തത് ത്വം അസിലൂടെ വിനീത ടീച്ചര്‍ പാടുകയാണ്; സംഗീതം തപസ്യയാക്കിയ കലാകാരി

പാര്‍വതി

ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിന്റെ പ്രാധാന്യം സമൂഹത്തിന് നല്‍കുന്നതിനായി തയാറാക്കിയ തത് ത്വം അസി എന്ന ആല്‍ബത്തിലെ അര്‍ദ്ധനാരീശ്വരം ആരാധയാമി എന്ന സംഗീതം ആലപിച്ച ഗായിക വിനീത ടീച്ചര്‍ തന്റെ സ്വരമാധുരിയിലൂടെ ആരാധക ഹൃദയം കീഴടക്കുകയാണ്.

കഴിഞ്ഞ ദിവസം ചലച്ചിത്ര നടി മാലാ പാര്‍വ്വതിയുടെ ഫേയ്‌സ് ബുക്ക് പേജില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ശിവ ശക്തി എന്ന ആശയം ഉള്‍ക്കൊണ്ട് ഏതാനും കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കിയ ഒരു നൃത്ത സംഗീത ആല്‍ബത്തെപറ്റിയാണ് മാലാ പാര്‍വ്വതി സംസാരിച്ചത്. പ്രശസ്ത കവിയും സംഗീതക്ഞ്ജനുമായ മുദ്ദുസ്വാമി ദിക്ഷിതര്‍ ചിട്ടപ്പെടുത്തിയ മനോഹരമായ ഗാനം ആല്‍ബത്തിനായി പാടിയ പ്രിയ കൂട്ടുകാരിയും തിരുവനന്തപുരം വിമന്‍സ് കോളേജിലെ സംഗീത അധ്യാപിക ഗായികയുമായ വിനീത ടീച്ചറിനെ പറ്റി ആണ് താരം ഏറെ നേരം വാചാലയായത്. സംഗീതം ജീവിതത്തിനൊപ്പം കൂട്ടിയ വിനീത ടീച്ചര്‍ മനസ് തുറക്കുന്നു.

ആറാം വയസ്സില്‍ സംഗീതലോകത്തേയ്ക്ക് പിച്ചവച്ചു

കുട്ടിക്കാലം മുതല്‍ പാട്ടിനോട് അഭിരുചി ഉണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ചില പരിചയക്കാര്‍ മാതാപിതാക്കളോട് സംസാരിച്ചു. അങ്ങനെ മ്യൂസിക് ക്ലാസ്സില്‍ ചേര്‍ക്കനുള്ള തീരുമാനത്തില്‍ എത്തി. തുടര്‍ന്ന് ആറാം വയസ്സില്‍ ഹരിപ്പാട് ഉള്ള കരുണാകരന്‍ സാറിന്റെ കീഴില്‍ ആരംഭിച്ച ആ പഠനം വര്‍ഷങ്ങളോളം നീണ്ടു. അദ്ദേഹം വീട്ടില്‍ വന്ന് ആണ് പാട്ട് പഠിപ്പിച്ചത്. എട്ടാം ക്ലാസ്സിന് ശേഷം പ്രശസ്ത സംഗീത സംവിധായകനായ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥന്‍ മാഷിന്റെ ശിഷ്യത്വം സ്വീകരിച്ചു. സ്‌കൂള്‍ കാലഘട്ടം കഴിഞ്ഞപ്പോള്‍ ഉപരി പഠനത്തിന് മ്യൂസിക് തന്നെ മതി എന്ന് മനസ്സ് പറഞ്ഞു. ഇറമണ്‍കര എന്‍ എസ് എസ് കോളേജില്‍ ആയിരുന്നു ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സംഗീതത്തില്‍ പി ജിയും എംഫില്ലും കരസ്ഥമാക്കി. പാല്‍ക്കുളങ്ങര അംബികാ ദേവി, ഓമനക്കുട്ടി എന്നിവരില്‍ നിന്നും ഉള്‍ക്കൊണ്ട പാഠങ്ങള്‍ കരിയറില്‍ മുന്നേറാന്‍ സഹായിച്ചു. ഒരുപാട് അദ്ധ്യാപകര്‍ ഉണ്ട് എങ്കിലും, രവീന്ദ്രനാഥന്‍ മാസ്റ്ററുടെ ക്ലാസ്സുകള്‍ ഇപ്പോഴും ഞാന്‍ മുടക്കാറില്ല.

മ്യൂസിക്കിന് താല്‍ക്കാലിക ഇടവേള നല്‍കി സര്‍ക്കാര്‍ സര്‍വീസിലേയ്ക്ക്

സംഗീതമായിരുന്നു മനസ്സില്‍ നിറയെ. എങ്കിലും പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ സാധാരണ ഉദ്യോഗാര്‍ത്ഥികള്‍ ചെയ്യുന്നതു പോലെ പി എസ് സി പരിശീലിച്ചു. ആ ശ്രമം പാഴായില്ല. പഞ്ചായത്ത് വകുപ്പ് ക്ലര്‍ക്കിന്റെ പോസ്റ്റ് നേടി എടുത്തു. അവിടെ നിന്നും സെക്രട്ടറിയേറ്റ് അസിസ്റ്റന്റിലേക്ക്. എങ്കിലും കച്ചേരികള്‍ മുറുകെ പിടിച്ചു. സ്വപ്നം വഴി മാറി പോകാന്‍ അനുവദിച്ചില്ല. ആ മനസ്സുറപ്പും കഠിന പ്രയത്‌നവും ലക്ഷ്യത്തില്‍ എത്താന്‍ സഹായിച്ചു. പി എസ് സി വഴിയാണ് മ്യൂസിക് ടീച്ചര്‍ വേക്കന്‍സിയിലേക്ക് അപേക്ഷിച്ചത്. ആദ്യം പാലക്കാട് ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം ലഭിച്ചു. രണ്ടാമത് ഇപ്പോള്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വിമന്‍സ് കോളേജിലും. എന്റെ അഭിപ്രായത്തില്‍ സംഗീതം എന്ന് പറയുന്നത് ഹരിതാഭമായ ഒരു വിഷയം ആണ്. ഒരിക്കലും അത് കേള്‍വിക്കാരെ നിര്‍മോഷരാക്കുന്നില്ല അതു കൊണ്ട് തന്നെ ഞാന്‍ ഏറ്റവും അധികം സ്‌നേഹിക്കുന്ന സംഗീതത്തിലൂടെ ഒരു പ്രൊഫഷന്‍ കൈവന്നത് ഭാഗ്യമായി കാണുന്നു.

തത് ത്വം അസി എന്ന മൂസിക്ക് ആല്‍ബത്തില്‍ നിന്ന്

തത് ത്വം അസി ഭക്തിയും യുക്തിയും; ഊന്നല്‍ സാമൂഹിക അവബോധത്തിന്

ഈ ഒരു അല്‍ബത്തിന് ശരിക്കും മൂന്ന് ഭാഗങ്ങള്‍ ഉണ്ട്. പാട്ട്, നൃത്തം, ചിത്രീകരണം എന്നിങ്ങന്നെ…. ഇതെല്ലാം ഒരു തട്ടില്‍ ക്രമപ്പെടുത്താന്‍ കുറച്ച് പ്രയാസ്സപ്പെട്ടു. അര്‍ദ്ധനാരീശ്വരം ആരാധയാമി എന്ന ഗാനമാണ് ഇതിനായി സെലക്ട് ചെയ്തത്. സാഹിത്യവും കലയും മുറുകെ പിടിച്ച ഒരു പ്രതിഭ ആണ് മുദ്ദുസ്വാമി ദിക്ഷിതര്‍. വരികള്‍ കുറിച്ചിടാന്‍ മാത്രമല്ല, അതിന് ഈണം നല്‍കാനും ഭാഗവതര്‍ താല്‍പര്യം പ്രകടിപ്പിച്ചു. അത്തരത്തില്‍ ഒരു കാവ്യമാണ് ഇത്. പി എച്ച് ഡി വര്‍ക്കിന്റെ ഭാഗമായി ഞാന്‍ ദിവസവും മ്യൂസിക് പ്രാക്ടീസ് നടത്താറുണ്ട്. അങ്ങനെ ആണ് കുമുദക്രിയ രാഗത്തിലുള്ളതും അപൂര്‍വുമായ ഈ ഒരു കൃതി ശ്രദ്ധയില്‍ പെട്ടത്. അര്‍ദ്ധനാരീശ്വര സ്തുതി ആയതിനാല്‍ ആണ് ഇത് എന്നെ ആകര്‍ഷിച്ചത്. ശിവ ശക്തി എന്ന ആശയം ഭക്തിയിലൂടെ അവതരിപ്പിച്ച് സാമൂഹിക അവബോധം സൃഷ്ടിക്കുക എന്നത് ആയിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ശിവനും പാര്‍വ്വതിയും കൂടി ചേരുമ്പോള്‍ രൂപപ്പെടുന്ന അജയ്യശക്തി എന്ന സങ്കല്‍പ്പത്തെ വരച്ചു കാട്ടുന്നതിലൂടെ ജനങ്ങളുടെ കാഴ്ചപ്പാടില്‍ മാറ്റം വരുത്താന്‍ സാധിക്കും എന്നും വിശ്വസിക്കുന്നു. വര്‍ഷങ്ങളായി ട്രാന്‍സ്‌ജെന്റര്‍ എന്ന വിഭാഗം നമ്മുടെ സമൂഹത്തില്‍ നേരിടുന്ന അവഗണന വളരെ വലുതാണ്. ഇന്നും അവരെ അംഗീകരിക്കാന്‍ പലരും കൂട്ടാക്കുന്നില്ല. ഈ ഒരു അനീതിയെ തിരുത്തേണ്ടത് ആവശ്യം ആണ്. സാധാരണ പൗരന്‍ അനുഭവിക്കുന്ന എല്ലാവിധ അവകാശങ്ങളും, ഇവര്‍ക്കു ബാധകമാണ്. എന്നാല്‍, ഭൂരിഭാഗം ആളുകളും അത് മനസ്സിലാക്കുന്നില്ല. അതു കൊണ്ട് തന്നെ ആണ് ഈ കണ്‍സെപ്റ്റ് ഞങ്ങള്‍ മുറുകെ പിടിച്ചത്. മഹത്വപൂര്‍ണ്ണമായ ആശയം ആണ് ശിവശക്തി. അപ്പോള്‍ അത്രയധികം പ്രാധാന്യം ഉള്ളവര് തന്നെയാണ് ട്രാന്‍സ്ജന്റേഴ്‌സ്. ഭക്തിയേക്കാള്‍ ഉപരി സോഷ്യല്‍ അവയര്‍നസ്സിന് ഊന്നല്‍ കൊടുത്തു. കുറച്ച് ശതമാനം ജനങ്ങളിലേക്ക് എങ്കിലും ഈ അറിവ് എത്തിക്കണം.

തത് ത്വം അസിയുടെ അണിയറ പ്രവര്‍ത്തകര്‍

പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ മൃദംഗ വിഭാഗം അദ്ധ്യാപകനായ അനീഷ് കുമാര്‍ കുട്ടംപേരൂരിന്റെ മനസ്സില്‍ ഉദിച്ച ഭാവനയെ സംവിധാനത്തിലൂടെ ജീവിപ്പിച്ചത് അഭിരാം രമേശ് ആണ്. വാദ്യവൃന്ദം ആനന്ദ് ജയറാമും, കൃഷ്ണലാലും. തബല വായിച്ചിരിക്കുന്നത് പ്രശാന്ത് ആണ്. നൃത്ത കൊറിയോഗ്രാഫര്‍ മിഥിലാലയ ഡാന്‍സ് സ്‌കൂളിലെ അദ്ധ്യാപികയായ മൈഥിലി ടീച്ചര്‍. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് ചുവടുകള്‍ വെയ്ച്ചിരിക്കുന്നത് സിനിമാ താരം ദേവകി രാജേന്ദ്രനും, വിധുന്‍ കുമാറുമാണ്. ദുര്‍ഗ്ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പുറത്ത് ഇറക്കിയ ഈ ദൃശ്യവല്‍ക്കരണം ജോസഫ് രാജു തടത്തില്‍ ഛായാഗ്രഹണം ചെയ്തു. ഒരുപാട് പേരുടെ കൂട്ടായ പരിശ്രമം ഇതിന് പിന്നിലുണ്ട്. സാഹിത്യത്തിന് കലയിലൂടെയുള്ള സാമൂഹിക അറിവ് എന്നതാണ് ഈ ആല്‍ബത്തിലൂടെ വ്യക്തമാകുന്നത്.

വിനീത ടീച്ചറുടെ കുടുംബം

ചിറയന്‍ കീഴിന്റെ പാരമ്പര്യത്തില്‍ അഭിമാനം; കുടുംബത്തിന്റെ പിന്‍ബലം ശക്തി

പ്രേം നസീര്‍, ഭരത് ഗോപി തുടങ്ങിയ പ്രതിഭകളുടെ നാടായ ചിറയിന്‍കീഴ് ആണ് സ്വദേശം. അമ്മ അംബികയും അച്ഛന്‍ പദ്മനാഭന്‍ പിള്ളയും സംഗീത ജീവിതത്തിന് കരുത്തായി ഒപ്പമുണ്ടായിരുന്നു. ഒപ്പം ഏക സഹോദരന്‍ ജീവനും. വിവാഹ ശേഷം സംഗീത പരിശീലനം കുറച്ച് മുടങ്ങിയെങ്കിലും ഭര്‍ത്താവ് ഹരികുമാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനാണ് അദ്ദേഹം ഇപ്പോള്‍ മുംബൈയിലാണ്. രണ്ട് മക്കളാണ്. മകന്‍ ആദിത്യ ശങ്കര്‍ പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഇളയ മകള്‍ അന്വിത ദുര്‍ഗ്ഗ മൂന്നാം ക്ലാസിലും

മഴ പാട്ടില്‍ ലയിക്കാന്‍ ആഗ്രഹം

പുതിയ പ്രോജക്ടുകള്‍ക്കും പദ്ധതിയിടുന്നുണ്ട്. മഴ പശ്ചാത്തലമായി ഒരു ആല്‍ബം ഒരുങ്ങുന്നുണ്ട്. ഇതിന് വേണ്ട കവിതയ്ക്കായ് ഒരു സാഹിത്യകാരനെ കണ്ടെത്തി കഴിഞ്ഞു. സംഗീത സംവിധായകനെ തേടികൊണ്ടിരിക്കുയാണ്. വളരെ സാവകാശം മാത്രമേ മറ്റ് വര്‍ക്കുകളെ കുറിച്ച് ആലോചിക്കുന്നുള്ളൂ. കാരണം, ഒരു കലാരൂപം ധൃതിയില്‍ തീര്‍ത്താല്‍ അതിന് പെര്‍ഫെക്ഷന്‍ കാണില്ല. അതിനാല്‍ ഒരു പാട് സമയം എടുത്ത് ചിന്തിച്ചതിന് ശേഷം മാത്രമേ ജോലികള്‍ ആരംഭിക്കു. ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു ജോലിയാണ് എനിക്കുള്ളത്. അതിലൂടെ ഈ ജീവിതം മുഴുവന്‍ സംഗീതത്തില്‍ അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *