വിലപേശാൻ മടിക്കേണ്ട ; മനസ്സിലാക്കാം ബാർഗേയ്നിംഗ് ടിപ്സ്.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിലപേശി സാധനങ്ങൾ വാങ്ങാത്തവരായി ആരും തന്നെയില്ല. നാം വാങ്ങാനുദ്ദേശിക്കുന്ന ഉൽപ്പന്നത്തിന്റെ വില ന്യായമല്ലെന്ന് തോന്നുമ്പോഴാണ് പലപ്പോഴും വിലപേശി വാങ്ങാനുള്ള പ്രവണത ഉപഭോക്താവിന് ഉണ്ടാകുന്നത്. കച്ചവടക്കാരൻ പ്രസ്തുത ഉൽപ്പന്നത്തിന് അമിത വില ഈടാക്കിയെന്ന് തോന്നുന്ന പക്ഷം അത് വില പേശി തന്നെ വാങ്ങുക. അമിത വില നൽകി കൈയിലെ കാശ് കളയുന്നതിനു പകരം ന്യായമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങി ഷോപ്പിങ്ങിൽ സംതൃപ്തരാവുന്നതാണ് നല്ലത്.ആയതിനാൽ നിങ്ങൾ വാങ്ങുന്ന സാധനങ്ങൾക്ക് ന്യായവില അല്ലെന്ന് തോന്നിയാൽ വില പേശാൻ മടിക്കണ്ട. ഈ സാഹചര്യത്തിൽ വില പേശുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ഒരു ഉപഭോക്താവ് ശ്രദ്ധിക്കേണ്ടത്. ചില ബാർഗേയ്നിംഗ് ടിപ്സ് നോക്കാം.
• നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നത്തിന്റെ വില ന്യായമല്ലെന്ന് തോന്നുന്ന പക്ഷം നിങ്ങൾക്ക് വിലപേശാവുന്നതാണ്. വിലപേശുമ്പോൾ ഉൽപന്നത്തിന്റെ വില കച്ചവടക്കാരൻ നേരിയതായി കുറച്ചേക്കാം. എന്നിരുന്നാലും അത് ന്യായമായ വിലയല്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുക. നിങ്ങൾ എന്ത് വിലയാണ് നൽകാൻ താൽപര്യപ്പെടുന്നതെന്ന് കച്ചവടക്കാരൻ ചോദിക്കാം. അപ്പോൾ നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നതിനും താഴ്ത്തി വില പറയുക. കച്ചവടക്കാരൻ അതിലും അല്പം വില ഉയർത്തി അനുയോജ്യമായ വിലയിലെത്തിച്ചേരും.
• അഥവാ കച്ചവടക്കാരൻ വില താഴ്ത്താൻ തയ്യാറല്ലെങ്കിൽ ഉൽപ്പന്നം വേണ്ടെന്ന് പറഞ്ഞ് പിൻവാങ്ങാം. നിങ്ങളുടെ പെട്ടെന്നുള്ള പിൻമാറ്റം കച്ചവടക്കാരനെ വില കുറയ്ക്കാൻ പ്രേരിപ്പിക്കും.
• മറ്റൊരു പ്രധാനകാര്യം നിങ്ങൾ പറഞ്ഞ വിലയോട് കച്ചവടക്കാരൻ യാതൊരു വിധത്തിലും യോജിക്കുന്നില്ലെങ്കിൽ നിങ്ങൾ പറഞ്ഞ വില ഉൽപ്പന്നത്തിന്റെ യഥാർത്ഥ വിലയേക്കാൾ വളരെ താഴെയാണെന്ന് അനുമാനിക്കാം.
• യഥാർത്ഥത്തിൽ ഉൽപ്പന്നങ്ങൾക്ക് വിലപേശുന്നത് രസകരമായ ഒരു ഗെയിം കൂടിയാണ്. ഭൂരിഭാഗം കച്ചവടക്കാരും ഈ ഗെയിം ഇഷ്ടപ്പെടാറുണ്ട്. ഇത് വാങ്ങുന്നയാളുമായി തുറന്ന ആശയവിനിമയത്തിനുള്ള സാധ്യതയാണ് ഉണ്ടാക്കുന്നത്.ഒപ്പം ഉൽപന്നങ്ങൾ വിറ്റഴിയുകയും ചെയ്യും.
ഈയിടങ്ങളില് വില വിലപേശരുത്
വില ന്യായമല്ലെന്ന് കണ്ടാൽ വിലപേശുന്നതിൽ തെറ്റില്ല. എന്നാൽ എല്ലായിടത്തും വിലപേശുകയും അരുത്.റസ്റ്റോറന്റിലെ ബിൽ, ട്രെയിൻ – ഫ്ളൈറ്റ് ടിക്കറ്റ് ചാർജ്, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊന്നും വിലപേശൽ പാടില്ല. എന്നാൽ ലഭ്യമാകുന്ന സേവനങ്ങളിൽ പാകപ്പിഴവോ ക്രമക്കേടോ കണ്ടാൽ ചോദ്യം ചെയ്യാനും മടിക്കരുത്.വിലപേശാനും ഒരു മിടുക്ക് വേണം.മിടുക്കില്ലാത്തവർ ഈ പണിക്കുപോയാൽ ചിലപ്പോൾ മണ്ടത്തരം പറ്റിയെന്നു വരാം. അതുകൊണ്ട് ശ്രദ്ധിക്കുക.
ആവശ്യത്തിന് പണം കയ്യിൽ കരുതുക
കയ്യിൽ അഞ്ചു പൈസ വയ്ക്കാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് എന്നിവ മാത്രം കയ്യിൽ കരുതി മ ഷോപ്പിംഗ് ആസ്വദിക്കാൻ ഇറങ്ങുന്നവരുണ്ട്. പക്ഷേ റോഡരികിൽ നിന്നും ഒരു കരിക്ക് കുടിക്കണമെന്നു തോന്നിയാൽ എന്താവും അവസ്ഥ. അവിടെ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ കാർഡൊന്നും ഒന്നും ഉപയോഗപ്പെടില്ല.പണത്തിന് പണം തന്നെ വേണം.
അതുപോലെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് സ്വീകരിക്കണമെന്നില്ല. പണം കയ്യിൽ കരുതുകയെന്നാൽ പണം അനാവശ്യമായി ചെലവഴിക്കപ്പെടുമെന്നല്ല അർത്ഥം. എന്നാൽ ക്രെഡിറ്റ് കാർഡിന്റെ സ്ഥിതി അതായിരിക്കുകയില്ല. അമിതമായി പണം ചെലവഴിക്കാൻ അത് നമ്മെ പ്രേരിപ്പിക്കും.
പ്രൊഡക്റ്റ് റിസർച്ച്
പരസ്യങ്ങളിലെ വിലക്കുറവ് കണ്ട് ആവേശത്തിൽ കടയിൽച്ചെന്ന് ഉൽപന്നം സ്വന്തമാക്കും മുമ്പെ ഉൽപ്പന്നത്തെക്കുറിച്ച് നല്ലൊരു റിസർച്ച് നടത്തുക. അതേ ഉൽപന്നത്തിന് മറ്റ് കടകളിലുള്ള വില എത്രയാണ്. എത്ര ശതമാനം വിലക്കിഴിവ് ഉണ്ട്. ഗുണ നിലവാരത്തെക്കുറിച്ചും വിൽപ്പനാനന്തരമുള്ള സേവനങ്ങളെക്കുറിച്ചുമൊക്കെ നന്നായി മനസ്സിലാക്കി വേണം ഉൽപന്നം വാങ്ങേണ്ടത്.
തന്ത്രം മനസ്സിലാക്കുക
വിലപേശൽ ഒരു തന്ത്രമാണ്. വിലപേശൽ എന്ന തന്ത്രം വളരെ വിദഗ്ദ്ധമായി വേണം അവതരിപ്പിക്കാൻ. എന്താണ് ഉൽപ്പന്നത്തിന്റെ വില എന്നതിനു പകരം നിങ്ങളെന്ത് വിലയാണ് കൊടുക്കുവാൻ ഉദ്ദേശിക്കുന്നതെന്ന നയതന്ത്രപരമായ ചോദ്യത്തിലൂടെ കാര്യത്തിലേക്ക് കടക്കുക.നല്ല ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നത് ഏറ്റവും പ്രധാനമാണ്. ചോദ്യം ഉറച്ചതായാൽ ചിലപ്പോൾ വിൽപനക്കാരന് നിങ്ങളിൽ താൽപര്യം തോന്നാം. വില കുറയ്ക്കുകയും ചെയ്യും. എന്നാൽ ഒട്ടും ആത്മവിശ്വാസമില്ലാതെയും സങ്കോചത്തോടെയുമാണ് വിലപേശലെങ്കിൽ വിൽപനക്കാരൻ അതെ വിലയിൽ തന്നെ ഉറച്ചുനിൽക്കും.
മാന്യമായ വിലപേശൽ
എങ്ങനെയും വില കുറക്കുക എന്ന ഒറ്റ ഉദ്ദേശത്തിൽ വളരെ താഴ്ന്ന വില പറയുന്നത് ശരിയല്ല. അത് ഗുണത്തേകാൾ ദോഷമാവും ചെയ്യുക. അത് വിൽപനക്കാരനെ അപമാനിക്കുന്നതിന് തുല്യമാണ്. ചോദിച്ച വിലയുടെ 25% കുറച്ചു പറയുന്നതാണ് ഏറ്റവും നല്ല തന്ത്രം. അല്ലാതെ യാതൊരു മാന്യതയും ഇല്ലാതെ വില താഴ്ത്തി പറയുന്നത് ഒഴിവാക്കുക. ഇത്തരം സാഹചര്യങ്ങളിൽ പർച്ചെയ്സിംഗ് തന്ത്രമറിയാവുന്ന ഒരു സുഹൃത്തിന്റെ സഹായം തേടാവുന്നതാണ്.
യാത്രക്കാർ ശ്രദ്ധിക്കുക
ഇന്ത്യപോലുള്ള വികസിത രാജ്യങ്ങളിൽ മാത്രമല്ല, അങ്ങ് യൂറോപ്പിന്റെ ചില ഭാഗങ്ങളിലും വിലപേശൽ ശക്തമായി തന്നെയുണ്ട്. അപരിചിതമായ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന സഞ്ചാരികൾ കച്ചവട തന്ത്രങ്ങളിൽപ്പെട്ട് ചതിക്കപ്പെടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഓട്ടോ-ടാക്സി ചാർജ്, ഷോപ്പിംഗ് എന്നിവയിലാണ് പലപ്പോഴും സഞ്ചാരികൾ വഞ്ചിക്കപ്പെടുക. എന്നാൽ കച്ചവടക്കാരുടെ തന്ത്രങ്ങൾ അറിയുന്നവരാകട്ടെ ഇത്തരം ചതിക്കുഴികളിൽ വീഴാതെ രക്ഷപ്പെടാറുമുണ്ട്. യാത്രയ്ക്ക് മുൻപ് തന്നെ സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം, രാജ്യം എന്നിവയെക്കുറിച്ച് പരമാവധി വിവരങ്ങൾ മനസ്സിലാക്കുക. അത്തരം സ്ഥലങ്ങൾ നേരത്തെ സന്ദർശിച്ച സുഹൃത്തുക്കളോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുക.നല്ലൊരു ഗൈഡിന്റെ സഹായം തേടുക.
ചിലർ വിലപേശുന്ന കാര്യത്തിൽ അല്പം ചമ്മലും നാണക്കേടും കൊണ്ട് വിലപേശലിന് മുതിരാറില്ല. അല്ലെങ്കിൽ വിലപേശിയാൽ കച്ചവടക്കാരന് നഷ്ടമുണ്ടാകുമെന്ന് കരുതി അതൊഴിവാക്കുന്നവരുമുണ്ട്. എന്നാൽ അത്തരം കാര്യങ്ങൾ ചിന്തിക്കേണ്ടതില്ല. വിലപേശൽ നടത്തേണ്ടത് ആവശ്യമാണെങ്കിൽ സാധനങ്ങളും സേവനങ്ങളും വിലപേശി തന്നെ മേടിക്കുക.
ദേഷ്യപ്പെട്ട് വിലപേശുന്നതിന് പകരം വളരെ സമാധാനത്തോടെ സൗഹൃദ മനോഭാവത്തോടെ വിലപേശൽ നടത്തുക. ഒരു എൻജോയബിൾ ഗെയിം ആക്കുന്നതാണ് ബുദ്ധി. കാരണം നിങ്ങൾ ആരേയും ചതിക്കാനോ ചൂഷണം ചെയ്യാനോ അല്ല ശ്രമിക്കുന്നത്. കൂടാതെ രൂപയുടേയും ഡോളറിന്റെയും വിനിമയ നിരക്കിനെപ്പറ്റി നല്ല ധാരണയുണ്ടാവണം. ചിലപ്പോൾ കച്ചവടക്കാരന് ഇത്തരം കാര്യങ്ങളിൽ വലിയ അറിവുണ്ടാവണമെന്നില്ല.
ഷോപ്പിംഗ്… ഷോപ്പിംഗ്…
ഒരു ഉല്പന്നത്തോട് ഇഷ്ടം തോന്നിയാൽ ചാടിക്കയറി അത് വാങ്ങുന്നതിന് പകരം മറ്റ് കടകളിലും അതെ ഉൽപന്നത്തിന്റെ വിലയും കാര്യങ്ങളും അന്വേഷിക്കുക. കൂടാതെ ടൂറിസ്റ്റ് ഷോപ്പിംഗ് കേന്ദ്രങ്ങളെ അപേക്ഷിച്ച് പുറത്തുള്ള സ്ഥലങ്ങളിൽ പൊതുവെ വിലക്കുറവായിരിക്കുമെന്ന് അറിഞ്ഞിരിക്കുക.
പ്രദേശവാസികൾ ഈ ഉൽപ്പന്നത്തിന് നൽകുന്ന വില ശ്രദ്ധിക്കുക. പലപ്പോഴും പ്രദേശവാസികളെ അപേക്ഷിച്ച് ടൂറിസ്റ്റുകളാണ് അമിത വില നൽകി സാധനങ്ങളും മറ്റും വാങ്ങുക. പ്രദേശവാസികളെ അപേക്ഷിച്ച് ടൂറിസ്റ്റുകൾ ധനികന്മാരാണെന്ന ധാരണയിലാണ് കച്ചവടക്കാർ ലാഭം ലാക്കാക്കി ഇത്തരം ചൂഷണങ്ങൾക്ക് മുതിരുന്നത്.
ഷോപ്പിംഗിന് പരിധി നിശ്ചയിക്കുക
കണ്ണിൽ കണ്ടതൊക്കെ വില പോലും നോക്കാതെ വാങ്ങിക്കൂട്ടുന്നത് വലിയ നഷ്ടം ഉണ്ടാക്കാം. ഷോപ്പിംഗിന് മുൻകൂട്ടി പരിധി നിശ്ചയിക്കുക. സാധനങ്ങൾ വാങ്ങിക്കൂട്ടി സ്വന്തം രാജ്യത്തേക്ക് മടങ്ങുമ്പോഴുണ്ടാകുന്ന അധിക ചാർജ്, കൊണ്ടുപോകുന്നതിനിടയിലുണ്ടാകുന്ന ഡാമേജ് എന്നിവ നഷ്ടമുണ്ടാക്കാം. അമൂല്യമായ എന്തെങ്കിലും വസ്തു,പെയിന്റിംഗ്, ശില്പം പോലുള്ളവ വിലപേശി തന്നെ വാങ്ങുക.
ശരിയായ വിലപേശൽ
വിലപേശുന്ന കാര്യത്തിൽ കച്ചവടക്കാരും ഒട്ടും പിറകിലല്ല. മുൻകൂട്ടി നിശ്ചയിച്ച സ്ക്രിപ്റ്റിനനുസരിച്ചാവും ഇവരും വിലപേശലിൽ മുന്നേറുക. ഇരുകൂട്ടരുടേയും പ്രധാന ലക്ഷ്യം ലാഭം മാത്രം ആയിരിക്കും. ഒടുക്കം ഇരുകൂട്ടർക്കും സ്വീകാര്യമായ വിലയിലെത്തുകയും ചെയ്യും. അതാണ് ശരിയായ വിലപേശലിന്റെ ധർമ്മവും.