ്ങൾ പൂവണിയുമ്പോൾ അത് കാണുന്നതും അനുഭവിക്കുന്നതും ഒരു ഹരം തന്നെയാണ്. ചുറ്റുമുള്ളവർക്ക് സന്തോഷം പകരാനും, സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ വേണ്ടന്ന് വയ്ക്കാനും മ്മക്കെങ്ങനെ കഴിയാനാണ്. പിന്നെ ചിലർക്കുള്ള മറുപടിയും ഇങ്ങനെ ആയിക്കോട്ടെന്ന് കരുതി.🥰❤❤🥰

Leave a Reply

Your email address will not be published. Required fields are marked *