കാലാറൂസ് ഗുഹ ; കശ്മീരിൽ നിന്ന് റഷ്യയിലേയ്‌ക്ക് രഹസ്യ തുരങ്കം
ഭൂമിയിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യമുള്ള ഒട്ടെറെ ഇടങ്ങളുണ്ട് .അവയിൽ ഒന്നാണ് കശ്മീരിലെ കുപ്‌വാരയിൽ സ്ഥിതി ചെയ്യുന്ന കാലാറൂസ് ഗുഹകൾ .(kalaroos ) വിശ്വസിച്ചാലും ഇല്ലെങ്കിലും കാലാറൂസിനെ പറ്റിയുള്ളത് അത്ഭുതങ്ങളുടെ കഥയാണ്.
ഈ ഗുഹകളിലെവിടെയോ റഷ്യയിലേക്ക് ഒരു രഹസ്യപാത ആദിമകാലം മുതൽ നിലനിന്നിരുന്നെന്നായിരുന്നു ഈ കഥ.കാലാറൂസിനു സമീപത്തു താമസിക്കുന്നവരിൽ പലരും ഈ കഥ വിശ്വസിക്കുകയും ചെയ്തിരുന്നു.
ശ്രീനഗറിൽ നിന്ന് 90 കിലോമീറ്റർ അകലെ കുപ്‌വാര മേഖലയിലെ കാലാറൂസ് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഗുഹകൾക്ക് പിന്നിൽ നിരവധി ദുരൂഹതകളുണ്ട് .റഷ്യൻ കോട്ട എന്നർഥമുള്ള” ക്വിലാ–റൂസ് “എന്ന വാക്കിൽ നിന്നാണു കാലാറൂസ് ഗുഹകൾക്ക് പേരു കിട്ടിയതെന്ന് പറയപ്പെടുന്നു . ലാസ്തിയൽ, മദ്മഡു ഗ്രാമങ്ങൾക്കിടയിലാണ് ഈ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
ലാസ്തിയാൽ ഗ്രാമത്തിന്റെ അവസാനഭാഗത്തായി സത്ബാരൻ ഒരു കല്ലുണ്ട്.സത്ബാരൻ കല്ലിൽ 7 ദ്വാരങ്ങളുണ്ട്.കശ്മീരിൽ നിന്നു റഷ്യയിലേക്കുള്ള ഏഴു വഴികളെ സൂചിപ്പിക്കുന്നതാണ് ഇതെന്നാണു ചിലരുടെ വിശ്വാസം.കാലാറൂസിലെ ഗുഹകൾ വഴി റഷ്യക്കാർ പണ്ടുകാലത്തു വന്നിരുന്നെന്നും വിശ്വസിക്കുന്നവരുണ്ട്.
“ഈ ഏഴ് വാതിലുകൾ റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഏഴ് വ്യത്യസ്ത വഴികളിലേക്ക് വിരൽ ചൂണ്ടുന്നു.റഷ്യക്കാർ ഈ തുരങ്കത്തിലൂടെ കടന്നുപോയതായി പൂർവികരിൽ നിന്ന് കേട്ടിട്ടുണ്ട്, ”എന്നുമാണ് കശ്മീരികൾ പറയുന്നത് മൂന്നു ഗുഹകളാണു കാലാറൂസ് ഗുഹകളിൽ അടങ്ങിയിട്ടുള്ളത്.ഇതിൽ ഏറ്റവും പ്രധാനം ട്രാംഖാൻ എന്ന ഗുഹയാണ്.ചെമ്പുനിക്ഷേപമുള്ള ഈ ഗുഹയ്‌ക്കുള്ളിൽ ഏതോ അജ്ഞാത ഭാഷയിൽ എഴുതിയ ബോർഡുണ്ട്.ഈ ഗുഹയ്‌ക്കുള്ളിലാണു റഷ്യയിലേക്കുള്ള തുരങ്കമെന്നാണു വിശ്വാസം.
കശ്മീരും റഷ്യയും തമ്മിൽ നാലായിരത്തോളം കിലോമീറ്റർ ദൂരമുണ്ട്.തുരങ്കത്തിന്റെ ഒരുഭാഗം കശ്മീരിലും മറുഭാഗം റഷ്യയിലുമായിരുന്നെന്നാണു നാട്ടുകാർ ധരിച്ചുവച്ചിരുന്നത്.ഈ ഗുഹകളിൽ വലിയ ജലാശയങ്ങളുണ്ടെന്നും ചില ഗ്രാമീണർ വിശ്വസിക്കുന്നു.അടുത്തിടെ ഗുഹ സന്ദർശിക്കാനെത്തിയ ഒരു കൂട്ടം യുവാക്കൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ടതായും കശ്മീരികൾ പറയുന്നു.
നൂറ്റാണ്ടുകൾക്ക് മുമ്പ് പാണ്ഡവരുടെ ആരാധനാലയമായി പ്രവർത്തിച്ചിരുന്ന ഒരു ക്ഷേത്രമായിരുന്നിരിക്കാം ‘ സത്ബരൻ’ എന്ന് വിശ്വസിക്കുന്നവരുമുണ്ട്.ഈ ഘടനകൾക്ക് സവിശേഷമായ പുരാവസ്തു പ്രാധാന്യമുണ്ട്.ഭൂമിയിൽ പകുതി കുഴിച്ചിട്ട ശ്രദ്ധാപൂർവം പണിത കല്ലാണ് സത്ബാരൻ.
ഈ ഗുഹകൾ വിദേശസഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.ഗുഹാ പര്യവേക്ഷകരായ ആംബർ, എറിക് ഫിസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അമേരിക്കക്കാരാണ് ഈ ഗുഹകളെക്കുറിച്ചുള്ള രേഖപ്പെടുത്തിയ വിവരങ്ങൾ പുറം ലോകത്തിനു നൽകിയത്.
അവർ 2018-ൽ ഗുഹകളിൽ പര്യവേക്ഷണം ചെയ്യുകയും ഓരോന്നിന്റെയും അവസാന പോയിന്റുകളിൽ എത്തുകയും ചെയ്തു.തീവ്രവാദികൾ അഭയം പ്രാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ വർഷങ്ങൾക്ക് മുമ്പ് മൂന്നാമത്തെ ഗുഹ ഇന്ത്യൻ സൈന്യം അടച്ചിരുന്നു .അതിനാൽ അതിന്റെ ഉയരം നിർണ്ണയിക്കാൻ ഗവേഷകർക്ക് കഴിഞ്ഞില്ല.
കടപ്പാട് വിവിധമാധ്യമങ്ങള്‍