പതിറ്റാണ്ടുകളുടെ സ്വപ്ന സാക്ഷാത്ക്കാരം: ആലപ്പുഴ ബൈപ്പാസ് തുറന്നു

ആലപ്പുഴ: ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളായ സ്വപ്നത്തിന് ഇന്ന് സാക്ഷാത്ക്കാരം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മഹനീയ സാന്നിധ്യമായി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങള് മൂലം അനിശ്ചിതമായി നീളുകയായിരുന്നു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പ്രത്യേക താല്‍പര്യമെടുത്ത് നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ബൈപാസിന്റെ നിര്‍മാണം വേഗത്തിലാക്കിയത്. ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോള്‍ ബൈപ്പാസിന്റെ 15% ജോലികള്‍ മാത്രമായിരുന്നു പൂര്‍ത്തിയായിരുന്നത്.

ഭൂമിക്ക് അടിയിലുള്ള ജോലികള്‍ മാത്രമായിരുന്നു അത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി നിന്ന 85% പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള ചില തടസ്സങ്ങളാണ് ബൈപ്പാസ് നിര്‍മ്മാണത്തെ വീണ്ടും വൈകിപ്പിച്ചത്. 2018ല്‍ മുഖ്യമന്ത്രിയും മന്ത്രി ജി സുധാകരനും പ്രധാനമന്ത്രിയേയും കേന്ദ്ര റയില്‍വേ മന്ത്രിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് തടസ്സങ്ങളുടെ കുരുക്കഴിച്ചത്. റയില്‍വേയുടെ ഭാഗത്ത് നിന്നുള്ള തടസ്സം ഇല്ലായിരുന്നെങ്കില്‍ ഒന്നര വര്‍ഷം മുന്‍പേ ബൈപ്പാസിന്റെ ഉദ്ഘാടനം സാധ്യമാകുമായിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടി രൂപയാണ് ആകെ അടങ്കല്‍ തുക. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 4.85 കോടി രൂപ അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമേ 25 കോടി ചെലവഴിച്ചു.

ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകള്‍ വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പൊതുമരാമത്ത് വകുപ്പാണ് പണം ചെലവഴിച്ചത്. ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. മോര്‍ത്ത് സഹമന്ത്രി വി.കെ. സിംഗ്, ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, എംപിമാരായ എ.എം. ആരിഫ്, കെ.സി. വേണുഗോപാല്‍, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!