പെൺകുട്ടികൾക്ക് താങ്ങായി എൻ ജി ഒ : 17 വർഷത്തെ പ്രവർത്തന മികവ്

2006 മുതൽ ഫ്രീഡം ഫേം പെൺകുട്ടികളെ ഇന്ത്യയിലുടനീളമുള്ള റെഡ് ലൈറ്റ് ഏരിയകളിൽ നിന്ന് രക്ഷപ്പെടുത്തുന്നു. 2006 ലാണ് എൻജിഒ ഇതിന് തുടക്കം കുറിക്കുന്നത്. ഇതുവഴി സെക്സ് ട്രാഫിക്കിങ്ങിലേക്ക് എത്തിപ്പെട്ടവരെ മോചിപ്പിച്ചു ആവശ്യമായ സഹായം നൽകുന്നു.കുറ്റക്കാരെ ശിക്ഷിക്കുകയും പെൺകുട്ടികളുടെ നീതിക്കു വേണ്ടി പോരാടുകയും ചെയ്യുന്നു.ഇന്ത്യയിൽ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതിൽ 40 ശതമാനവും കുട്ടികളാണ്. അതവരുടെ ബാല്യം തന്നെ ഇല്ലാതാക്കുന്നു. പൂന്നൈ , നാഗ്പൂർ, രത് ലം, അലഹബാദ് , കൊൽക്കത്ത എന്നിവിടങ്ങളിൽ ഫ്രീഡം ഫേംമിന് ഓഫീസുകളുണ്ട്.

പ്രവർത്തന രീതി
ആദ്യ ഘട്ടം എന്ന നിലയിൽ, എൻജിഒ യുടെ അന്വേഷകർ ഈ നഗരങ്ങളിലും മറ്റു സ്ഥലങ്ങളിലും ഉള്ള റെഡ് ലൈറ്റ് ഏരിയകൾ പരിശോധിച്ച് ലൈംഗിക തൊഴിലിലേക്ക് നിർബന്ധിതരായി എത്തിക്കപ്പെട്ട പ്രായപൂർത്തിയാകാത്തവരെ കണ്ടെത്താൻ കഴിയുമോ എന്ന് പരിശോധിക്കുന്നു. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വേശ്യാലയങ്ങളിൽ കണ്ടെത്തി കുറ്റകൃത്യം രേഖപ്പെടുത്തുന്നു. ഇത് പോലീസിനെ അറിയിക്കുകയും , പോലീസിന്റെ സഹായത്തോടെ വേശ്യാലയങ്ങൾ റെയ്ഡ് ചെയ്യുകയും പെൺകുട്ടികളെ രക്ഷിക്കുകയും വേശ്യാലയം നടത്തിപ്പുക്കാരെയും കടത്തുക്കാരെയും അറസ്റ്റു ചെയ്യുകയും ചെയ്യുന്നു. തുടർന്ന് എഫ്ഐആർ ഫയൽ ചെയ്യുന്നു. അവരെ സർക്കാർ റിമാൻഡ് ഹോമുകളിലോ ഷെൽട്ടർ ഹോമുകളിലോ പാർപ്പിക്കും. അവർ സുരക്ഷിതരായിക്കഴിഞ്ഞാൽ ഫ്രീഡം ഫേം ടീം അവരോട് സംസാരിക്കുകയും ജീവിത നൈപുണ്യ സെക്ഷനുകളും തൊഴിൽ പരിശീലനവും നടത്തുകയും ചെയ്യുന്നു.

സെക്സ് ട്രാഫിക്കിങ്ങിൽ അകപ്പെട്ട പെൺകുട്ടികളെ പുതിയ  ജീവിതത്തിലേക്ക് എത്തിക്കലാണ് പ്രധാനം. സാക്ഷരത , ശുചിത്വം, ടൈംമ് മാനേജ്മെന്റ് എല്ലാം അവരെ പഠിപ്പിക്കുന്നു. പെൺകുട്ടികൾക്ക് തിരികെ സ്കൂളിൽ പോകണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ ചൈൽഡ് കമ്മിറ്റിയുമായി സംസാരിച്ചു അവരെ അടുത്തുള്ള ഒരു സ്കൂളിൽ ചേർക്കും. അവരുടെ ബോർഡ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് അധിക കോച്ചിംഗും നൽകുന്നു- ഫ്രീഢം ഫേം കമ്മ്യൂണിക്കേഷൻ ആന്റ് ഡവലപ്മെന്റ് അസോസിയേറ്റ് ഡയറക്ടർ ജാക്വലിൻ ഒലീവിയ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *