ദിനോസറിന്‍റെ മുട്ടകള്‍ കണ്ടെത്തി
മധ്യപ്രദേശ്: ദിനോസറുകളുടെ മുട്ടകൾ കണ്ടെത്തി. ഡൽഹി സർവ്വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. മധ്യപ്രദേശിലെ ധാർ ജില്ലയിലെ ദേശീയ പാർക്കിലാണ് അപൂർവ്വ മുട്ടകളുടെ കൂട്ടം കണ്ടെത്തിയത്. ഒന്ന് മറ്റൊന്നിനുള്ളിലായ നിലയിലുള്ള പത്ത് മുട്ടകളാണ് ഉണ്ടായിരുന്നത്.. ഇവയുടെ ചിത്രങ്ങളും ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്.
സൗരോപോഡ് ദിനോസറുകളുടെ ഗ്രൂപ്പിൽപ്പെടുന്ന ടൈറ്റനോസോറിഡ് ദിനോസറുകളുടേതാണ് മുട്ടകളെന്ന് നേച്ചർ ഗ്രൂപ്പ് ജേർണലായ സയന്റിഫിക്ക് റിപ്പോർട്ടിൽ വിശദമാക്കുന്നു. ദിനോസറുകളുടെ പ്രത്യുത്പാദന ജീവശാസ്ത്രത്തിന് ഉപയോഗപ്രദമാകുന്ന കണ്ടെത്തലാണിത്. ദേശീയോദ്യാനത്തിന് സമീപം സൗരോപോഡ് ദിനോസറുകളുടെ കൂടുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഒന്ന് മറ്റൊന്നിനുള്ളിൽ കൂടുണ്ടാക്കിയ നിലയിലായിരുന്നു മുട്ടകൾ. ഇത്തരം പ്രതിഭാസം ശാസ്ത്രജ്ഞർ ആദ്യമായാണ് കണ്ടെത്തുന്നത്. മൾട്ടി ഷെൽഡ് എഗ് ( multi-shelled eggs) എന്നാണ് ഈ അവസ്ഥയെ അറിയപ്പെടുന്നത്. സാധാരണ പക്ഷികളിൽ മാത്രമെ ഇത്തരം പ്രതിഭാസം കാണപ്പെടുന്നത്. ദിനോസറും ഉരഗങ്ങളും തമ്മിലുള്ള ബന്ധം, ദിനോസറുകളുടെ വൈവിദ്ധ്യം, അവ കൂടുണ്ടാക്കുന്ന രീതി തുടങ്ങിയവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ഈ ഫോസിലുകൾ സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.
2007ൽ ടൈറ്റനോസർ ഇനങ്ങളുടെ ആദ്യ തെളിവുകൾ കണ്ടെത്തിയതോടെയാണ് ധാർ പ്രദേശം ലോക ശ്രദ്ധനേടിയത്.ഇവിടെ നിന്നും നിരവധി ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. 2007 മുതൽ പ്രദേശത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നു.