മഴക്കാലമിങ്ങെത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കാം

ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വീടുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍, അടഞ്ഞു കിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍, ആക്രി കടകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയുടെ അകത്തും പുറത്തും, ടെറസ്സിലുമുള്ള കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുന്നതിനായി ഡ്രൈ ഡേ ദിനാചരണം നടത്തണമെന്ന് ആരോഗ്യവിദഗ്ദര്‍ അറിയിച്ചു.

അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക് കവറുകള്‍, മുട്ടത്തോടുകള്‍ എന്നിവയില്‍ മഴവെള്ളം കെട്ടിനില്‍ക്കുകയും കൊതുക് പെരുകുന്നതിന് ഇടയാക്കുകയും ചെയ്യും. ഇങ്ങനെയുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പു വരുത്തണം. വീടിന്റെ സണ്‍ഷെയ്ഡ്, ടെറസ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. വേലി കെട്ടാനുപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റിന്റെ മടക്കുകള്‍, മരപ്പൊത്തുകള്‍, മുളങ്കുറ്റികള്‍, അങ്കോലച്ചെടി, പൈനാപ്പിള്‍ച്ചെടി എന്നിവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. വീടിനുള്ളില്‍ വെള്ളം നിറച്ച കുപ്പികളില്‍ വളര്‍ത്തുന്ന അലങ്കാരച്ചെടികള്‍ ഒഴിവാക്കുക.

വിറകും മറ്റും മൂടിയിടുന്ന പ്ലാസ്റ്റിക് ഷീറ്റുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ശുദ്ധജലസംഭരണി, കുടിവെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്തവിധം മൂടിവെയ്ക്കണം. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ ശരീരം മറഞ്ഞിരിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണം. രാവിലെയും വൈകുന്നേരവും കൊതുക് കടക്കാതിരിക്കാനായി വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടണം. തുണികള്‍, കര്‍ട്ടനുകള്‍, എന്നിവിടങ്ങളിലുള്ള കൊതുകുകളെ നശിപ്പിക്കണം. പനിയുണ്ടായാല്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മരുന്ന് വാങ്ങി കഴിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *