അതിര്‍ത്തിക്ക് കാവലാളായി ആതിര

ചീറിപായുന്ന വെടിയുണ്ടകളെ ചങ്കുറപ്പോടെ സധൈര്യം നേരിടുമ്പോള്‍ താന്‍ ഒരു പെണ്ണാണെന്ന് അവള്‍ ഒരിക്കല്‍പോലും ഓര്‍ത്തിട്ടാകില്ല. ശത്രുക്കള്‍ തന്‍റെ മണ്ണിലേക്ക് വരണമെങ്കില്‍ അത് തന്‍റെ മരണശേഷമായിരിക്കും എന്നു കരുതുന്ന ഒരുപാട് സ്ത്രീകള്‍ നമ്മുടെ രാജ്യസുരക്ഷയ്ക്ക് കാവലാളായുണ്ട്. അത്തരത്തില്‍ കാശ്മീർ താഴ്‌വരയിലെ ഗന്ധർബല്ലിലെ ഇന്ത്യയുടെ സൈനീക പോസ്റ്റിൽ ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആതിര കെ. പിള്ളയുടെ വിശേഷമാണ് ഇന്നത്തെ നേട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വനിതാ സൈനീകർ നിരവധിയുണ്ടെങ്കിലും രാജ്യത്തിൻ്റെ അതിർത്തിയിൽ ആതിരയുടെ സാന്നിധ്യം മഹത്തരമാണ്. അഞ്ഞൂറ് പേരടങ്ങിയ ക്യാമ്പിൽ ആതിരയെ കൂടാതെ ഒമ്പത് വനിതകളാണുള്ളത്.ആസാം, ഒഡീഷ, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള വരാണ് മറ്റ് വനിതകൾ. ഗന്ധർബല്ലിലെ മനോഹാരിത മനം കവരുമ്പോഴും തൻ്റെ ലക്ഷ്യത്തിൽ നിന്ന്അ ണുവിട വ്യതിചലിക്കാതെ രാജ്യസുരക്ഷയുടെ കാവൽക്കാരിയായി കർമ്മനിരതയാകുകയാണ് ആതിര

അസം റൈഫിൾസിലെ റൈഫിൾ മൂവ്മെൻ്റ് ജനറൽ ഡ്യൂട്ടി തസ്തികയിലാണ് ആതിര ജോലി ചെയ്യുന്നത്.നാട്ടുകാർക്ക് സൈന്യത്തോടുള്ള ഭയമില്ലാതാക്കി അകലം കുറയ്ക്കുകയാണ് തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലി. പുരുഷ സൈനീകർ ചെയ്യുന്ന പെട്രോളിംഗ് ഉൾപ്പടെയുള്ള എല്ലാ ജോലികളും വനിതകളും ചെയ്യാറുണ്ട്. 2017 ജൂലൈ മാസത്തിലാണ് സൈന്യത്തിൽ ചേർന്നത്. നാല് മാസം മുമ്പാണ് കാശ്മീർ അതിർത്തി ജില്ലയായ ഗന്ധർബല്ലിൽ നിയോഗിക്കപ്പെട്ടത്. തുടക്കത്തിൽ നിസ്സഹകരണം കാണിച്ചിരുന്നെങ്കിലും ഇപ്പോൾ സൈനീകരോടുള്ള തദ്ദേശീയരുടെ സമീപനത്തിൽ മാറ്റം വന്നതായി  ആതിര പറയുന്നു. പഠിച്ച് വലുതാകുമ്പോൾ നിങ്ങളെ പോലെ ജോലി ചെയ്യണമെന്ന് ഗന്ധർബല്ലിലെ പെൺകുട്ടികൾ തങ്ങളോട് പറയാറുണ്ടെന്ന്  ആതിര സമൂഹമാധ്യമത്തിൽ ഷെയർ ചെയ്ത വീഡിയോയിൽ പങ്കുവെയ്ക്കുക്കുന്നു.

പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ കയറി പരിശോധന നടത്തുമ്പോഴും സ്ത്രീകൾ   അടക്കമുള്ളവരുടെ ദേഹപരിശോധന നടത്തുമ്പോഴും തദ്ദേശീയരുടെ നിസ്സഹകരണം ഇല്ലാതാക്കുകയെന്നതാണ് ഇവരുടെ ലക്ഷ്യം. അതിർത്തിയിലെ ജനങ്ങൾക്ക് ദേശസ്നേഹം വർധിപ്പിക്കുക എന്ന ചുമതലയും  ഇവർക്കുള്ളതാണ്. അതി മനോഹരവും വളരെ സംഘർഷ ബാധിത പ്രദേശമാണ് മധ്യ കാശ്മീർ. ആതിര ഗന്ധർബെല്ലിൽ നിന്നും പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പെൺ കുട്ടികൾ ഉൾപ്പടെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ സൈനീകയുടെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നത്. സ്ത്രീ പീഡനവും, അത്മഹത്യയും നിരന്തരം ചർച്ച ചെയ്യുന്ന ഈ കാലത്ത് ആതിര ഒരുപാട് പേർക്ക് പ്രചോദനമാകുന്നു.

അസാം റൈഫിൾസിലെ ഏക മലയാളി സാന്നിധ്യമാണ് ഇരുപത്തിയഞ്ചുകാരിയായ ആതിര കെ.പിള്ള. സൈനീകനായിരിക്കെ 13 വർഷം മുമ്പാണ് അച്ഛൻ കേശവപിള്ള മരിച്ചത്. അച്ഛൻ മരിക്കുമ്പോൾ  ആതിരയ്ക്ക് വയസ്സ് 12. മന്ദിരം എൽ .പി .എസ്. ,വി.എച്ച്.എസ് താമരക്കുളം എന്നിവിടങ്ങളിലായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആതിര ബിരുദവും നേടിയതോടെയാണ് സേനയിൽ ജോലി തേടി പോയത്. ചെറുപ്പം മുതൽ അച്ഛൻ്റെ ജോലിയോട് താത്പ്പര്യമുണ്ടായിരുന്നതായി ആതിര പറയുന്നു. കുടുംബക്കാർ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ആതിരയുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ എല്ലാവരും സമ്മതം നൽകി.

കായംകളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കേതിൽ കേശവപിള്ളയുടേയും ജയലക്ഷ്മിയുടേയും മകളാണ് അതിര. പ്രവാസിയായ സ്മിതീഷ് പരമേശ്വരറാണ് ഭർത്താവ് . സഹോദരൻ അഭിലാഷ്. സ്മിതീഷിന് സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല.ഇപ്പേൾ ഭാര്യയിലൂടെ ആഗ്രഹ സാഫല്യയമായെന്ന് സ്മിതീഷ്.സാഹചര്യം ഒത്തുവന്നാൽ ഓണത്തിന് നാട്ടിൽ വരാനിരിക്കുകയാണ് ആതിര. സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേരാണ് ഈ രാജ്യ സേവകയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *