ചിരിയുടെ സുൽത്താൻ… ഗഫൂർക്കാ ദോസ്ത് മാമുക്കോയയുടെ 78-ാം ജന്മവാർഷികം

ഹാസ്യ കഥാപാത്രങ്ങൾ വളരെ തൻമയത്തോടെ അവതരിപ്പിച്ച… കുതിരവട്ടം പപ്പുവിന് ശേഷം മലയാള സിനിമയിൽ കോഴിക്കോടൻ ‍സംഭാഷണ ശൈലിയിലൂടെ ശ്രദ്ധിക്കപ്പെട്ട മാമുക്കോയ. പപ്പു അവതരിപ്പിച്ചതിൽ നിന്നും വളരെ വ്യത്യസ്തമായ മുസ്ലിം സംഭാഷണ ശൈലിയാണ് മാമുക്കോയയുടെ ഏറ്റവും വലിയ സവിശേഷത. മുഹമ്മദ് എന്നാണ് യഥാർത്ഥ നാമം. മമ്മദിന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിൽ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ചതിനാൽ ജ്യേഷ്ഠൻ സംരക്ഷിച്ചു. കോഴിക്കോട് എം. എം. ഹൈസ്കൂളിൽ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ സ്കൂളിൽ നാടകം സംഘടിപ്പിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. കല്ലായിയിൽ മരം അളക്കലായിരുന്നു തൊഴിൽ. മരത്തിനു നമ്പറിടുക, ക്വാളിറ്റി നോക്കുക, അളക്കുക എന്നിവയെല്ലാത്തിലും വിദഗ്ധനായി. നാടകവും മരമളക്കൽ ജോലിയും ഒരുമിച്ചു കൊണ്ടുപോയി.

കോഴിക്കോട് ഭാഗത്തെ നിരവധി നാടക സിനിമാക്കാരുമായി സൗഹൃദത്തിലായി. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞ്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സുഹൃത്തുക്കൾ ചേർന്ന് നാടകം സിനിമയാക്കാമെന്ന് തീരുമാനിച്ചു. നിലമ്പൂർ ബാലനെ സംവിധായകനാക്കി ഉണ്ടാക്കിയ അന്യരുടെ ഭൂമി എന്ന ബ്ലാക്ക് & വൈറ്റ് ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. 1982 ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. മമ്മൂട്ടിയെ നായകനാക്കി സാജൻ സംവിധാനം ചെയ്ത സ്നേഹമുള്ള സിംഹമായിരുന്നു മൂന്നാമത്തെ ചിത്രം.
തുടർന്ന് തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ സത്യൻ അന്തിക്കാടിനെ പരിചയപ്പെടുത്തി. ശ്രീനിവാസൻ്റെ തിരക്കഥയിൽ സിബിമലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷമാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം.

പിന്നീട് ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഗാന്ധിനഗർ, സെക്കന്റ് സ്ട്രീറ്റ്, സൻമനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളിലൂടെ തിരക്കേറിയ നടനായി മാറി. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. ഇന്നസെൻ്റ് – മാമുക്കോയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി സിനിമകൾ പ്രദർശനത്തിനെത്തി.
നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, വെട്ടത്തിലെ ഹംസക്കോയ/ രാമൻ കർത്താ, മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ, റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേൽപ്പിലെ ഹംസ, പ്രാദേശിക വാർത്തകളിലെ ജബ്ബാർ, കൺകെട്ടിലെ കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി, തലയണമന്ത്രത്തിലെ കുഞ്ഞനന്ദൻ മേസ്തിരി, നരേന്ദ്രൻ മകൻ ജയകാന്തനിലെ സമ്പീശൻ, കളിക്കളത്തിലെ പോലീസുകാരൻ, ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ, കൗതുക വാർത്തകളിലെ അഹമ്മദ് കുട്ടി, മേഘത്തിലെ കുറുപ്പ്, പട്ടാളത്തിലെ ഹംസ, മനസ്സിനക്കരയിലെ ബ്രോക്കർ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, ഉസ്ദാത് ഹോട്ടലിലെ ഉമ്മർ, കെ.എൽ 10 പത്തിലെ ഹംസകുട്ടി, ആട് 2 ലെ ഇരുമ്പ് അബ്ദുള്ള, മരയ്ക്കാർ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കർ ഹാജി, കുരുതിയിലെ മൂസാ ഖാലിദ്, മിന്നൽ മുരളിയിലെ ഡോക്ടർ നാരായണൻ, ഒപ്പത്തിലെ സെക്യൂരിറ്റിക്കാരൻ തുടങ്ങിയവയെല്ലാം ശ്രദ്ധേയ കഥാപാത്രങ്ങളാണ്.

മലയാളത്തിന് പുറമേ അരങ്ങേട്ര വേളൈ, കാസ്, കോബ്ര തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ മാമുക്കോയയുടെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല. വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്. എന്നിട്ടും നിലവാരമില്ലാത്ത കോമഡി വേഷങ്ങളിൽ മാത്രം തളച്ചിട്ടു. 2001 ൽ സുനിൽ സംവിധാനം ചെയ്ത കോരപ്പൻ ദ ഗ്രേറ്റ്, ഇ.എം അഷ്റഫിന്റെ സംവിധാനത്തിൽ 2023 ൽ പുറത്തിറങ്ങിയ ഉരു എന്നീ ചിത്രങ്ങളിൽ നായകനായി. പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രത്തിന് 2004 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യക ജൂറി പരാമർശം ലഭിച്ചു, ഇന്നത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് 2008 ൽ മികച്ച ഹാസ്യനടനായും തിരഞ്ഞെടുക്കപ്പെട്ടു. 2023 ഏപ്രിൽ 26 ന് അന്തരിച്ചു.

Saji Abhiramam

Leave a Reply

Your email address will not be published. Required fields are marked *