കെസിഎല്ലിൽ തിളങ്ങാൻ കൗമാര താരങ്ങൾ

ഏറ്റവും പ്രായം കുറഞ്ഞ താരം പതിനേഴുകാരൻ കെ ആ‍ർ രോഹിത്

കൗമാരക്കാരുടെ ക്രിക്കറ്റ് ലീഗ് കൂടിയാവുകയാണ് കെസിഎല്ലിൻ്റെ രണ്ടാം സീസൺ. വിവിധ തലങ്ങളിൽ മികവ് തെളിയിച്ച ഒട്ടേറെ കൗമാര താരങ്ങളാണ് ഇത്തവണ കെസിഎൽ ടീമുകളിൽ ഇടം നേടിയിട്ടുള്ളത്. അഹ്മദ് ഇമ്രാൻ, ആദിത്യ ബൈജു, ഏദൻ ആപ്പിൾ ടോം, ജോബിൻ ജോബി, വിഷ്ണു മേനോൻ രഞ്ജിത്, രോഹിത് കെ ആർ തുടങ്ങിയവരാണ് ചെറുപ്രായത്തിൽ തന്നെ ലീ​ഗിൻ്റെ ഭാ​ഗമായിരിക്കുന്നത്. രണ്ടാം സീസൻ്റെ താരങ്ങളാകാനുള്ള തയ്യാറെടുപ്പിലാണ് ഇവരെല്ലാം.

ഈ സീസണിൽ കെസിഎൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം തൃപ്പൂണിത്തുറ സ്വദേശിയായ കെ ആ‍ർ രോഹിതാണ്. കുരുന്നു പ്രായത്തിൽ തന്നെ മികച്ച ഇന്നിങ്സുകളിലൂടെ കേരള ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് രോഹിത്. തന്നെക്കാൾ മുതി‍ർന്നവ‍ർക്കൊപ്പമായിരുന്നു രോഹിത് എന്നും കളിച്ചു വളർന്നത്. 16ആം വയസ്സിൽ തന്നെ കേരളത്തിനായി അണ്ടർ 19 കളിച്ചു. അടുത്തിടെ നടന്ന എൻഎസ്കെ ട്രോഫിയിൽ ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു. രോഹിതിനെ 75000 രൂപയ്ക്കാണ് തൃശൂർ ടീമിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ കേരളത്തിൻ്റെ അണ്ടർ 19 ക്യാപ്റ്റനായിരുന്ന അഹ്മദ് ഇമ്രാനാണ് ഏവരും ഉറ്റുനോക്കുന്ന മറ്റൊരു യുവതാരം. രഞ്ജി ട്രോഫി സെമി ഫൈനലിലൂടെ കേരള സീനിയർ ടീമിനായും അരങ്ങേറ്റം കുറിച്ചു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയായ അഹ്മദ് കേരളത്തിനായി അണ്ടർ 14, 16,19, 23 വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്. ബാറ്റിങ്ങിനൊപ്പം ഓഫ് സ്പിന്നറെന്ന നിലയിലും അഹ്മദ് മികവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ തൃശൂ‍ർ ടൈറ്റൻസിനായി മികച്ച പ്രകടനം കാഴ്ച വച്ച അഹ്മദ് ഇമ്രാൻ 229 റൺസും അഞ്ച് വിക്കറ്റുകളും നേടിയിരുന്നു. ഇതേ തുടർന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് ലേലത്തിലൂടെ തിരികെപ്പിടിക്കുകയായിരുന്നു തൃശൂർ ഇത്തവണ.

കേരളത്തിൻ്റെ ഭാവി ഫാസ്റ്റ് ബൗളിങ് പ്രതീക്ഷകളാണ് ഏദൻ ആപ്പിൾ ടോമും ആദിത്യ ബൈജുവും. പതിനാറാം വയസ്സിൽ കേരളത്തിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഏദൻ ആപ്പിൾ ടോം. ആദ്യ മല്സരത്തിൽ തന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടി. രഞ്ജിയിൽ വിദർഭയ്ക്കെതിരെയുള്ള രഞ്ജി ട്രോഫി ഫൈനലിൽ അടക്കം ഏദൻ കേരളത്തിന് വേണ്ടി കളിച്ചിരുന്നു. ഒന്നര ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം സ്വദേശിയായ ഏദനെ കൊല്ലം ഇത്തവണ ടീമിലെത്തിച്ചിരിക്കുന്നത്. മറുവശത്ത് എംആർഎഫ് പേസ് ഫൌണ്ടേഷനിൽ പരിശീലനം പൂർത്തിയാക്കിയ താരമാണ് ആദിത്യ ബൈജു. കഴിഞ്ഞ സീസണിൽ കുച്ച് ബിഹാർ ട്രോഫി, വിനു മങ്കാദ് ട്രോഫി തുടങ്ങിയ ജൂനിയർ ടൂർണ്ണമെൻ്റുകളിൽ മികച്ച പ്രകടനം കാഴ്ച വച്ച ആദിത്യയെ ഒന്നര ലക്ഷത്തിനാണ് ആലപ്പി റിപ്പിൾ ലേലത്തിലൂടെ സ്വന്തമാക്കിയത്.

നിലവിൽ കേരളത്തിൻ്റെ അണ്ടർ 19 ടീമംഗമായ ജോബിൻ ജോബി കഴിഞ്ഞ കെസിഎൽ സീസണിൽ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളിൽ ഒരാളാണ്. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിൻ ഫാസ്റ്റ് ബൌളിങ് ഓൾറൌണ്ടർ കൂടിയാണ്. കെസിഎ പ്രസിഡൻസ് കപ്പിൽ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ ജോബിനായിരുന്നു പരമ്പരയുടെ താരമായും ബെസ്റ്റ് പ്രോമിസിങ് യങ്സ്റ്ററായും തെരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ സീസണിൽ 252 റൺസുമായി തങ്ങൾക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ജോബിനെ 85000 രൂപയ്ക്ക് കൊച്ചി തന്നെ ലേലത്തിലൂടെ സ്വന്തമാക്കുകയായിരുന്നു. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയാണ് ജോബിൻ. തൃശൂർ ടൈറ്റൻസിൻ്റെ വിഷ്ണു മേനോനും വെടിക്കെട്ട് ബാറ്ററെന്ന നിലയിൽ ശ്രദ്ധേയനാണ്. ഇരുപതുകാരനായ വിഷ്ണുവിനെ 1.40 ലക്ഷത്തിനാണ് തൃശൂർ ലേലത്തിൽ സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!