അരങ്ങുള്‍ക്കൊണ്ട ബഹുമുഖ പ്രതിഭ

തീപ്പൊരി’ എന്ന നാടകത്തിലെ പ്രഭാകരൻ എന്ന കഥാപാത്രത്തിന്റെ വാക്കുകളിലൂടെ സ്വന്തം മനസ്സ് തിക്കോടിയൻ തുറക്കുന്നു: “ഞെക്കുമ്പോൾ കത്തുന്ന ടോർച്ച് കണ്ടിട്ടില്ലേ; അതുപോലിരിക്കണം മനുഷ്യൻ. ഉള്ളിലെ കരിയും ഇരുട്ടും മൂടിവെച്ച് ചിരിക്കുക.”

കേരളത്തിലെ നാടകവേദിക്കും പ്രക്ഷേപണ രംഗത്തിനും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ സര്‍ഗ്ഗാത്മക വ്യക്തിയാണ് പി.കുഞ്ഞനന്തന്‍ നായര്‍ എന്ന തിക്കോടിയന്‍. അരങ്ങ് കയറാതെ അരങ്ങിന് പുതിയ മാനങ്ങള്‍ തീര്‍ത്തൂ ‘തിക്കു’ എന്ന് സുഹൃത്തുക്കള്‍ വിളിക്കുന്ന തിക്കോടിയന്‍ .അമ്പതുകളിലും അറുപതുകളിലും അമേച്വര്‍ നാടകവേദിയിലൂടെ പുത്തനുണര്‍വ്വിന്‍റെ പാഠങ്ങള്‍ പഠിപ്പിച്ചവരില്‍ പ്രമുഖസ്ഥാനം തിക്കോടിയനുണ്ട്.കേരളത്തിലെ നാടകവേദിക്കും പ്രക്ഷേപണ രംഗത്തിനും സാഹിത്യത്തിനും നിസുലമായ സംഭാവന നല്‍കിയ വ്യതിയാണ് തിക്കോടിയന്‍.

പ്രശസ്തസാഹിത്യകാരന്‍ സഞ്ജയനാണ് കുഞ്ഞനന്തന്‍നായര്‍ക്ക് തിക്കോടിയനെന്ന പേരിട്ടത്. എം. കുഞ്ഞപ്പനായരാണ് അച്ഛന്‍. അമ്മ പി. നാരായണി അമ്മയും. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത തിക്കോടി വില്ലേജിലാണ് പി. കുഞ്ഞനന്തന്‍ നായരുടെ ജനനം.

കൊയിലാണ്ടി ബാസല്‍ മിഷന്‍ മിഡില്‍ സ്കൂളില്‍ പഠിച്ചശേഷം വടകര ടീച്ചേഴ്സ് ട്രെയിനിങ് സ്കൂളില്‍ ചേര്‍ന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച കൊയിലാണ്ടി സ്കൂളില്‍തന്നെ 1936 ല്‍ അദ്ധ്യാപകനായി. 38 ല്‍ നടന്ന അദ്ധ്യാപകസമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ സ്കൂളില്‍ നിന്നും പുറത്താക്കി.

1942 വരെ വീട്ടില്‍ കൃഷിയും മറ്റുമായി കഴിഞ്ഞു കൂടി. പിന്നീട് ഗോപാലപുരത്ത് ദേവദാര്‍ മലബാര്‍ പുനരുദ്ധാരണ സംഘത്തില്‍ ഡി.എം.ആര്‍.ടി. വര്‍ക്കറായി. 44 ല്‍ സംഘം ഓഫീസില്‍ അസിസ്റ്റന്‍റായി കോഴിക്കോട്ടെത്തി. പിന്നീട് ആ ജോലിയും വിട്ട് കൃഷിക്കാരനായി. 1950 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സ്ക്രിപ്റ്റ് റൈറ്ററായി ചേര്‍ന്നു. 75 ല്‍ ഡ്രാമാപ്രൊഡ്യൂസറായി റിട്ടയര്‍ ചെയ്തു. 1942 ല്‍ ആയിരുന്നു വിവാഹം. സ്കൂള്‍ അദ്ധ്യാപികയായിരുന്നു ഭാര്യ. ഏഴു വര്‍ഷം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളു. 49 ല്‍ ഭാര്യ മരിച്ചു. പിന്നെ കൂട്ടുണ്ടായിരുന്നത് മകള്‍ പുഷ്പ മാത്രം. 2001 ജനുവരി 27-നായിരുന്നു തിക്കോാടിയന്‍ മരിച്ചത്.

ആദ്യ നാടകമായ ‘ജീവിത’ത്തിന് കേന്ദ്രകലാസിമിതിയുടെ നാടകമത്സരത്തില്‍ അവതരണത്തിനും സ്ക്രിപ്റ്റിനും ഒന്നാം സ്ഥാനം നേടി. അതൊരു തുടക്കമായിരുന്നു.
നിരാഹാരസമരം, പുണ്യതീര്‍ത്ഥം, പ്രസവിക്കാത്ത അമ്മ, കര്‍ഷകന്‍റെ കിരീടം, ദൈവം സ്‌നേഹമാണ്, അറ്റുപോയകണ്ണി, ഒരു പ്രേമഗാനം, ഷഷ്ടിപൂര്‍ത്തി, കന്യാദാനം, തിക്കോടിയന്‍റെ ഏകാങ്കങ്ങള്‍, തീപ്പൊരി, കറുത്തപെണ്ണ്, കനകം വിളയുന്ന മണ്ണ്, പുതുപ്പണം കോട്ട, പണക്കിഴി, തിക്കോടിയന്‍റെ തെരഞ്ഞെടുത്ത നാടകങ്ങള്‍ എന്നിവയാണ് നാടകങ്ങള്‍. ചുവന്ന കടല്‍, മഞ്ഞുതുള്ളി, അശ്വഹൃദയം, കൃഷ്ണസര്‍പ്പം, താളപ്പിഴ എന്നീ നോവലുകളും നമസ്‌തെ, നുള്ളും നുറുങ്ങും ,പൂത്തിരി എന്നീ ഹാസ്യ കവിതകളും ഗുഡ്‌നൈറ്റ്, മായാപ്രപഞ്ചം എന്നീ ഹാസ്യലേഖനങ്ങളും മിഠായിമാല, ഏകാങ്കങ്ങള്‍ എന്നീ ബാലസാഹിത്യങ്ങളും തിക്കോടിയന്‍റേതായിട്ടുണ്ട് .

മലയാള സിനിമയ്ക്കും തിക്കോടിയന്‍ ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. പുള്ളിമാന്‍,നൃത്തശാല ,സന്ധ്യാരാഗം ,ഉത്തരായണം (അരവിന്ദനോടൊപ്പം) എന്നീ തിരക്കഥകള്‍ തിക്കേടിയന്റേതായിട്ടുണ്ട്.എന്നാല്‍, ‘അരങ്ങുകാണാത്ത നടന്‍’ എന്ന ആത്മകഥയായിരുന്നൂ തിക്കോടിയനെ തിക്കോടിയൻ ആക്കിയത്. എം.ടി യുടെ നിര്‍ബന്ധത്തില്‍ വഴങ്ങി എഴുതപ്പെട്ട അരങ്ങുകാണാത്ത നടൻ‍ വായനക്കാര്‍ക്ക് പുതിയൊരു അനുഭവമാകുകയായിരുന്നു .

‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡശ്ശപ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.കേരള സ്റ്റേറ്റ് ഫിലിം തിർക്കഥ അവാർഡ് (ഉത്തരായണം), സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് എന്നിവയും തിക്കോടിയനു ലഭിച്ചിട്ടുണ്ട്.


courtesy

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!