അശ്വത്ഥാമാവ് ധ്യാനത്തിനെത്തുന്ന ‘മുനിപ്പാറ’
ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് പതിനൊന്ന് കിലോമീറ്ററോളം ദൂരെയായി, തിരുവല്ലം പരശുരാമസ്വമിക്ഷേത്രവും കടന്ന് പൂങ്കുളത്ത് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ കുന്നുംപാറ ക്ഷേത്രവും കഴിഞ്ഞു മുൻപോട്ട് നടക്കുമ്പോൾ ഒരു ചെറിയ പാറക്കൂട്ടം കാണാം.സ്വച്ഛവും ശാന്തവുമായ പ്രകൃതിയിൽ, അരയാലിലകൾ മന്ത്രം ചൊല്ലുന്ന,,ഒരു കൽവിളക്കും ചിത്രകൂടം പോലെ ചെറിയൊരു മണ്ഡപത്തറയുമുള്ള സ്ഥലം. അതാണ് 'മുനിപ്പാറ ' അശ്വത്ഥാമാവിന്റെ ദേവസ്ഥാനം.
തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിനു സമീപത്തായിട്ടുള്ള അശ്വത്ഥാമാവിന്റെ ധ്യാന ഭൂമിയാണ് മുനിപ്പാറ.പൂങ്കുളം റോഡിലൂടെ യാത്ര ചെയ്തു കല്ലിടിച്ചമൂലയിൽ എത്താം.
കല്ലിടിച്ചമൂലയിൽ എത്തിയാൽ മുനിപ്പാറ എന്ന ബോർഡ് കാണാം.നൂറ് മീറ്റർ മുന്നിലേക്ക് നടന്നാൽ വലിയൊരു പാറപ്പുറത്ത് പടർന്നു പന്തലിച്ച ആൽമര തണലിൽ വിശ്രമിക്കുന്ന അശ്വത്ഥാമാവിന്റെ പ്രതിഷ്ഠ കാണാം.ചെമ്പകപൂക്കളാൽ അലങ്ക്യതമായ പൂങ്കാവനം. പാറയിൽ നിന്നു കിഴക്ക് നോക്കിയാൽ വെള്ളയാണി കായലും, പടിഞ്ഞാറ് ഭാഗത്ത് കടലും കാണാം…ഇളം കാറ്റേറ്റ് തിരക്കില്ലാത്ത ആ പാറയിൽ പ്രക്യതി ഭംഗി ആസ്വദിച്ചിരിക്കാം.
പണ്ട് വനവാസ കാലത്ത് പഞ്ചപാണ്ടവർ ഈ ഭൂമിയിലേയ്ക്ക് വന്നു എന്നും, അന്ന് അവിടെ ദാഹം തീർക്കാൻ നീരുറവ ഇല്ലാതിരുന്നതിനാൽ ഭീമൻ രണ്ട് കാലും എടുത്ത് ഉറച്ച് ചവിട്ടിയപ്പോൾ ജലാശയം രൂപപ്പെട്ടു എന്നും പറയുന്നു. അത്തരത്തിൽ രണ്ട് കാൽപ്പാടിന്റെ രൂപത്തിലുള്ള ജലാശയം ഭീമൻ കിണർ എന്നറിയപ്പെടുന്നു.
അശ്വത്ഥാമാവ് അല്ലാതെയും ഒരുപാട് മുനിമാർ ഇവിടെ തപസ്സ് ചെയ്തിട്ടുണ്ട്. അവിടെ അഗസ്ത്യാമുനിയുടെ ഒരു പ്രതിഷ്ഠയും കാണാനാകും. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിർമ്മാണ വേളയിൽ ഇവിടെ നിന്നും കല്ല് കൊണ്ട് വന്നു എന്നും പറയപ്പെടുന്നു. ഈ പാറയ്ക്ക് സമീപമാണ് ശ്രീ നാരായണഗുരു പ്രതിഷ്ഠിച്ച കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. അവിടെ ഒരു മഠവും സ്ഥിതി ചെയ്യുന്നുണ്ട്. മുനിപ്പാറയിൽ വന്നിരുന്നാൽ ഒരു ധ്യാനാന്തരീക്ഷമാണ്. കൂടാതെ സൂര്യാസ്തമയവും ആസ്വദിക്കാം.