പുരസ്‌ക്കാരനിറവിന്‍റെ വാതിൽക്കലെ സംഗീതപ്രാവ്
പാര്‍വതി
സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്ക് ഹിമമായി പെയ്തിറങ്ങിയ സംഗീതമഴയാണ് നിത്യ മാമ്മൻ. പാട്ട് കൊണ്ട് മുട്ടി കടലായി മാറിയ ഗാനമാധുരി. വളരെ കുറച്ച് പാട്ടുകൾ മാത്രമേ നിത്യയുടേതായി എത്തിയിട്ടുള്ളൂവെങ്കിലും ചുരുങ്ങിയ നാളുകൾ കൊണ്ട് ആരാധകഹൃദയം കീഴടക്കി. എടക്കാട് ബറ്റാലിയനിലെ നീ ഹിമ മഴയായ് എന്ന ആദ്യ ഗാനത്തിലൂടെ തന്നെ കേൾവിക്കാരുടെ മനം കവർന്ന ഗായിക.
പാടിയ പാട്ടുകളെല്ലാം അനുവാചകരിൽ പ്രണയം പൊഴിച്ച പാട്ടുകാരി മികച്ച ഗായികയ്ക്കുള്ള സംസ്ഥാനപുരസ്‌കാര നിറവിൽ കൂട്ടുകാരി ഡോട്ട് കോമുമായി സംസാരിക്കുന്നു.
“ആഗ്രഹിച്ചിരുന്നു, പക്ഷെ ഇത് അപ്രതീക്ഷിതം. നന്ദി ഗുരുക്കന്മാർക്കും എം ജയചന്ദ്രൻ സാറിനും” പുരസ്കാരലബ്ധിയിൽ നിത്യയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു.
സൂഫിയും സുജാതയിലെ ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഹിറ്റ് ഗാനം ആണ് അവാർഡിന് അർഹയാക്കിയത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് എം ജയചന്ദ്ര൯ പകർന്ന സംഗീതം സംഗീതപ്രേമികളുടെ ഉള്ളം കവർന്നു. അദ്ദേഹത്തിന്റെ സംഗീതജീവിതത്തിന്റെ 25-ാം വാർഷികത്തിൽ സംവിധാനം നൽകിയ ഗാനത്തെ മാസ്മരികം എന്നാണ് നിത്യ വിശേഷിപ്പിക്കുന്നത്. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ‘വാതിൽക്കല് വെള്ളരിപ്രാവിന്റെ’ പുരസ്കാരലബ്ധിയെന്നു നിത്യ പറയുന്നു.
ശ്വാസമാകെ സംഗീതം നിറച്ച്…
കുട്ടിക്കാലം മുതൽ ഒരു പാട്ടുകാരി ആവണമെന്നും പിന്നണി ഗായികയാകണമെന്നും ആഗ്രഹമുണ്ടായിരുന്നു. ആറാം ക്ലാസ്സ് തൊട്ട് സംഗീതമായിരുന്നു ആഗ്രഹവും ശ്വാസവും. പള്ളിയിൽ ക്വയർ പാടിയാണ് തുടക്കം. അന്നേ മനസ്സിൽ വിരിഞ്ഞ ആഗ്രഹമാണ് പിന്നീട് യാഥാർഥ്യമായി മാറിയത്. എല്ലാത്തിനും പൂർണ്ണ പിന്തുണ വീട്ടുകാരും. മുന്നോട്ടുള്ള പ്രയാണത്തിന് അത് നൽകിയ ഊർജ്ജം വലുതായിരുന്നു.
ഖത്തറിൽ ആയിരുന്നു സ്കൂൾ കാലഘട്ടം. യൂത്ത് ഫെസ്റ്റ് വെൽ ഒക്കെ വരുമ്പോൾ മത്സരാർത്ഥിയായി പങ്കെടുത്തിട്ടുണ്ട്. പക്ഷെ അങ്ങനെ സമ്മാനം ഒന്നും ലഭിച്ചിട്ടില്ല. പ്ലസ് ടുവിന് ശേഷം ബി ആർക്കിന് ബാംഗ്ലൂർ ആണ് പഠിച്ചത്. അവിടെ ചെന്നപ്പോൾ മ്യൂസികിനെ പറ്റി കൂടുതൽ അറിയാൻ അവസരവും പ്രോത്സാഹനവും ലഭിച്ചു. അത് സംഗീതം എന്ന സ്വപ്നത്തെ വീണ്ടും ഹൃദയത്തോട് ചേർത്തു.
ഹൃദയത്താളിൽ മുത്തം വെച്ച സംഗീതം
ഉപരി പഠനം ഒക്കെ കഴിഞ്ഞ് ആർക്കിടെക്ട് ആയി കുറച്ച് നാൾ ജോലി ചെയ്തു. അപ്പോഴും സംഗീതത്തെ കൈവിട്ടില്ല. കൂടുതൽ താൽപര്യവും പാട്ടിനോട് ആയിരുന്നു. ജോലിക്കിടയിലും ഒഴിവു സമയങ്ങളിൽ പാട്ടുകൾ പാടി റെക്കോഡ് ചെയ്തു. ആയിടയ്ക്ക് തന്നെ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങി. ആഗ്രഹം കൊണ്ട് ഒരുപാട് കവർ വേർഷൻസ് പുറത്തിറക്കി.
എല്ലാവരിൽ നിന്നും മികച്ച അഭിപ്രായങ്ങളും പ്രതികരണങ്ങളും വളരെ സന്തോഷം നൽകി. എന്നാൽ ഏറെ അഹ്ലാദിപ്പിച്ചത് ഒരു സ്റ്റേജ് ഷോ ആണ്. അന്ന് ആ വേദിയിൽ പാടിയപ്പോൾ കേഴ് വിക്കാരിയായി സംഗീത സംവിധായക൯ കെെലാസ് മേനോൻ സാറിന്റെ അമ്മയും ഉണ്ടായിരുന്നു. തുടർന്ന് ഞാൻ പെർഫോം ചെയ്ത വീഡിയോ കെെലാസ് സാറും പ്രൊഡ്യൂസർ സാന്ദ്രാ തോമസും കണ്ടു. അങ്ങനെ എടക്കാട് ബറ്റാലിയനിലെ നീ ഹിമമഴയായ് എന്ന ഗാനം ആലപിക്കാൻ അവസരം ലഭിച്ചു. ഗായകൻ ഹരിശങ്കറിന് ഒപ്പം ആണ് പാടിയത്. പ്രേക്ഷകർ ഒരുപാട് സ്വീകരിച്ച ഒരു ഗാനം ആലപിക്കാൻ സാധിച്ചത് ഒരുപാട് സന്തോഷം നൽകി. ആദ്യമായിട്ടാണല്ലോ സിനിമയിൽ പാടുന്നത്. അതിന്റെ ടെൻഷൻ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ, കൈലാസ് സർ വളരെ ക്ഷമാശീലനാണ്. അതു കൊണ്ട് ഫ്രീയായി പാടാൻ കഴിഞ്ഞു. പിന്നീട് മറ്റ് സിനിമകളിലും ഗാനാലാപനത്തിന് അവസരം കിട്ടി.
ഗുരുക്കൻമാരുടെ അനുഗ്രഹവും പ്രചോദനവും
സംഗീതത്തിലെ ആദ്യാക്ഷരങ്ങൾ പഠിച്ചത് സീതാ കൃഷ്ണൻ എന്ന അദ്ധ്യാപികയിൽ നിന്ന് ആണ്. പാട്ടിലെ പുതിയ വഴികൾക്കായ് പഠനം മുന്നോട്ട് കൊണ്ട് പോയി. സംഗീത സംവിധായകൻ ബേണി ഇഗ്നേഷ്യസിന്റെ ശിഷ്യയാണ് ഞാൻ ഇപ്പോൾ. അജിത്ത് സിങ്ങ് എന്ന ഗായകൻ ആണ് സംഗീത ജീവിതത്തിൽ പ്രചോദനം നൽകിയത്. അദ്ദേഹത്തിന്റെ പാട്ടുകൾ ഒക്കെ ശ്രദ്ധയോടെ കേൾക്കാറുണ്ട്. അവാർഡ് നേടാൻ സഹായിച്ചത് സൂഫിയും സുജാതയും ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം ആണ്. അപ്രതീക്ഷിതമായിരുന്നു പുരസ്കാരം. ആ പാട്ട് ശരിക്കും ഞങ്ങളുടെ ടീമിന്റെ വിയർപ്പാണ്. അത്രയും കഷ്ടപ്പാട് അതിന് പിന്നിൽ ഉണ്ട്. മാത്രമല്ല, വളരെ ശ്രദ്ധയോടെ തന്നെ ആണ് എം ജയചന്ദ്രൻ സാർ ഗാനം ഒരുക്കിയതും. അതിനാൽ, ഈ പാട്ട് അവാർഡിന് കാരണമായതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ട്. അതുപോലെ വളരെ കഴിവുള്ള രണ്ട് ഗായകരാണ് എന്റെ കൂടെ ഈ പാട്ട് പാടിയിരിക്കുന്നത്. അർജുൻ കൃഷ്ണയും, സിയ ഉൾ ഹക്കും. ഈ ഗ്രൂപ്പിന് ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതും എന്റെ ഒരു ഭാഗ്യമായി കരുതുന്നു. റിലീസിനു ശേഷം ഈ ഗാനം ഒരു പാട് പേര് ഏറ്റെടുത്തു. നിരവധി ആളുകൾ ഇത് ആലപിക്കുകയും ചെയ്തു. അതൊക്കെ എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യം ആണ്.
സംഗീതമാകുന്ന പ്രേമത്തി൯ തുണ്ട്…
സംഗീതത്തെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഒരു ജീവനായി സ്നേഹിക്കുന്നു. ഇനിയും ഒരു പാട് പാട്ടുകൾ പാടണം. ആളുകളെ ആസ്വദിപ്പിക്കണം. സ്നേഹത്തോടെ എന്ത് കാര്യം നമ്മൾ ചെയ്താലും അത് വിജയത്തിലേ കലാശിക്കൂ. ആ വികാരത്തിന്റെ ശക്തി അത്രത്തോളമുണ്ട്. സംഗീതത്തെ ഞാൻ സ്നേഹിക്കുന്നു. അതിൽ കൂടുതൽ ഒന്നും എനിക്ക് ചെയ്യാനില്ലല്ലോ. ഇത് ഹൃദയത്തോട് മുറുകെ പിടിച്ചാണ് ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നത്.
സംഗീത വഴിയിലെ ഇതളായി ചേരുന്ന മധുരം നിറയുന്ന പ്രേമത്തി൯ തുണ്ടായി നിത്യമാമ്മ൯്റെ പാട്ടുകൾ പൊഴിയുന്നു.