നിത്യഹരിത നായകൻ ഓര്മ്മയായിട്ട് 33 ആണ്ട്
ഭാവന ഉത്തമന്
മലയാള സിനിമയുടെ ഇക്കാലത്തെയും പകരം വെക്കാനാവാത്ത അതുല്യ പ്രതിഭ ശ്രീ. പ്രേം നസീറിന്റെ ഓർമ്മകൾക്ക് ഇന്ന് 33 ആണ്ട്. അദ്ദേഹം കൈകാര്യം ചെയ്ത ഓരോ കഥാപാത്രങ്ങളും അത്രമേൽ മലയാളി മനസ്സുകളിൽ പതിഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ മുൻനിര നായകന്മാരുടെ കണക്കെടുത്താൽ ആദ്യ സ്ഥാനം തന്നെ പ്രേം നസീറിന് സ്വന്തം.
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴിൽ 1926 ഏപ്രിൽ 7 ന് ജനിച്ചു. ആക്കോട് ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മൂത്ത മകനായിരുന്നു പ്രേം നസീർ. അബ്ദുൽ ഖാദർ എന്നായിരുന്നു യഥാർത്ഥ പേര്.
കഠിനംകുളം ലോവർ പ്രൈമറി സ്കൂൾ, ശ്രീ ചിത്തിര വിലാസം സ്കൂൾ, ആലപ്പുഴ എസ് ഡി കോളേജ്, സെയിന്റ് ബെർക്കുമാൻസ് കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി.
ചെറുപ്പകാലം മുതൽ തന്നെ അഭിനയരംഗത്ത് താൽപര്യമുണ്ടായിരുന്ന അദ്ദേഹം നാടകനടനായാണ് ഔദ്യോഗിക ജീവിതത്തിലേക്ക് കടന്നുവരുന്നത്.1951 ൽ ചിത്രീകരിച്ച ത്യാഗസീമ എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. നിർഭാഗ്യവശാൽ ചിത്രം റിലീസ് ചെയ്തില്ല. ഒരേസമയം പ്രേം നസീറിന്റെയും സത്യന്റെയും ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പിന്നീട് 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്രരംഗത്ത് ചുവടുറപ്പിക്കുന്നത്.
പ്രേംനസീർ എന്ന നാമം സ്വീകരിക്കുന്നതിനു പിന്നിലും ഒരു കഥയുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളി ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് നസീർ എന്ന പേര് സ്വീകരിക്കുന്നത്. പിന്നീട് ഈ പേരിനൊപ്പം പ്രേം എന്നുകൂടെ കുഞ്ചാക്കോ കൂട്ടിച്ചേർത്തു.
മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന റൊമാന്റിക് നായകനാണ് ഇദ്ദേഹം. പ്രേം നസീർ – ഷീല പ്രണയജോഡികളെ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. ഏകദേശം 130 സിനിമകളോളം ഇരുവരും നായകനും നായികയുമായി ഒത്തു ചേർന്നിട്ടുണ്ട്. മുറപ്പെണ്ണ് ( 1965), ഇരുട്ടിന്റെ ആത്മാവ്( 1967 ), കള്ളിച്ചെല്ലമ്മ ( 1969), നദി ( 1969), സീത( 1960), സഹോദരി( 1959), സത്യഭാമ( 1963), കാൽപ്പാടുകൾ ( 1962 ) തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അത്രയും ചിത്രങ്ങളിൽ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തു.
542 മലയാളചിത്രങ്ങളിൽ അഭിനയിച്ചതോടൊപ്പം, 56 തമിഴ് ചിത്രങ്ങളിലും 21 തെലുങ്ക് ചിത്രങ്ങളിലും 32 കന്നട ചിത്രങ്ങളിലും തന്റെ അഭിനയമികവ് തെളിയിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽനായകനായി അഭിനയിച്ച റെക്കോർഡും പ്രേംനസീറിന് സ്വന്തമാണ്. കടത്തനാടൻ അമ്പാടി എന്ന ചിത്രമാണ് നസീറിന്റെതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.
അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി പ്രേം നസീർ പുരസ്കാരം 1992-ൽ സ്ഥാപിച്ചു. മലയാള സിനിമയ്ക്കും ഇന്ത്യൻ സിനിമയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാഷ്ട്രപതിയുടെ പത്മഭൂഷൺ പുരസ്കാരം അദ്ദേഹത്തിനു നൽകി. സർവ്വകാല സംഭാവനകളെ മാനിച്ച് കേരളസംസ്ഥാന പ്രത്യേക ജൂറി അവാർഡ് അദ്ദേഹത്തിന് 1981-ൽ നൽകി. കൂടാതെ ഗിന്നസ് ലോക റിക്കാർഡ് മൂന്ന് വിഭാഗങ്ങളിലായി നേടിയിട്ടുണ്ട്. 2013-ൽ ഇന്ത്യൻ സിനിമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഇന്ത്യൻ സിനിമാ മേഖലയിലെ 50 പേരുടെ സ്റ്റാമ്പുകളിൽ പ്രേംനസീറിന്റെ ചിത്രവും ആലേഖനം ചെയ്തിരുന്നു. ഇതിൽ മലയാളത്തെ പ്രതിനിധീകരിച്ച് നസീറിന്റെ ചിത്രം മാത്രമാണ് ഇടം നേടിയത്.1989 ജനുവരി 16ന് രോഗബാധിതനായി അന്തരിച്ചു. ഭാര്യ : ഹബീബ ബീവി മക്കൾ : ലൈല, റസിയ, റീത്ത, ഷാനവാസ്.
മലയാള സിനിമയുടെ എക്കാലത്തെയും തീരാനഷ്ടമാണ് പ്രേംനസീറിനെ വേർപാട്. അദ്ദേഹം സമ്മാനിച്ച ഒരുപിടി നല്ല കഥാപാത്രങ്ങൾ ഇന്നും മലയാള മനസ്സുകളിൽ മരിക്കാതെ ജീവിക്കുന്നു.