വെള്ളം കുടിച്ചാല്‍ മതി വണ്ണം കുറയും!!!!!
വണ്ണം കുറക്കുമെന്ന് ദൃഢപ്രതിജ്ഞ എടുത്ത് അതിനു തുനിഞ്ഞിറങ്ങുന്നവരുടെ മുന്നിലുള്ള ആദ്യ കടമ്പയാണ് വിശപ്പിനെ നിയന്ത്രിക്കുക എന്നത്. വിശപ്പ് എന്ന കടമ്പ കടന്നു കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. ഈ ഒരു കാരണം പലരെയും തങ്ങളുടെ പ്രതിജ്ഞയില്‍ പിന്തിരിപ്പിക്കുന്നതും പതിവാണ്. വണ്ണം കുറഞ്ഞില്ലേലും വേണ്ടില്ല, ഈ പണിക്കില്ല എന്നു പറയുന്നവര്‍ക്ക്. ചില പൊടിക്കൈകള്‍ പറഞ്ഞു തരാം. ഇതൊന്നു പരീക്ഷിച്ചു നോക്കു. വിശപ്പ് നമ്മുടെ വരുതിക്കു നിക്കും.
വെള്ളം ധാരാളമായി കുടിക്കുക- ശരീരത്തില്‍ എല്ലായ്പ്പോഴും ജലാംശം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ദാഹം മാറ്റുക എന്നതിലുപരി വിശപ്പിനെ നിയന്ത്രിക്കാനും വളരെ നല്ല മാര്‍ഗമാണിത്. എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം കുറച്ച് ഭക്ഷണമേ കഴിക്കാന്‍ സാധിക്കുകയുള്ളു.
വ്യായാമം- വിശപ്പിനെ കൂട്ടുന്ന ഒരു മാര്‍ഗമല്ലേ എന്ന് തോന്നുമെങ്കിലും അതല്ല സത്യം. എല്ലാ ദിവസവും തുടര്‍ച്ചയായി വ്യായാമം ചെയ്യുന്നത് വിശപ്പിനെ കൂട്ടുന്നതിന് പകരം കുറക്കുകയാണ് ചെയ്യുന്നത്.
ച്യൂയിങ്ഗം- ജങ് ഫൂഡ് കാണുമ്പോള്‍ കഴിക്കണമെന്നു തോന്നുന്നത് സ്വാഭാവികം. പക്ഷേ വണ്ണം കുറക്കാനാണെങ്കിലും അല്ലെങ്കിലും ശരീരത്തിന് തീരെ നല്ലതല്ല ഇത്തരം ഭക്ഷണങ്ങള്‍. ഇനി ഇതു പോലെ എന്തെങ്കിലും കഴിക്കണമെന്നു തോന്നുമ്പോള്‍ ഒരു ച്യൂയിങ്ഗം കഴിക്കുക. തലച്ചോറിനെ ഒന്നു പറ്റിക്കുന്ന പരിപാടിയാണിത്. എന്തെങ്കിലും കഴിച്ചേ പറ്റു എന്ന വികാരത്തെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ച്യൂയിങ്ഗം ഉപയോഗിക്കുമ്പോള്‍ സീറോ ഷുഗര്‍ ച്യൂയിങ്ഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
പ്രോട്ടീന്‍ കഴിക്കുക- പ്രോട്ടീന്‍ കഴിക്കണമെന്നു പറഞ്ഞ് എല്ലാ മണിക്കൂറും പ്രോട്ടീന്‍ ബാര്‍ കഴിക്കുക എന്നല്ല ഇതിനര്‍ത്ഥം. പ്രൊസസ്ഡ് പ്രൊട്ടീന്‍ ബാറുകള്‍ ശരീരത്തിന് ഒരു പരിധിയില്‍ കൂടുതല്‍ നല്ലതല്ല. ഇതിലടങ്ങിയിരിക്കുന്ന റിഫൈന്‍ഡ് ഷുഗറും ടേസ്റ്റ് എന്‍ഹാന്‍സിങ് ഘടകങ്ങളും നമ്മളെ ഇതില്‍ അഡിക്റ്റ് ആക്കുന്നു. പ്രോട്ടീനിന്റെ പ്രകൃതിദത്ത രൂപങ്ങളായ കടല, പച്ചക്കറികള്‍, മറ്റു പയറു വര്‍ഗങ്ങള്‍ മുതലായവ കഴിക്കുക. വിശപ്പിനെ നിയന്ത്രിക്കാനും, ശരീരത്തിന് ആവശ്യമായ ഘടകങ്ങളെല്ലാം ലഭിക്കാനും ഇവ സഹായിക്കുന്നു.
ഇടഭക്ഷണം ഒഴിവാക്കേണ്ട- സ്മാര്‍ട് സ്നാക്കിങ് പരീക്ഷിക്കുക. ഇടനേരത്ത് ഭക്ഷണം കഴിക്കുന്നത് ഒരിക്കലും പ്രശ്നമുള്ള കാര്യമല്ല. പകരം വിശപ്പിനെ നിയന്ത്രിക്കാനുള്ള വളരെ നല്ലൊരു വഴിയാണ്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നത് വളരെ നല്ല കാര്യമാണ്. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക. ഉച്ചക്കും രാത്രിയിലുമെല്ലാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും ഇതുവഴി വളരെ അധികം കുറയുന്നു.
പുറത്തു നിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക- വീട്ടില്‍ നിന്നുള്ള ഭക്ഷണം പരമാവധി ഉപയോഗിക്കുക. അനാവശ്യമായ എണ്ണകളും കൊഴുപ്പും നിറഞ്ഞ ഭക്ഷണം ഇതുവഴി ഒഴിവാക്കാന്‍ സാധിക്കും. പച്ചക്കറികള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പഞ്ചസാര ശ്രദ്ധിക്കണം- പഞ്ചസാരയുടെ ഉപയോഗം പരമാവധി ഒഴിവാക്കണം. പ്രൊസസ്ഡ് ഫൂഡ്സിലും മറ്റും ചേര്‍ന്നിരിക്കുന്ന പഞ്ചസാര നമ്മുടെ വിശപ്പ് കൂട്ടുകയാണ് ചെയ്യുന്നത്. മധുരം ഒഴിവാക്കാനേ പറ്റില്ല എന്നാണെങ്കില്‍ ഫ്രൂട്സും ശര്‍ക്കരയും ഉപയോഗിക്കുക. സ്ഥിരമായി പഞ്ചസാരയുടെ ഉപയോഗം കുറക്കുന്നത് അതിനോടുള്ള താത്പര്യം കുറക്കും.
കഴിക്കുന്ന രീതിയും മാറ്റാം- ഭക്ഷണം കഴിക്കുന്ന രീതി ഉപയോഗിച്ചും നമുക്ക് ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. പതിയെ ഭക്ഷണം കഴിക്കുക. ഇതൊരു ചെറിയ ട്രിക്കാണ്. സമയമെടുത്ത് ഭക്ഷണം കഴിക്കുമ്പോള്‍ വയറു നിറഞ്ഞുവെന്ന തോന്നല്‍ പെട്ടന്നുണ്ടാകും.
പ്രഭാതഭക്ഷണം ഒഴിവാക്കരുത്- ഒരു ദിവസം ഒരിക്കലും ഒഴിവാക്കരുതായിട്ടുള്ള ഒന്നാണ് ആ ദിവസത്തെ പ്രഭാത ഭക്ഷണം. ഇത് ഒഴിവാക്കിയാല്‍ പിന്നീട് വിശപ്പ് കൂടുതല്‍ തോന്നുകയും അതു വണ്ണം കൂടാനും കാരണമാകുന്നു. എന്തു ഡയറ്റ് ആണെങ്കിലും വെറും വയറ്റില്‍ ന്യൂട്രിയന്റ്സ് അടങ്ങിയ ധാരാളം ഭക്ഷണം കളിക്കേണ്ടത് ആവശ്യമാണ്.