നാടിന്റെ സ്വന്തം സൂപ്പർഹീറോ; ഇടിവെട്ടായി മിന്നൽ മുരളി!
എസ്തെറ്റിക് വോയജർ
നാടിന്റെ സ്വന്തമായി ഒരു സൂപ്പർഹീറോ. നമ്മുടെ നാട്ടിൽ ഇതുവരെയുള്ള സ്വന്തം സൂപ്പർഹീറോകളുടെ ലിസ്റ്റ് എടുത്താൽ മനുഷ്യനായി നമ്പോലനും ചാത്തനായി ഒരു മായാവിയും ഒക്കെ മാത്രമാണ് ഉണ്ടായിരുന്നത്. സിനിമയിൽ സ്വന്തമായി ഒരു കുട്ടിച്ചാത്തനും. അവിടെ ശൂന്യമായി കിടന്നിരുന്ന സിംഹാസനത്തിലേക്കാണ് മിന്നൽ മുരളിയുടെ വരവ്. ഇത് മിന്നൽ മുരളിയുടെ മാത്രം കഥയല്ല, ഉറ്റവരെല്ലാം നഷ്ടപ്പെട്ടു പ്രണയം എരിഞ്ഞമർന്നപ്പോൾ പ്രതികാരത്തിനിറങ്ങിയ അതിമാനുഷികനായ ഷിബുവിന്റെ കഥ കൂടിയാണ്.

ഒരു കാർട്ടൂൺ പരുവത്തിൽ പോകേണ്ടിയിരുന്ന കഥയെ നന്നായി പരുവപ്പെടുത്തി കുറുക്കൻമൂലയിൽ പ്രതിഷ്൦ിച്ചിരിക്കുന്നു, ഒരു പാളിച്ചകളുമില്ലാതെ. ചിത്രം കൊണ്ടിരിക്കുമ്പോൾ അതിമാനുഷികതയെ കുറിച്ച് ചിന്തിക്കാതെ നമ്മൾ കഥയ്ക്ക് ഒപ്പം സഞ്ചരിക്കും. സിനിമയുടെ അവസാനം മാത്രമാണ് നായകന് അതിമാനുഷികശക്‌തിയുണ്ടായി എന്ന് മുരളിയെ പോലെ പ്രേക്ഷകനും വിശ്വസിച്ചു തുടങ്ങുക. അതുകൊണ്ടു തന്നെ മിന്നൽ മുരളിക്ക് ഒരു രണ്ടാം ഭാഗം ഇറങ്ങുന്ന കാലം വിദൂരമല്ല. അഭിനയത്തിൽ മികച്ചത് നായകനോ പ്രതിനായകനോ എന്ന് ചോദിച്ചാൽ എന്റെ വോട്ട് ഗുരു സോമസുന്ദരത്തിനാണ്. അത്രമേൽ ആയാസരഹിതമായ പകർന്നാട്ടമാണ് ഷിബു എന്ന കഥാപാത്രത്തിന് അദ്ദേഹം നല്കിയിരിക്കുന്നത്. ശാരീരികമായി ടോവിനോ ഏറെ പരിശ്രമിച്ചിട്ടുണ്ട്.

പള്ളിക്കുന്നിലെ പുണ്യാളന്റെ പെരുന്നാളിന് അനാഥനാകുന്ന ജെയ്സൺ ഒരു നാടിന്റെ നാഥനാകുന്ന ക്ലൈമാക്സ് വരെ എത്തിക്കുന്നതിൽ തിരക്കഥാകൃത്തുകളായ അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും നന്നായി പരിശ്രമിച്ചിട്ടുണ്ട്. ഇതിനെല്ലാം അമരക്കാരനായി നിന്ന ബേസിൽ ജോസഫ് ആണ് ശെരിക്കും സൂപ്പർഹീറോ. 31-ാമത്തെ വയസ്സിൽ സംവിധായകൻ എന്ന നിലയിൽ എത്തി നിൽക്കുന്ന ആ ഉയരം അയാളുടെ കഠിനാധ്വാനം തന്നെയാണ്. അതിനാണ് ആദ്യം കയ്യടിക്കേണ്ടതും. ടോവിനോയുടെ കരിയറിലെ നാഴികക്കല്ലാണ് ചിത്രം. നെറ്റ്ഫ്ലിക്സ് പോലെയൊരു അന്താരാഷ്ട്ര പ്ലാറ്റ്ഫോം ഒരുക്കിയ പ്രചാരണ തന്ത്രങ്ങൾ മാത്രം നോക്കിയാൽ മതി. അത്രയ്ക്ക് കിടിലം ഹൈപ്പാണ് അവർ മിന്നൽ മുരളിക്കായി നൽകിയത്.

ചിത്രത്തിന്റെ സീജിയും വി എഫ് എക്സും തിരിച്ചറിയാൻ കഴിയാത്തവിധം മനോഹരമാക്കിയിരിക്കുന്നു. ഷാൻ റഹ്മാ൯, സുഷിന് ശ്യാം എന്നിവരുടെ സംഗീതവും സമീർ താഹിറിന്റെ ഛായഗ്രഹണവും മികച്ചതായി. രണ്ടുവ൪ഷത്തോളം ഒരു സിനിമയ്ക്കു മാത്രമായി മാറ്റി വെച്ച നി൪മ്മാതാവ് സോഫിയ പോൾ ശരിക്കും പ്രശംസ അർഹിക്കുന്നു. ഒരു നിരാശമാത്രം- തീയേറ്ററിൽ മിന്നൽ മുരളി പറന്നിറങ്ങണമായിരുന്നു. അത് രണ്ടാം ഭാഗത്ത് പരിഹരിക്കപെടുമെന്നു പ്രതീക്ഷിക്കാം.