തിയേറ്ററില്‍ പോയി സിനിമകണ്ടതിന്റെ പേരില്‍ രക്തസാക്ഷിയാകേണ്ടി വന്ന സ്ത്രി; സാജു ചേലങ്ങാടിന്റെ കുറിപ്പ്
photo courtesy saju chelangadu
Nenmara swami, and his wife(file photo)
സ്ത്രീകള്‍ക്ക് ഇന്ന് തിയേറ്ററില്‍ പോയി സിനിമ കാണാം. എന്നാല്‍ ഒരുകാലത്ത് അതിന് സാധിക്കുമായിരുന്നില്ല. തിയേറ്ററില്‍ പോയി സിനിമ കണ്ടതിന്റെ പേരില്‍ ഒരു സ്ത്രീ രക്തസാക്ഷിത്വവും വഹിച്ചിട്ടുണ്ട് വൈറലായി സിനിമപ്രവര്‍ത്തകന്‍ സാജു ചേലങ്ങാടിന്റെ കുറിപ്പ്.
സാജു ചേലങ്ങാടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് സ്ത്രീകൾക്ക് ധൈര്യമായി കൊട്ടകയിൽ പോയി സിനിമ കാണാം.ഒരു കാലത്ത് അതിന് കഴിയുമായിരുന്നില്ല. ആ അവസ്ഥയ്ക്ക് മാറ്റം വരുത്തിയ നെൻമാറസ്വാമി എന്ന് പഴയ സിനിമാക്കാർ വിളിച്ചിരുന്ന നെൻമാറ ലക്ഷ്മണയ്യരെ ആരെങ്കിലും ഓർക്കുന്നുണ്ടോ?
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ സിനിമ കാണാനുള്ള അവകാശം പുരുഷൻമാർക്ക് മാത്രമായിരുന്നു. അക്കാര്യത്തിൽ ഭേദചിന്തകളെല്ലാം വെടിഞ്ഞ് പുരഷൻമാർ ഒറ്റക്കെട്ടായി നിന്നു. സ്ത്രീകൾ ആണുങ്ങളോടൊപ്പമല്ലാതെഒറ്റയ്ക്കോ കൂട്ടായോ സിനിമ കാണാൻ വന്നാൽ അടിച്ചോടിക്കുമായിരുന്നു. അത്രയും ശക്തമായപുരുഷ കേന്ദ്രീകൃതമായിരുന്നു സിനിമ കാണൽ എന്ന പ്രക്രിയ.
1901 ൽ പാലക്കാട് നെൻമാറയിലാണ് ലക്ഷ്മണയ്യർ ജനിച്ചത്.മെട്രിക്കുലേഷൻ ജയിച്ചെങ്കിലും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അദ്ദേഹത്തിന്റെ തുടർപഠനം മുടക്കി തൊഴിലന്വേഷകനാക്കി. അക്കാലത്തെ തൊഴിൽ തേടുന്നവരുടെ ആശ്രയ നഗരങ്ങളായിരുന്നു ബോംബേയും കൽക്കത്തയും മദിരാശിയുമൊക്കെ.ലക്ഷ്മണയ്യർ തൊഴിലന്വേഷിക്കാൻ തെരഞ്ഞെടുത്തത് മദിരാശി നഗരത്തെ ആയിരുന്നു. മെട്രിക്കുലേഷൻ എന്നത് അന്ന് ഗുമസ്തപ്പണിക്ക് മതിയായ യോഗ്യതയാണ്. വലിയ അലച്ചിലൊന്നുമില്ലാതെ നിർമാണക്കമ്പനിയായ പാഥേയിൽ അത്തരമൊരു തൊഴിൽ തരപ്പെട്ടു.അവിടെ വെച്ച് സിനിമയുടെ സകല വശങ്ങളും ഹൃദിസ്ഥമാക്കി.പാഥേപോലേ തന്നെ സായിപ്പിൻ്റെ കീഴിലുള്ള വാർണർ ബ്രദേഴ്സിലും ഫോക്സിലും കൊളംബിയ ഫിലിംസിലുമൊക്കെ പിന്നെ ജോലി ചെയ്തു.ദീർഘനാളത്തെ അനുഭവ പരിചയം അദ്ദേഹത്തിന്റെ മനസിനെ സിനിമയിൽ ആഴത്തിലുറപ്പിച്ചു.കൂടാതെ ഇന്ത്യയെമ്പാടും ജോലിയുടെ ഭാഗമായി സഞ്ചരിക്കുക കൂടി ചെയ്തപ്പോൾ പ്രദർശന മേഖലയിലേക്ക് കാലൂന്നാൻ ധൈര്യമായി .
നാട്ടിലെത്തിയ അദ്ദേഹം ഒരു ടൂറിങ്ങ് ടാക്കീസ് തുടങ്ങി പാലക്കാടൻ മണ്ണിൽസിനിമയ്ക്ക് വേരോട്ടമുണ്ടാക്കി. ഓരോ കൊയ്ത്ത് കാലം കഴിയുമ്പോഴുംബോംബേയിൽപ്പോയി ഹിന്ദി, ഇംഗ്ലീഷ് സിനിമകൾ വാങ്ങിക്കൊണ്ടു വന്ന് സഞ്ചരിക്കുന്ന കൊട്ടകകളിൽ പ്രദർശിപ്പിക്കുമായിരുന്നു.നിരവധി പ്രൊജക്ടറുകളും അദ്ദേഹം വാങ്ങി.ഫിലിമും പ്രൊജക്ടറും മറ്റുള്ള ടൂറിങ്ങ് ടാക്കീസുകൾക്ക് വാടകയ്ക്ക് നൽകുന്ന പതിവുമുണ്ടായിരുന്നു സ്വാമിക്ക്.അപ്പോൾ തൻ്റെ ഒരു ശിങ്കിടിയെക്കൂടി അയയ്ക്കും. സ്വന്തം കത്തിൽഅയാളെ പരിചയപ്പെടുത്തിയിരുന്നത് എൻ്റെ Representitive എന്നായിരുന്നു. പിന്നീട് ഫിലിം റെപ്രസെന്ററ്റീവ് എന്ന പ്രയോഗം മലയാള സിനിമയിലുണ്ടായതിന് കാരണം സ്വാമിയുടെ ഈഎഴുത്തുകളാണ്.
കൊച്ചിയുംആലപ്പുഴയും സ്വാമിയുടെ ഇഷ്ട യിടങ്ങളായിരുന്നു. ഈ രണ്ട് സ്ഥലങ്ങളും കഴിഞ്ഞാൽ അദ്ദേഹം പണം വാരിയിരുന്നത് റാന്നിയിൽ നിന്നാണെന്ന് മകൻ ബാലകൃഷ്ണൻ പറയുന്നു.എങ്കിലും സ്വന്തം നാട് കഴിഞ്ഞാൽ അദ്ദേഹത്തിനിഷ്ടം ആലപ്പുഴ ആണ്. കാരണം എല്ലായിടങ്ങളേക്കാളും ലാഭം ഇവിടെതന്നെ.
അപ്പോഴൊക്കെ ആണുങ്ങളില്ലാതെ സ്ത്രീകൾഒറ്റക്കോ കൂട്ടമായോ വന്നാൽ തുണി ക്കൂടാരത്തിനു പുറത്ത് വെച്ച് തന്നെ ആട്ടിയോടിക്കുമായിരുന്നു. 1940 ആയപ്പോഴേക്കും നാടെങ്ങും സ്ഥിരം തിയറ്ററുകളായി. സഞ്ചരിക്കുന്ന പ്രദർശനശാല അപ്പോഴേക്കും വിട്ട സ്വാമിനെൻ മാറയിൽ ഒരു കൊട്ടക വാടകക്കെടുത്ത് പ്രദർശനമാരംഭിച്ചു.സൗദാംബിക എന്ന ആകൊട്ടക ഇന്നില്ല. ഒരു ചെട്ടിയാർ കുടുംബത്തിൻ്റേതായിരുന്ന കൊട്ടക സ്വാമി കാലത്തിനൊത്ത് പുതുക്കി. എന്നിട്ടും സ്ത്രീ പ്രവേശനമില്ല. ഒരു ദിവസം നെൻ മാറക്കാരിയായ ഒരു യുവതി രണ്ടും കൽപ്പിച്ച് സിനിമ കാണാൻ വന്നു.പതിവുപോലേ ജാതി മത ചിന്തകൾ വെടിഞ്ഞ് പുരുഷൻമാർ കൂക്കുവിളി തുടങ്ങി. എല്ലാം മുൻകൂട്ടി കണ്ടിരുന്നഅവൾ അതൊന്നും വകവെയ്ക്കാതെ കൊട്ടകയ്ക്കകത്ത് കയറിയിരുന്നു.കൂവും അസഭ്യവർഷവും കൊട്ടകയ്ക്കകത്തായി. സ്വാമിയാകട്ടെ ലഹളക്കാരെ ശാന്തരാക്കാൻ ആവുന്നത് ശ്രമിച്ചു.പക്ഷേ പരാജയപ്പെട്ടു. സിനിമ തുടങ്ങിയാൽ ബഹളം ശമിച്ചേക്കുമെന്ന പ്രതീക്ഷയിൽ സ്വാമി പ്രൊജക്ടർ പ്രവർത്തിപ്പിച്ചു തുടങ്ങി. പ്രതീക്ഷിച്ചയത്ര യില്ലെങ്കിലും പ്രതിഷേധ ശബ്ദത്തിന് ഇടിവുണ്ടായി. ഇടവേളയായി, പലരും പ്രാഥമികാവശ്യത്തിന് പുറത്തു പോയി. ഒപ്പം അവളും. സിനിമ വീണ്ടും തുടങ്ങി.അവൾ തിരിച്ചു വന്നില്ല. അടുത്ത പ്രഭാതത്തിൽ കൊട്ടകയിൽ നിന്ന് വലിയ അകലത്തിലല്ലാത്ത ഒരു കുറ്റിക്കാട്ടിൽ ചോരയിൽ കുതിർന്ന ആ യുവതിയുടെ മൃതദേഹം കണ്ടു.
സ്വാമിയെ വല്ലാതെ തകർത്തു ഈ സംഭവം. എന്ത് വില കൊടുത്തും സ്ത്രീകൾക്ക് സിനിമ ആൺതുണയില്ലാതെ വന്ന് കാണാനുള്ള അവസ്ഥ സംജാതമാക്കാൻ അദ്ദേഹം ഉറച്ച തീരുമാനമെടുത്തു.മലബാറിലെ സ്ഥിരം പ്രദർശനശാലയുടമകളെ ഇതിനായി അദ്ദേഹം നിർബന്ധിച്ചു. പുരുഷ പ്രതികരണം ഭയന്ന് അവർക്കെല്ലാം ആദ്യം അമാന്തമായിരുന്നെങ്കിലും മിക്കവരേയും തൻ്റെ വഴിക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു.സ്ത്രീകൾക്ക് പ്രാഥമികാവശ്യങ്ങൾക്ക്പ്രത്യേകം സൗകര്യങ്ങൾ ഉണ്ടാക്കിച്ചെടുക്കുന്നതിൽ വരെ അദ്ദേഹത്തിൻ്റെ ശ്രമങ്ങൾ ഫലം കണ്ടു.പ്രദർശനശാലകളുടെ വരുമാനത്തെ വർധിപ്പിച്ച ഈ പരിഷ്കാരങ്ങളിൽ ശേഷിച്ചവരും അധികം താമസിയാതെ ആകൃ ഷ്ടരായി. എന്നാൽ പിൽക്കാലം ഒന്നുമറന്നു.സ്ത്രീകൾക്ക് കൊട്ടകകളിൽ കയറാൻ രക്തസാക്ഷിത്വം വരിeക്കണ്ടി വന്ന ആ നെന്മാറക്കാരിയെ. ആരായിരന്നു അവൾ?. കാലം നൽകുന്ന ഉത്തരത്തിനായി കാത്തിരിക്കാം.