പത്തുവയസ്സുകാരിക്ക് രണ്ട് സംരംഭങ്ങൾ: പതിനഞ്ചാം വയസ്സിൽ വിരമിക്കാൻ ഒരുങ്ങുന്നു
പത്ത് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ സ്വന്തമായി കോടികൾ ലാഭമുള്ള രണ്ട് ബിസിനസ് സംരംഭങ്ങളുള്ള ഒരാളെ കുറിച്ച് നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ. എന്നാൽ അങ്ങനെ ഒരാൾ ഉണ്ട്.
ഓസ്ട്രേലിയൻ സ്വദേശിയായ പിക്സി കോർട്ടിസാണ് ഈ മിടുക്കി. പത്തു വയസ്സുള്ളപ്പോൾ തന്നെ അവൾ രണ്ട് സംരംഭങ്ങളുടെ ഉടമയാണ്. പിന്നാലെ തന്റെ പതിനഞ്ചാം വയസ്സിൽ വിരമിക്കാൻ തയ്യാറെടുക്കുകയാണ് ഈകൊച്ചു സംരംഭക.
പിക്സിയ്ക്ക് രണ്ടു വയസ്സ് പ്രായമുള്ളപ്പോഴാണ് അമ്മ ജസെൻകോയ കമ്പനി ആരംഭിക്കുന്നത്. പിക്സി ബൗവ്സ് എന്നാണ് കമ്പനിയുടെ പേര്. ആദ്യസംരംഭം തന്നെ വിജയം കണ്ടതോടെ തൊട്ടുപിന്നാലെ തന്നെ മറ്റൊരു സംരംഭം കൂടി ആരംഭിക്കുകയായിരുന്നു. കുട്ടികളുടെ തലമുടി അലങ്കരിക്കാനുപയോഗിക്കുന്ന ഉൽപ്പന്നങ്ങളാണ് ഇവിടെ പ്രധാനമായും ബിസിനസ് ചെയ്യുന്നത്. ഈ രണ്ടു കമ്പനികളും പിക്സീസ് പിക്സ് എന്ന ബ്രാൻഡിലാണ് അറിയപ്പെടുന്നത്.

രണ്ട് സംരംഭങ്ങളും വളരെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ സന്തോഷത്തിലാണ് ഈ മിടുക്കി. തുടക്കത്തിൽ പിക്സിയ്ക്ക് ഈ ബിസിനസ് പ്രവർത്തനങ്ങളോട് അത്ര വലിയ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ പയ്യെപ്പയ്യെ അവൾ എല്ലാം ഇഷ്ടപ്പെട്ടു തുടങ്ങിയെന്ന് അമ്മ പറയുന്നു.
പിക്സിയുടെ അധ്വാനത്തിന് പിന്നിലും അവൾക്ക് വലിയ സ്വപ്നങ്ങളുണ്ട്. കടൽ തീരത്തോട് ചേർന്ന് ഒരു സുന്ദരമായ വീടും,ഗാരേജിൽ ഒരു ലംബോർഗിനിയും. തന്റെ ആഗ്രഹങ്ങൾ സഫലമാക്കാനുള്ള അധ്വാനത്തിലാണ് ഈ മിടുക്കി. ഈ പ്രായത്തിൽ തന്നെ പണം എങ്ങനെ പാഴാക്കാതെ സൂക്ഷിക്കാം എന്നതിലും പിക്സിയ്ക്ക് ശരിയായ ധാരണയുണ്ട്. എല്ലാവർക്കും തന്നെ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ ചെറിയ വലിയ സംരംഭക.