ഗണിതശാസ്ത്ര പ്രതിഭ ശകുന്തളാ ദേവിയുടെ 93-ാം ജന്മദിനം
കണക്കുകൊണ്ട് ഇന്ദ്രജാലം തീര്‍ത്ത ‘മനുഷ്യ കമ്പ്യൂട്ടര്‍’ എന്ന് വിശേഷണമുള്ള ശകുന്തളാദേവി. ജ്യോതിശ്ശാസ്ത്രത്തിലും ഇവര്‍ അഗ്രഗണ്യയായിരുന്നു. ഗണിതത്തില്‍ അപൂര്‍വമായ കഴിവ് പ്രകടിപ്പിച്ചതിന് ശകുന്തളാദേവി ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിട്ടുണ്ട്.
വലിയ സംഖ്യകള്‍ തമ്മില്‍ കൂട്ടാനുള്ള അപൂര്‍വ സിദ്ധി ഉണ്ടായിരുന്ന ശകുന്തളാദേവി ആറാമത്തെ വയസ്സില്‍ മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ കണക്കിലെയും ഓര്‍മശക്തിയിലെയും അഭ്യാസ പ്രകടനം നടത്തി. തുടര്‍ന്ന് എട്ടാംവയസ്സില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു. 1980-ല്‍ ലണ്ടനില്‍ ഇംപീരിയല്‍ കോളേജിലെ കമ്പ്യൂട്ടര്‍വകുപ്പ് തിരഞ്ഞെടുത്ത 7686,369,774,870 എന്ന സംഖ്യയെ മറ്റൊരു സംഖ്യയായ 2,465,099,745,779 കൊണ്ട് ശകുന്തളാദേവി 28 സെക്കന്‍ഡിനകമാണ് ഗുണിച്ചത്. ഇത് ഏവരെയും അത്ഭുതപ്പെടുത്തി. 1977-ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്‍ഡിനകമാണ് ഉത്തരം നല്‍കിയത്.
കാല്‍ക്കുലേറ്ററിന്റെ സഹായമില്ലാതെ ഏതു സംഖ്യകള്‍ തമ്മിലും കണക്കുകൂട്ടാന്‍ ഇവര്‍ക്കു കഴിയുമായിരുന്നു. കണക്കിലെ ഏതു സങ്കീര്‍ണ്ണമായ സമസ്യകള്‍ക്കും സെക്കന്‍ഡുകള്‍ക്കകം അവര്‍ ഉത്തരം നല്‍കി. ഗണിത ശാസ്ത്രത്തില്‍ പ്രതിഭ തെളിയിച്ചു എന്നതു മാത്രമല്ല ലോകത്തെങ്ങും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടായി. ബാംഗ്ലൂരിലെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍ 1939 നവംബര്‍ 4 ന് ആയിരുന്നു ജനനം. ശകുന്തളാദേവിയുടെ അച്ഛന്‍ ഒരു സര്‍ക്കസ് കലാകാരനായിരുന്നു. മൂന്നാം വയസ്സില്‍ത്തന്നെ അച്ഛനോടൊപ്പം കാര്‍ഡ്‌സ് കളിക്കുമായിരുന്ന ശകുന്തളാദേവിയുടെ സംഖ്യകളോടുള്ള കമ്പം അന്നു മുതലാണ് തിരിച്ചറിയാന്‍ തുടങ്ങിയത്.
ഗണിതം, ജ്യോതിശ്ശാസ്ത്രം, പാചകം എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. എവേക്കന്‍ ദ ജീനിയസ്സ് ഇന്‍ യുവര്‍ വേള്‍ഡ്, ബുക്ക് ഓഫ് നമ്പേഴ്‌സ്, ഇന്‍ ദ വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്, പെര്‍ഫക്ട് മര്‍ഡര്‍, ആസ്‌ട്രോളജി ഫോര്‍ യു, ഫിഗറിങ്: ദ ജോയ് ഓഫ് നമ്പേഴ്‌സ്, സൂപ്പര്‍ മെമ്മറി: ഇറ്റ് കേന്‍ ബി യുവേഴ്‌സ് ആന്‍ഡ് മാത്തബിലിറ്റി: എവേക്കന്‍ ദ മാത്ത് ജീനിയസ്സ് ഇന്‍ യുവര്‍ ചൈല്‍ഡ് തുടങ്ങിയവയാണ് കണക്കിനെ സംബന്ധിച്ച് എഴുതിയ പുസ്തകങ്ങള്‍. 2006-ലാണ് ‘വണ്ടര്‍ലാന്‍ഡ് ഓഫ് നമ്പേഴ്‌സ്’ എന്ന പുസ്തകം പുറത്തിറക്കിയത്. ‘മൈന്‍ഡ് ഡൈനാമിക്‌സ്’ എന്ന ആശയം വികസിപ്പിച്ചെടുത്തതും ശകുന്തളാദേവിയാണ്. ബാംഗ്ലൂരില്‍ ബസവനഗുഡിയിൽ താമസിച്ചിരുന്ന ശകുന്തളാദേവി 2013 ഏപ്രിൽ 21ന് അന്തരിച്ചു.
courtesy വായനക്കൂട്ടം (കലാഗ്രാമം ബുക്ക് ക്ലബ്ബ് )