വാട്സ് ആപ്പ് വഴി പണം നല്‍കുമ്പോള്‍ ശ്രദ്ധിക്കണം; തട്ടിപ്പ് സംഘങ്ങള്‍ വലവിരിച്ച് കാത്തിരിപ്പുണ്ട്
സൈബര്‍കേസുകളില്‍ അധികവും പണതട്ടിപ്പാണ്. ഫോൺകോളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പലരൂപത്തിൽ സൈബർ പണത്തട്ടിപ്പ് സംഘങ്ങൾ വലവിരിച്ച് ഇരയെ തേടുന്നു. ഏറ്റവുമൊടുവിലിതാ കുടുംബാംഗങ്ങളുടെ പേരിലും തട്ടിപ്പ് നടന്നിരിക്കുന്നു. വിദേശത്തുള്ള ആരുടെയെങ്കിലും പേരിൽ അയാളുടെ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ പണം കടം ചോദിച്ച് വാട്സാപ്പിൽ സന്ദേശം അയച്ചാണ് തട്ടിപ്പ്. ചുരുക്കത്തിൽ കുടുംബാംഗങ്ങൾ ആരെങ്കിലും പണം കടം ചോദിച്ചാൽപ്പോലും വ്യക്തമായ അന്വേഷണം നടത്തിയതിനുശേഷം മാത്രമേ നൽകാൻ പാടുള്ളൂവെന്ന് സാരം.
കാരണം, വിദേശത്തുള്ള ബന്ധുവിന് പണം അയച്ചുനൽകിയതിന്റെ പേരിൽ പാലാ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത് 5000 രൂപയാണ്.നാട്ടിലുള്ള സുഹൃത്തുക്കൾ ‘എപ്പോഴാണ് പണം തരിക’ എന്നു ചോദിച്ച് നാളുകളായി വിളിക്കുന്നുണ്ടെങ്കിലും ഇപ്പോൾ ഇറ്റലിയിലുള്ള ഇടുക്കി സ്വദേശിയായ യുവാവിന് കാര്യം മനസ്സിലായിരുന്നില്ല. അവരൊന്നും തന്നോട് പണം ചോദിക്കേണ്ട കാര്യം ഇല്ല എന്നതുകൊണ്ടുതന്നെ അത്തരം ചോദ്യങ്ങളും മെസേജുകളും അവഗണിക്കുകയാണ് ഈ യുവാവ് ചെയ്ത്. എന്നാൽ, കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ പാലായിലുള്ള ഈ യുവാവിന്റെ മാതൃസഹോദരീ പുത്രൻ പണം തിരികെ ചോദിച്ചതോടെയാണ് തന്റെ പേരിൽ ഗുരുതരമായ സൈബർ തട്ടിപ്പ് നടന്നതായി ഈ യുവാവിന് മനസ്സിലായത്
പണം നൽകി ഒരാഴ്ചയ്ക്കുശേഷവും തിരികെ ലഭിക്കാതെ വന്നപ്പോഴാണ് നേരിട്ട് ബന്ധപ്പെട്ടത്. ഇതോടെ കബളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുകയായിരുന്നു.