ഇന്ന് നടന്‍ ചേമഞ്ചേരിയുടെ ഓര്‍മ്മദിനം
ഇന്ന് മലയാള ചലച്ചിത്ര/സീരിയൽ നടൻ ചേമഞ്ചേരി നാരായണന്‍ നായരുടെ ചരമവാർഷികദിനം…..
മൊകേരി രാവുണ്ണി നായരുടേയും ലക്ഷ്മി അമ്മയുടെയും മകനായി 1932 ല്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ മുചുകുന്നിൽ ചേമഞ്ചേരി നാരായണന്‍ നായർ ജനിച്ചു.
ഇദ്ദേഹത്തിന്റെ കുടുംബം ഇദ്ദേഹത്തിന്റെ ആറാം വയസ്സില്‍ ചെങ്ങോട്ടുകാവിലേക്ക് താമസം മാറിയതിന്നാൽ വിദ്യാഭ്യാസം എടക്കുളം വിദ്യാതരംഗിണി സ്‌കൂളിലായിരുന്നു. ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തി സംഗീത അദ്ധ്യാപകനായിരുന്ന ഒതയോത്ത് കുട്ടിരാമന്‍ ആശാന്റെ കീഴില്‍ കലാപഠനം തുടങ്ങി.
1946 ല്‍ 14 ആം വയസ്സില്‍ സത്യവാന്‍ സാവിത്രി എന്ന നാടകത്തില്‍ സാവിത്രിയായി സ്ത്രീ വേഷം കെട്ടിയ ഇദ്ദേഹം നടന്‍ ബാലന്‍ കെ. നായരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് ബ്രദേഴ്‌സ് ഡ്രാമാറ്റിക് അസോസിയേഷന്റെ ‘കുറ്റവാളിയാര് ‘ എന്ന നാടകത്തില്‍ വീണ്ടു സ്ത്രീ വേഷം കെട്ടി. തുടർന്ന് ‘രുഗ്മാംഗചരിതം’ തുടങ്ങി ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു.1971 ല്‍ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് ചുവടു വെച്ച ഇദ്ദേഹം സംഗമം തിയ്യേറ്റേഴ്‌സിന്റെ ബാനറില്‍ ‘സൃഷ്ടി’ എന്ന നാടകത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
കുതിരവട്ടം പപ്പു,നെല്ലിക്കോട് ഭാസ്‌കരന്‍,കുഞ്ഞാണ്ടി,വാസു പ്രദീപ്,നിലമ്പൂര്‍ ബാലന്‍, തിക്കോടിയന്‍,ബാലന്‍ കെ. നായര്‍,ഇരിങ്ങല്‍ നാരായണി,പി.എം. താജ്, നിലമ്പൂര്‍ ആയിഷ തുടങ്ങി ഒട്ടേറെ പേര്‍ ഇദ്ദേഹത്തിന്റെ നാടക സുഹൃത്തുക്കളായിരുന്നു.ആകാശവാണിയിലെ എ. ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്ന ഇദ്ദേഹം പ്രധാനപ്പെട്ട ഒട്ടേറെ റേഡിയോ നാടകങ്ങള്‍ക്ക് ശബ്ദം പകര്‍ന്നു.
1997 ല്‍ ‘ഒരു പിടി വറ്റ് ‘ എന്ന നാടകത്തിലൂടെ കേരള സംഗീത നാടക അക്കാദമി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്,1998 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ സി.ജി. പരമേശ്വന്‍ പിള്ള സ്മാരക അവാര്‍ഡ്,2000 ല്‍ കോഴിക്കോട് മലബാര്‍ മഹോല്‍സവ വേദിയില്‍ നിന്ന് ലഭിച്ച കീര്‍ത്തിപത്രം,2001 ല്‍ ‘കിം കരണീയം’ എന്ന നാടകത്തിലൂടെ നല്ല നടനുള്ള സംസ്ഥാന അവാര്‍ഡ്,2003 ല്‍ കായലാട്ടു രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം,2004 ല്‍ ഗുരു പൂജ പുരസ്‌കാരം തുടങ്ങിയവ ഇദ്ദേഹത്തിന് ലഭിച്ച പുരസ്‌ക്കാരങ്ങളിൽ പ്രധാനപ്പെട്ടതാണ്.
1979 ല്‍ ‘കടലമ്മ’ എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച ഇദ്ദേഹം ‘ആമിന ടെയ്‌ലേഴ്‌സ്’,’അമ്മക്കിളിക്കൂട്’,’ബാലേട്ടന്‍’,മിഴി രണ്ടിലും,തൂവല്‍ കൊട്ടാരം,വേഷം’യാഗാശ്വം,ശംഖുപുഷ്പം,നടന്‍’ തുടങ്ങി 20 ഓളം സിനിമകളില്‍ അഭിനിയിച്ചു.ഒട്ടേറെ ടി.വി. സീരിയലുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 2014 ആഗസ്റ്റ് 25 ആം തിയതി തന്റെ 82 ആം വയസ്സിൽ അന്തരിച്ചു.
ദേവിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ .ലത പരേതനായ ജയപ്രകാശ് ,കവി വി.ടി. ജയദേവന്‍,സജീവന്‍ തുടങ്ങിയവരാണ് മക്കള്‍.