ആരോഗ്യസംരക്ഷണത്തിനായി ആര്യവേപ്പ് നട്ടുപിടിപ്പിക്കാം
എണ്ണമറ്റ ഔഷധ ഗുണമുള്ള ഒരു ചെറുവൃക്ഷമാണ് ആര്യവേപ്പ്. ‘അസാഡിറാക്ട ഇന്‍ഡിക്ക” എന്നതാണ് ശാസ്ത്രനാമം. മാര്ഗോസിന് എന്ന ആല്‍ക്കലോയിഡ് വേപ്പ് ഇലയിലും, തൊലിയിലും അടങ്ങിയിട്ടുണ്ട്. മാര്‍ഗോസാ എന്ന എണ്ണയാണ് വേപ്പെണ്ണയായി അറിയപ്പെടുന്നത്. നിംബീനിന്, നിംബീടിന്, നിംബീന്, നിംബോ സ്റ്ററോള്‍ എന്നീ ഘടകങ്ങളും വേപ്പില്‍ അടങ്ങിയിട്ടുണ്ട്.
ഒന്നാന്തരം കീടനാശിനിയായും വേപ്പ് ഉപയോഗിക്കുന്നുണ്ട്.വേപ്പിലകഷായവും, കീടങ്ങള്‍ക്കെതിരെ മാത്രമല്ല ബാക്ടീരിയകള്‍, വൈറസുകള്‍,ഫംഗസുകള്‍ എന്നിവയ്ക്കെതിരെയും വേപ്പ് ഫലപ്രദമാണ്.
ചായങ്ങളും സോപ്പും നിര്‍മ്മിക്കുന്നതിന് വേപ്പെണ്ണ ഉപയോഗിക്കുന്നു. സസ്യജന്യ കൊതുക് തിരികള്‍ വേപ്പില ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. വേപ്പിന് പിണ്ണാക്ക് വളമായും ഉപയോഗിക്കുന്നു.ആര്യവേപ്പ് എങ്ങനെ വളര്‍ത്താമെന്ന് നോക്കാം. പത്ത്- പന്ത്രണ്ട് മീറ്റര്‍ ഉയരം വരുന്ന ഒരു ചെറു വൃക്ഷമാണ് വേപ്പ്. നല്ല പച്ചനിറത്തില്‍ വിരലോളം നീളം വരുന്ന ഇലകളുടെ വക്ക് ഈര്ച്ചവാളിന്റെ വായ്ത്തലപോലെയാണ്. നീളമുള്ള ഒരു തണ്ടില്‍ പത്ത്- പതിനഞ്ച് ഇലകളുണ്ടാകും. ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് വേപ്പ് പുഷ്പിക്കുന്നത്. പഴുത്ത കായയുടെ മാംസളമായ ഭാഗം കളഞ്ഞെടുക്കുന്ന അരിയാണ് വിത്തിനായി ഉപയോഗിക്കുന്നത്.
മുക്കാല്‍ മീറ്റര്‍ ഘനവ്യാപ്തത്തില് എടുക്കുന്ന കുഴിയില്‍ കമ്പോസ്റ്റും ഇളക്കമുള്ള മണ്ണും നിറച്ച് പാകി കിളിര്‍പ്പിച്ച തൈകള്‍ പറിച്ചു നടാവുന്നതാണ്. അസാധാരണമായ പ്രതിരോധ ശക്തി ഉള്ളതുകൊണ്ട് വേപ്പിന് തൈകളെ കീടങ്ങള്‍ ശ്രദ്ധിക്കില്ല. പ്രത്യേക പരിരക്ഷ ഇല്ലാതെ തന്നെ വേപ്പിന് തൈകള്‍ വളരും.
ആര്യവേപ്പ് സൗന്ദര്യവര്‍ദ്ധക വസ്തുവായും,മുഖക്കുരു, വയറിളക്കം, ചൊറി, അഞ്ചാംപനി, ഇഴജന്തുക്കളുടെ അക്രമണം, കൃമിശല്യം, വളംകടി എന്നിവയ്ക്കെല്ലാം ഉപയോഗിക്കുന്നു. വേപ്പിന്റെ ‘മഹത്വം’ തിരിച്ചറിഞ്ഞ് കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി ആര്യവേപ്പ് നട്ടുപിടിപ്പിക്കാം