ലോകത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ ആഴിമലയില്‍
ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമായ പുളിങ്കുടി ആഴിമലയില്‍. തിരുവനന്തപുരത്തിന് സ്വന്തമായ ഈ ശിവ പ്രതിമ കാണാന്‍ ഭക്തരുടെ നീണ്ട നിരയാണ്.
ഗൗരവവും സന്തോഷവുമുള്ള ഭാവങ്ങളുള്ള, ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഇവിടെയുള്ള ശില്പത്തില് കാണാനുകുക. ജനുവരി 2നാണ് ഈ ശില്പം ഭക്തര്‍ക്കായി തുറന്നുകൊടുത്തത്. കടല്‍ക്കാറ്റിനെ പ്രതിരോധിക്കുന്ന രീതിയിലാണ് ഈ മനോഹരമായ ശിവപ്രതിമ രൂപകല്പന ചെയ്തിരിക്കുന്നത്.
ശിവ രൂപത്തിനു താഴെ മൂന്നു നിലകളിലായി 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ധ്യാനമണ്ഡപവും ഒരുക്കിയിട്ടുണ്ട്. പ്രതിമയ്ക്ക് അടുത്തുള്ള ചെറിയ കവാടത്തിലൂടെ 27 പടികള്‍ കടന്ന് വേണം ഈ ധ്യാന മണ്ഡപത്തിലേയ്ക്ക് പ്രവേശിക്കാന്‍.
ധ്യാനമണ്ഡപത്തില്‍ ഒരേസമയം 300ഓളം പേര്‍ക്ക് ഇരിക്കാം. 58 അടി ഉയരുമള്ള ശില്പത്തിന് ആകെ ചിലവ് 5 കോടി രൂപയാണ്. ആഴിമല സ്വദേശിയായ പിഎസ് ദേവദത്തന് എന്ന യുവശില്പിയുടെ കരവിരുതില്‍ വിരിഞ്ഞ ഈ ശില്പം രൂപ രൂര്ണതയ്ക്കായി എടുത്തത് 6 വര്‍ഷമാണ്.
കിഴക്കേകോട്ടയില്‍ നിന്നും തമ്പാനൂരില്‍ നിന്നും വിഴിഞ്ഞം വഴി പൂവാറിലേയ്ക്കുള്ള ബസ്സില്‍ കയറിയാല്‍ ആഴിമല ബസ് സേറ്റാപ്പിലിറങ്ങാം. ഇവിടെ നിന്നും 100 മീറ്റര്‍ ദൂരം മാത്രമാണ് ക്ഷേത്രത്തിലേയ്ക്കുള്ളത്. തികച്ചും ഭക്തി സാന്ദ്രമായ അന്തരീക്ഷവും ആത്മശാന്തിയും ഉള്ള ആഴിമലയിലെ കടല്‍ തീരത്ത് ശില്പത്തിന്റെ ഭംഗിയും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാനെത്തുവരുടെ തിക്കും തിരക്കുമാണ് എന്നും.