കാളി മലയാളത്തിന്‍റെ ആദ്യ വനിത സ്റ്റണ്ട് മാസ്റ്റര്‍
വെള്ളിത്തിരയിലെ ആദ്യ വനിതാ സ്റ്റണ്ട് മാസ്റ്ററായി കാളി. പതിനഞ്ചാം വയസ്സില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്ന പേര് വീണു. അത് ഇങ്ങ് മുപ്പതിലും മാറ്റമില്ലാതെ തുടരുന്നു. …. അനുഭവങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകിയ പെണ്‍കുട്ടി, സമൂഹം പിഴയെന്ന് മുദ്ര ചാര്‍ത്തിയവള്‍.. മൂന്ന് കെട്ടിയവള്‍… പീന്നീട് ഉറച്ച കാല്‍വയ്‌പ്പോടെയും ദൃഡനിശ്ചയത്തോടെയും പ്രയത്‌നിച്ചപ്പോള്‍ അത് മറ്റൊരു ജീവിതമാണ് തുറന്നിട്ടത്. മലയാള സിനിമയുടെ ആദ്യ വനിത സ്റ്റണ്ട് മാസ്റ്റര്‍ കാളിയുടെ ജീവിത കഥ.. കൂട്ടുകാരിയുമായി പങ്കുവച്ചപ്പോള്‍..
ധന്യ എന്ന ഭദ്ര കാളിയായ കഥ
അച്ഛന്റേയും അമ്മയുടെയും സ്‌നേഹം കിട്ടാതെയുള്ള ബാല്യം. തന്നോട് എന്താണ് അച്ഛന്‍ മുഖം തിരിക്കുന്നതെന്ന് കാളിക്ക് മനസ്സിലായിരുന്നില്ല. പീന്നീട് ആ വായില്‍ നിന്നുതന്നെ താന്‍ സ്വന്തം മകളല്ലെന്ന സത്യം മനസ്സിലാക്കി. ആ സമയത്ത് തനിക്കത് താങ്ങാനാവുന്ന ഒന്നായിരുന്നില്ലെന്ന് കാളി പറയുന്നു. ചെറുപ്പത്തില്‍ കിട്ടേണ്ട വാത്സല്യം കാളിക്ക് അന്യമായിരുന്നു. ബാല്യം നൊമ്പരങ്ങളുടെ തീരാ വേദനയാണ് സമ്മാനിച്ചത്.ഞങ്ങള്‍ രണ്ട് മക്കളാണ്, അനിയനാണ്, അവനിപ്പോള്‍ കൂടെയില്ല, പതിനെട്ട് വയസ്സ് തികയുന്നതിന് മുമ്പ് അനിയന്‍ ആക്‌സിഡന്റില്‍ മരിച്ചു.
അമ്മയെ ഞാന്‍ കണ്ടിട്ടില്ല.എന്റെ അറിവില്‍ വാസന്തി എന്ന സ്ത്രീയാണ് അമ്മ. എനിക്ക് അവരെ അറിയൂ. അവരെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. പക്ഷേ അവര്‍ എന്നെ സ്‌നേഹിച്ചിട്ടില്ല. ജനിച്ച് മൂന്നാം മാസം മുതല്‍ അനാഥത്വം പേറിയാണ് വളര്‍ന്നത്. മുപ്പത് വയസ്സ് വരെയും വാസന്തി എന്ന സ്ത്രീയുടെ ഒപ്പമായിരുന്നു.
എന്നാല്‍ എനിക്ക് ഇന്ന് ഒന്നല്ല ഒരായിരം അമ്മമാര്‍ ഉണ്ട് .അമ്മ കുയിലിലെ അമ്മമാര്‍. ഇടപ്പള്ളിയില്‍ ഒരു വാടക വീട്ടിലാണ് ഞാനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്. അവിടെ അടുത്താണ് അമ്മകുയില്‍ ഓള്‍ഡ് ഏജ് വുമണ്‍ ഹോസ്റ്റല്‍ സ്ഥിതി ചെയ്യുന്നത്.തിരക്കുകളില്‍ നിന്ന് അല്‍പം മാറി നില്‍ക്കണമെന്ന് തോന്നുമ്പോള്‍ അവരുടെ അടുത്ത് പോകും. എന്‍റെ മുഖം ഒന്ന് വാടിയാല്‍ അവര്‍ക്ക് മനസ്സിലാകും അത്രയ്ക്കും കാര്യമാണ് എന്നെ അവര്‍ക്ക്..ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്.
വളര്‍ത്തച്ഛന്റെ പീഡനത്തിലായിരുന്നു ബാല്യവും കൗമാരവും. നന്നായി ഉപദ്രവിക്കുമായിരുന്നു. മദ്യപാനവും കഞ്ചാവിന്റെ ഉപയോഗവും ഉണ്ടായിരുന്നു. ബെല്‍റ്റ് വെച്ച് ഞങ്ങളെ തല്ലുമായിരുന്നു. തന്റെ യഥാര്‍ത്ഥ പേര് ധന്യ എന്നാണ്. ഇരുപത്തിയേഴ് വയസ്സ് വരെ എന്റെ മാതാപിതാക്കളെന്ന് ഞാന്‍ കരുതിയവര്‍ എനിക്കു സമ്മാനിച്ച പേരാണ് അത്. എന്നെ വളര്‍ത്താന്‍ ഏല്‍പ്പിച്ചാതാണ്. ഒരിക്കല്‍ യഥാര്‍ത്ഥ അച്ഛനെ കണ്ടു. അദ്ദേഹമാണ് പറഞ്ഞത് തന്റെ പേര് ഭദ്ര എന്നാണ് എന്ന്. ആ പേര് എനിക്ക് വല്ലാതെ ഇഷ്ടമാണ്. എങ്കിലും ആ പേര് എനിക്ക് വേണ്ട, ഭദ്രയുടെ മറ്റൊരു പേരായ കാളി മതി എന്ന് തീരുമാനിക്കുകയായിരുന്നു.
മുടിയൊക്ക തൊളൊപ്പം മുറിച്ച് കളര്‍ ചെയ്തു. ഒറ്റകാലില്‍ ചിലമ്പിട്ടു. അത് വെല്‍വിഷര്‍ എനിക്ക് ഗിഫ്റ്റ് ചെയ്തതാണ്. ആയിരത്തില്‍ ഒരുവള്‍ എനിക്ക് ആകണ്ട.. എനിക്ക് ഞാന്‍ ആയിട്ട് ജീവിക്കണം. ഇന്നുവരെ ഞാന്‍ ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല. അര വയറാണെങ്കിലും അധ്വാനിച്ച് ജീവിക്കുന്നതാണ് എനിക്ക് സന്തോഷം. അപ്പം ചുട്ട് അത് വില്‍ക്കാന്‍ വരെ പോയിട്ടുണ്ട്. കാളി പറയുന്നു.തന്നെ ചിലര്‍ ട്രാപ്പില്‍പെടുത്തി പീഡിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അന്ന് അതില്‍ നിന്നൊക്കെ രക്ഷപ്പെട്ട് തിരിച്ചെത്തി. എങ്കിലും പീഡനത്തിന് ഇരയായവള്‍ എന്ന മുദ്ര അന്ന് മുതല്‍ ചാര്‍ത്തപ്പെട്ടു. പതിനഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചവള്‍ എന്നൊരു പേര് വീണു. അന്ന് തൊട്ട് ഇന്ന് വരെ എന്നെ കുറിച്ച് അപവാദങ്ങള്‍ ചിലര്‍ പറഞ്ഞുണ്ടാക്കുകയാണ്.
ദുരന്തങ്ങളായി വന്നെത്തിയ മൂന്ന് വിവാഹങ്ങള്‍
വളരെ ചെറുപ്പത്തിലെ തന്നെ വീട്ടുകാര്‍ കല്യാണം കഴിപ്പിച്ചു. പേരുദോഷം കേള്‍പ്പിച്ചവളാണ് ഇവള്‍. നല്ല വിവാഹ ആലോചന ഇവള്‍ക്ക് വരില്ല എന്നു പറഞ്ഞ് അവര്‍ തന്നെ രണ്ടാം കെട്ടുകാരനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തലയില്‍ കെട്ടി വെച്ച ഒരു ബന്ധമായിരുന്നു അത്. അയാള്‍ ഒരു പീഡനകേസില്‍ പ്രതിയായിരുന്നു. ആ കേസില്‍ നിന്നൊക്കെ ആയാള്‍ ഊരിപ്പോന്നു. പക്ഷെ ആയാള്‍ ഒരു കൊടും ക്രിമിനല്‍ ആണെന്ന് എനിക്ക് മനസ്സിലായി. ഒരുതരം സൈക്കോ ആയിരുന്നു അയാളെന്നും കേവലം ആറു മാസം മാത്രമാണ് ആ ബന്ധത്തിന് ആയുസ്സ് ഉണ്ടായിരുന്നതെന്നും കാളി പറയുന്നു. ഞാന്‍ ആ ബന്ധം പിരിയുകയായിരുന്നു. ആ സമയത്ത് മറ്റൊരു ലോറിക്കാരനുമായി വിവാഹം ഉറപ്പിക്കാനുള്ള നീക്കത്തിലും തിടുക്കത്തിലുമായിരുന്നു ബന്ധുക്കള്‍. തലയില്‍ നിന്ന് ഒഴിവാക്കുന്ന പോലുള്ള അവസ്ഥയായിരുന്നു അത്. മാനസികമായി ആകെ തകര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ബോട്ടില്‍ നിന്ന് കടലിലേക്ക് എടുത്ത് ചാടിയത്.
പക്ഷേ ആക്ഷന്‍ പണ്ട് മുതലേ ശീലമായതിനാല്‍ ആ ചാട്ടം കരയിലെത്തി. കടലില്‍ വീണില്ല. ഒരു തവണ കടലിലേക്ക് ഇറങ്ങിപ്പോകാന്‍ തുനിഞ്ഞപ്പോള്‍ കുറച്ച് നാളുകളായി തന്നെ ഫോളോ ചെയ്തിരുന്ന ആള്‍ തന്റെ പ്രശ്‌നത്തെ കുറിച്ച് ചോദിച്ചു. എനിക്ക് അപ്പോള്‍ സംസാരിക്കാന്‍ ഒരാളെ കിട്ടിയതിന്റെ ആശ്വാസമായിരുന്നു. ഞങ്ങള്‍ സംസാരിച്ചു. അത് വീട്ടിലറിഞ്ഞു. അന്യ മതത്തില്‍പ്പെട്ട ആളുമായി സംസാരിച്ചതിനെ വളര്‍ത്തച്ഛന്‍ ചോദ്യം ചെയ്തു. ഒരുപാട് ഉപദ്രവിച്ചു. അയാളുമായി സംസാരിക്കുന്ന വീട്ടുകാര്‍ക്ക് ഇഷ്ടമല്ലെന്ന് മനസ്സിലാക്കിയ ഞാന്‍ ബന്ധം മുന്നോട്ട് കൊണ്ടുപോകുവാന്‍ തീരുമാനിച്ചു. അച്ഛനെയും അമ്മയേയും വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തി. അവനെ അച്ഛനുമായി സംസാരിക്കാന്‍ പറഞ്ഞു വിട്ടു. അതെന്റെ ഒരു ട്രിക്കായിരുന്നു, അവരെ വേദനിപ്പിക്കുന്നത് ഒരു ഹരമായി. ഒടുവില്‍ ഞങ്ങള്‍ വിവാഹം ചെയ്തു. പക്ഷെ എന്റെ എടുത്തുചാട്ടം എനിക്കു ശിക്ഷയായി മാറുകയായിരുന്നു എന്ന് കാളി പറയുന്നു.
പതിനഞ്ചാം വയസ്സില്‍ നടന്ന സംഭവത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തു, നാട്ടുകാരുടെ ചോദ്യം ചെയ്യല്‍ ടോര്‍ച്ചറിംഗായി മാറി. അതില്‍ നിന്ന് മുക്തി നേടാനായി അയാള്‍ ലഹരി ഉപയോഗിച്ച് തുടങ്ങി. പിന്നീട് ഉപദ്രവിക്കാന്‍ തുടങ്ങി. അയാളുമായുള്ള ബന്ധത്തിലുള്ള മക്കളാണ് കൂടെയുള്ളത്. ഒരു സുപ്രഭാതത്തില്‍ അയാള്‍ ഇറങ്ങിപ്പോയി, ആദ്യ കുട്ടിയുള്ളപ്പോഴായിരുന്നു ആ ഇറങ്ങിപ്പോക്ക്. പിന്നീട് തിരിച്ചെത്തി, പക്ഷെ ആപ്പോള്‍ അയാള്‍ മറ്റൊരു സ്ത്രീയുടെ കൂടെയായിരുന്നു. ആ സ്ത്രീ ഗര്‍ഭിണിയായപ്പോഴാണ് അയാള്‍ അവിടുന്ന് പോന്നത്.ഒറ്റയ്ക്ക് കഴിയാന്‍ പാടില്ലെന്ന അച്ഛന്റെ നിര്‍ബന്ധപ്രകാരം അയാള്‍ തിരിച്ച് വന്നപ്പോള്‍ ക്ഷമിച്ച് കൂടെ നിര്‍ത്തി. കുറച്ച് കാലം നിന്നു. രണ്ടാമത്തെ കുട്ടിയായപ്പോള്‍ വീണ്ടും ഒരു സുപ്രഭാതത്തില്‍ അയാള്‍ ഇറങ്ങിപ്പോയി. ഇനി അയാളുമൊത്തുളള ജീവിതം തുടരന്‍ കഴിയില്ലെന്നു തീരുമാനിച്ചു. പിന്നീടും ആയാള്‍ തിരിച്ചെത്തി. തന്നെയും കൂടെയുള്ള സ്ത്രീയേയും അവരുടെ കുഞ്ഞിനേയും നോക്കണമെന്നതായിരുന്നു ആവശ്യം. ആ സമയത്ത് സിനിമയില്‍ സ്റ്റണ്ട് ചെയ്ത് വരുമാനം കിട്ടി തുടങ്ങിയിരുന്നു. പറ്റില്ലെന്ന് തീര്‍ത്തു പറഞ്ഞ് ഇറക്കി വിട്ടു.
വളര്‍ത്തച്ഛനെ ലാല്‍ജി എന്നാണ് വിളിക്കുന്നത്. അദ്ദേഹത്തിന് ആക്ഷന്‍ സിനിമകള്‍ ഇഷ്ടമാണ്. ബ്രൂസിലിയുടെയും ജാക്കിച്ചാന്റെയുമൊക്കെ ഫൈറ്റ് സീനുകള്‍ വളരെ ആവേശത്തോടെയാണ് ലാല്‍ജി കാണാറുള്ളത്. ലാല്‍ജിയെ ഇംപ്രസ് ചെയ്യിക്കാനാണ് ഈ മേഖല തെരെഞ്ഞെടുത്തത്. തന്നെ ഇനിയെങ്കിലും അവര്‍ കുറ്റപ്പെടുത്തില്ലല്ലോയെന്നും കാളി.
സ്റ്റണ്ട് മാസ്റ്റര്‍ കാളി
അമ്പതിലധികം സിനിമകള്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ കുറവാണെന്ന് പറയാന്‍ കാളി ഒരു മടിയും കാണിക്കുന്നില്ല. എല്ലാവരും പുരുഷന്മാരെയാണ് തെരഞ്ഞെടുക്കാറുള്ളത്. മാഫിയ ശശി സറിനുള്ള ധൈര്യം മറ്റു പലര്‍ക്കുമില്ല. സ്റ്റണ്ട് മാസ്റ്റേഴ്‌സ് യൂണിയനില്‍ കഴിഞ്ഞ അമ്പത്് വര്‍ഷങ്ങളായി വനിതകള്‍ക്ക് മെമ്പര്‍ഷിപ്പ് പോലുമില്ല. ഈ ധൈര്യം കാണിച്ചത് കേരള യൂണിയനാണ്. ഫെഫ്കയില്‍ അപേക്ഷ വെച്ചിട്ടുണ്ട്, നടപടികള്‍ പുരോഗമിക്കുന്നു. ഉടന്‍ എല്ലാം റെഡിയാകുമെന്നാണ് പ്രതീക്ഷയെന്ന് കാളി പറയുന്നു. ഇപ്പോഴും മാഫിയ ശശിസാറിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. നടിമാര്‍ക്ക് ആക്ഷന്‍ രംഗങ്ങളില്‍ വീഴേണ്ട പൊസിഷന്‍ പറഞ്ഞ് കൊടുക്കുക എന്നതടക്കം ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്.
സ്റ്റണ്ട് എന്നാല്‍ ആക്ഷന്‍ മാത്രമല്ല, ഒരാള്‍ സ്ലിപ്പ് ആയി താഴേക്ക് വീഴുന്നത് പോലും സ്റ്റണ്ടാണ്. ബൈക്ക് ആക്‌സിഡന്റും ഒരാള്‍ തൂങ്ങിച്ചാകുന്നതും സ്റ്റണ്ട് തന്നെയാണ്. ഡ്യൂപ്പായിട്ടാണ് കൂടുതലും താന്‍ ചെയ്തിട്ടുള്ളതെന്നും കാളി പറയുന്നു. ശ്വേത മേനോനും സനുഷയ്ക്കും ഡ്യൂപ്പായിട്ടുണ്ട്. ഒരു ഹോളിവുഡ് സിനിമയുടെ ഭാഗമാകാനും സാധിച്ചിട്ടുണ്ട്. ഡ്യൂപ്പ് ചെയ്യേണ്ട നടിമാരുടെ ആരുടെയും പേര് ഞാന്‍ ചോദിക്കാറില്ല. അവര്‍ക്ക് ഒന്നും തോന്നണ്ട എന്ന് വിചാരിച്ചാണ് താന്‍ പേര് ചോദിക്കാത്തതെന്നും കാളി പറയുന്നു. കഥാപാത്രത്തിന്റെ പേര് പോലും ചോദിക്കാറില്ല. സിനിമ റിലീസ് ആയ ശേഷമാണ് അത് താന്‍ ചെയ്തതല്ലേ എന്ന് ഓര്‍ക്കുകയെന്നും കാളി പറഞ്ഞു.മിസ് ഇന്ത്യയ്ക്കും ട്രെയിനിംഗ് നല്‍കിയിട്ടുണ്ടെന്നും ഫൈറ്റ് മാസ്റ്റര്‍ പറയുന്നു.
സീ കേരളത്തില്‍ എരിവും പുളിയും സിറ്റ്‌കോമിന്റെ ആദ്യഭാഗത്തെ ഫയര്‍ സീന്‍ ചെയ്തിരിക്കുന്നത് താനാണ്. ഇപ്പോള്‍ സ്വന്തമായി വര്‍ക്കുകള്‍ ഏറ്റെടുത്തു ചെയ്യുന്നുണ്ട്. സിനിമ ലൊക്കേഷനുകളില്‍ വെച്ച് അപകടം ഉണ്ടായിട്ടുണ്ട്. തന്റെ സ്വഭാവം വെച്ച് എല്ലാവരും കിലുക്കം എന്നാണ് വിളിക്കുകയെന്നു പറഞ്ഞ് കാളി ചിരിക്കുന്നു.സുരേഷ്‌ഗോപിയെ വച്ച് സിനിമ എടുക്കണമെന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം. അത് പക്ഷെ ആക്ഷന് പ്രാധാന്യം കൊടുക്കുന്ന സിനിമയായിരിക്കില്ല. സുരേഷ്‌ഗോപിയിലെ അച്ഛനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കരുതലും സന്‌ഹേവും അറിയാതെ വളര്‍ന്ന എന്നിലെ നഷ്ടബോധമാണ് ഇത്തരത്തില്‍ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായതെന്നും സ്റ്റണ്ട് മാസ്റ്റര്‍ കാളി പറയുന്നു.
ഞാന്‍ സങ്കടപ്പെട്ടതിന് ദൈവം തന്ന വരദാനം ആണ് എന്‍റെ ഭര്‍ത്താവ് മനോജ്. എന്‍റെ മക്കള്‍ക്ക് നല്ലൊരു അച്ഛനും അതിനേക്കാളുപരി സുഹൃത്തും കൂടിയാണ്. എനിക്ക് ഇപ്പോള്‍ മക്കള്‍ മൂന്നുപേരാണ് ചിരിയോടെ കാളി പറഞ്ഞവസാനിപ്പിക്കുന്നു.