അമലയുടെ ഡബിള്സ്ട്രോംഗ് ‘തേയില’ ചായ
ലോകത്തിന്റെ എല്ലാകോണിലും ഇന്ത്യക്കാര്‍ ഉണ്ട്. നമ്മുടെ കൊച്ചുകേരളത്തിലെ സ്ഥിതിയും വിഭിന്നമല്ല. പലതരത്തിലുള്ള വീഡിയോയും റീല്‍സും കണ്ടിട്ട് ‘മലയാളിഡാ’ കോള്മയിര്കൊള്ളലൊക്കെ തോന്നാറുണ്ടെങ്കിലും നമ്മളൊക്കെ മനപൂര്‍വ്വം തന്നെ ശ്രദ്ധിക്കാതെ പോകുന്ന ഒരുകാര്യം ഉണ്ട്. ‘യുവത്വത്തിന്റെകൊഴിഞ്ഞുപോക്കല്’ . ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് സെറ്റിലാകാന്‍ ഇന്നത്തെ യൂത്തിന് നമ്മുടെ നാട് ഒരു ചോയ്സേ അല്ല. ഇവിടുത്തെ സിസ്റ്റം അതിന് അവരെ അനുവദിക്കുന്നുമില്ല. യുണയ്റ്റ്ഡ് കിഗ്ഡം എന്ന മലയാള സിനിമ ചര്‍ച്ച ചെയ്തതും ഈ വിഷയത്തെ കുറിച്ച് തന്നെയാണ്. കുട്ടികള്ളുടെ നല്ല ഭാവിക്ക് വേണ്ടി നമ്മളൊക്കെ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു. വൈറ്റ് കോളര്‍ ജോബിനു പിന്നാലെ മാത്രം പായുന്ന യുവത്വത്തിന് പ്രചോദനമാണ് അമല.
വൈരുദ്ധ്യസാഹചര്യത്തിലും പടവെട്ടിനോക്കാമെന്ന് കരുതുന്ന അമലമാത്യുവിനെ പോലുള്ള കൊച്ചുമിടുക്കരും ഇന്നാട്ടില് ഉണ്ട്. പറഞ്ഞുവരുന്നത് ചേര്‍ത്തല ദേശീയപാതയ്ക്കരികിലെ ‘തേയില’ എന്ന ചായക്കടയെ നടത്തുന്ന അമലമാത്യുവിനെ കുറിച്ചാണ് . ചേര്‍ത്തല-ആലപ്പുഴ റൂട്ടില്‍ പോകുന്നവര്‍ ഒരിക്കലെങ്കിലും തേയിലയിലെത്തി ചായ കുടിക്കാതെ പോയിട്ടുണ്ടാവില്ല. ചേര്‍ത്തല റെയില്‍വേ സ്്റ്റേഷനു സമീപമാണ് അമലയുടെ ടീ കാർട്ട് . ചായ വിറ്റ് ജീവിതത്തിന് നിറം പകരുകയാണ് ചേര്‍ത്തല വാരനാട് സ്വദേശിയായ അമല മാത്യു എന്ന 21 കാരി. പഠനത്തിനുള്ള വരുമാന മാര്‍ഗ്ഗം മാത്രം ലക്ഷ്യം കണ്ട് ആരംഭിച്ച ചായക്കടയെ കുറിച്ച്, പറഞ്ഞും അറിഞ്ഞും നിരവധി പേരാണ് ഇവിടെ എത്തുന്നത്.
കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണ ഉരുപ്പടികളെല്ലാം പണയം വെച്ചും മറ്റു പലയിടങ്ങളില്‍ നിന്നും കടം വാങ്ങിയുമാണ് അമല ‘തേയില’യ്ക്ക് തുടക്കമിട്ടത്.18 വയസു മുതല്‍ കോഫീ ഷോപ്പുകളില്‍ ജോലി ചെയ്ത പരിചയമാണ് കൈമുതലായിട്ടുണ്ടായിരുന്നത്. പിന്നെ മറ്റൊന്നും ആലേചിക്കേണ്ടി വന്നില്ല ‘തേയില’യ്ക്ക് തുടക്കമിടാന്‍. കൂണുകള്‍ പോലെ ചായക്കടകള്‍ തെരുവോരങ്ങളിലും ദേശീയ പാതയ്ക്കരുകിലുമെല്ലാം മുളച്ചു പൊങ്ങുന്നുണ്ടെങ്കിലും എത്ര നാള് നിലനില്ക്കുന്നു എന്നതും ഒരു ചോദ്യമാണ്. നല്ല ഭക്ഷണം വൃത്തിയോടെ മനസ്സറിഞ്ഞ് വിളമ്പുമ്പോള്‍ അതിന് രുചി കൂടും. ‘തേയില’യും അക്കാര്യത്തില്‍ വിഭിന്നമല്ല. കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്ന് ഡേറ്റ അനലിസ്റ്റ് കോഴ്സ് മാര്‍ച്ചിലാണ് അമല പൂര്‍ത്തിയാക്കിയത്. രാവിലെ 6 മണിക്ക് എറണാകുളത്തുള്ള കോളേജിലേയ്ക്ക്. ഉച്ചവരെയായിരുന്നു ക്ലാസ്.
ക്ലാസ് കഴിഞ്ഞ് വൈകിട്ട് നാലുമണിയോടെ ചേര്‍ത്തലയിലെത്തി രാത്രി പത്ത് മണിവരെ കടയിലെ തിരക്കുകളുടെ ലോകത്ത്. കഴിഞ്ഞ കുറച്ചു നാളുകളായി അമലയുടെ ദിനചര്യ ഇതായിരുന്നു. ഇപ്പോള്‍ കോഴ്സ് കഴിഞ്ഞതോടെ അമല മുഴുവന്‍ സമയവും ചേര്‍ത്തലയിലുണ്ട്. മൂന്ന് വര്‍ഷമായി പഠനത്തോടൊപ്പം ഹോട്ടല്‍ മേഖലയില്‍ അമല ജോലി ചെയ്തു. ഒരു മേഖലയിലും ആണ് പെണ് വ്യത്യാസമില്ലെന്ന കാഴ്ചപ്പാടാണ് അമലയ്ക്കുള്ളത്. അത്തരത്തിലുള്ള ഏലയ്ക്ക, ഇഞ്ചി, പുതിനയില, കോഫീ, ഹോര്‍ളിക്സ്, ബദാം മില്‍ക്ക് എന്നിങ്ങനെ നീളുന്ന അമലയുടെ ചായ രുചികള്‍ക്ക് ആരാധകര്‍ ഏറെയാണ്. കൂടെ കഴിക്കാന്‍ സ്നാക്സും ഉണ്ടാകും.
ദിവസം ഏകദേശം 130 ചായവരെ അമലയുടെ തേയില ഷോപ്പില്‍ നിന്ന് വില്‍ക്കുന്നുണ്ട്. പഠിക്കാനുള്ള ചെലവ് കണ്ടെത്തിയതും ഇതില്‍ നിന്ന് തന്നെയായിരുന്നു. വൈകിട്ട് 5 മുതല്‍ രാത്രി 10 മണി വരെയാണ് കടയുടെ പ്രവര്‍ത്തന സമയം. തിരക്ക് കൂടുമ്പോള്‍ സഹായിക്കാന്‍ അച്ഛനോസുഹൃത്തുക്കളോ എത്തും.
ദേശീയപാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്ന മുറയ്ക്ക് അമലയുടെ കടയും മാറ്റേണ്ടി വരും. അതിന് മുമ്പ് പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അമല. ഇത്രയും പഠിച്ചിട്ട് ചായക്കട നടത്തുന്നതില്‍ ആദ്യമൊക്കെ വീട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പിന്നീട് തന്റെ ആഗ്രഹത്തോടൊപ്പം അവര്‍ നിന്നെന്ന് അമല പറയുന്നു. കടയ്ക്കായി പല ന്യൂജെന്‍ പേരുകളും കണ്ടെത്തിയെങ്കിലും അതിലൊന്നും വ്യത്യസ്തത കണ്ടെത്താനായില്ല. ഒടുവില്‍ അമ്മയാണ് ‘തേയില’ എന്ന പേരു നിര്‍ദേശിച്ചത്. വാരനാട് കരിയില്‍ വീട്ടില്‍ മാത്യുവിന്റെയും സാലിയുടെയും മകളാണ്. സാന്ദ്ര സഹോദരിയാണ്.

