കോവിഡിനെ തുരത്താം : പാലിക്കാം ഈ കാര്യങ്ങൾ

കോവിഡ് രോഗവ്യാപനത്തിന്‍റെ ഭീതിപ്പെടുത്തുന്ന കണക്കുകള്‍ ഓരോ ദിവസവും പുറത്തുവരുന്നത്.പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും നിയമപാലനവുമൊക്കെയായി വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ അക്ഷീണം പ്രയത്നിക്കുന്നു. എന്നാല്‍ വ്യക്തിഗത ജാഗ്രത എല്ലാവരും ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദഗ് ധർ അറിയിച്ചു.പ്രതിരോധമാണ് പോംവഴി എന്ന് തിരിച്ചറിയണം. മാസ്ക് ധരിക്കുക, കൈകള്‍ അണുവിമുത്കമാക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ശരിയായി രീതിയില്‍ ശാസ്ത്രീയമായി പാലിച്ചാല്‍ മാത്രമേ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയൂ. ഒരു വ്യക്തി വീട്ടില്‍ നിന്നും അവശ്യകാര്യങ്ങള്‍ക്ക് പുറത്തുപോയി മടങ്ങുന്നതുവരെ ചില നിഷ്കര്‍ഷകള്‍ പാലിക്കണം.

പുറത്തേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.

പുറത്തേക്ക് പോകുന്നതിന് മുമ്പ് മുന്‍കരുതല്‍ തുടങ്ങണം. കൈകള്‍ അണുവിമുക്തമാക്കി മാസ്ക് മൂക്കും വായും മൂടും വിധം ശരിയായി ധരിക്കണം. സാനിട്ടൈസര്‍ കൈയ്യില്‍ കരുതണം. മാറ്റി ധരിക്കേണ്ട മാസ്കും കൈയ്യില്‍ കരുതണം. ഒപ്പം ഉപയോഗശൂന്യമായ മാസ്ക് സൂക്ഷിക്കാനുളള കവറും.

യാത്രയ്ക്കുളള വാഹനത്തില്‍ കയറുമ്പോള്‍

സ്വന്തം വാഹനമാണെങ്കില്‍ കൈകള്‍ അണുവിമുക്തമാക്കുകയും മാസ്ക് ധരിക്കുകയും വേണം. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുമ്പോള്‍ തിരക്കുകൂടാതെ വാഹനത്തില്‍ പ്രവേശിക്കണം. ഇരുന്ന ശേഷം കൈകള്‍ അണുവിമുക്തമാക്കണം. വസ്ത്രങ്ങളൊതുക്കി വക്കണം. . കൈകള്‍ മറ്റിടങ്ങളില്‍ പിടിക്കാതെ സുരക്ഷിതമായി ഇരിക്കണം. കൃത്യം പണം നല്‍കി ടിക്കറ്റെടുക്കുന്നതാണ് നല്ലത്. കൈകള്‍ സാനിട്ടൈസ് ചെയ്യുകയും വേണം. മാസ്ക്കിലും മുഖത്തും ഇടയ്ക്കിടെ സ്പര്‍ശിക്കരുത്.

ലക്ഷ്യസ്ഥലത്ത് എത്തിച്ചേരുമ്പോള്‍

ജോലിസ്ഥലമാണെങ്കില്‍ കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് കഴുകുകയോ സാനിട്ടൈസ് ചെയ്യുകയോ വേണം. അകലമുറപ്പാക്കി ഇരിക്കണം. എല്ലായ്പ്പോഴും മാസ്ക് ധരിക്കണം. വസ്തുക്കള്‍ കൈകാര്യം ചെയ്താലുടന്‍ കൈകള്‍ അണുവിമുക്തമാക്കുന്നു. വ്യക്തിഗത സാധനങ്ങള്‍ കൈമാറാതിരിക്കാന്‍ ശ്രദ്ധിക്കുന്നു.സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്താതിരിക്കണം. ഭക്ഷണം കൂട്ടം ചേര്‍ന്നിരിന്ന് കഴിക്കരുത്. വീട്ടിലേയ്ക്ക് പുറപ്പെടും മുന്‍പ് സോപ്പുപയോഗിച്ച് കൈകള്‍ കഴുകണം.
മാര്‍ക്കറ്റ്/കട എന്നിവിടങ്ങളില്‍ പോകുന്നതിന് മുമ്പ് വാങ്ങാനുളള ലിസ്റ്റും സഞ്ചിയും കരുതണം. തിരക്കില്ലാത്ത കട തെരഞ്ഞെടുക്കണം. തിരക്കുണ്ടെങ്കില്‍ ക്ഷമയോടെ കാത്ത് നില്‍ക്കുക. കടയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കൈകള്‍ അണുവിമുക്തമാക്കണം. തിരയുക, തിരിച്ചു വയ്ക്കുക തുടങ്ങിയ ശീലങ്ങള്‍ ഇപ്പോള്‍ ഒഴിവാക്കുക. പണം നല്‍കുകയോ കാര്‍ഡ് ഉപയോഗിക്കുകയോ ചെയ്തതിനുശേഷവും കൈകള്‍ അണുവിമുക്തമാക്കണം. സാധനങ്ങള്‍ വാങ്ങിയ ശേഷം എത്രയും പെട്ടെന്ന് മടങ്ങണം. മാസ്ക് ഒരു സാഹചര്യത്തിലും മാറ്റരുത്. പുറത്തിറങ്ങിയ ശേഷവും സാനിട്ടൈസര്‍ പുരട്ടണം.

ബാങ്ക്/എ.റ്റി.എം ആണെങ്കില്‍ അകലമിട്ടു നിരയില്‍ നില്‍ക്കാന്‍ ക്ഷമ കാണിക്കണം. പ്രവേശിക്കുന്നതിന് മുന്‍പ് സാനിട്ടൈസര്‍ പുരട്ടണം. ഡോര്‍ ഹാന്‍ഡില്‍ ഉപയോഗിച്ച ശേഷം കൈകള്‍ അണുവിമുക്തമാക്കണം. സ്വന്തം പേന കൈയ്യില്‍ കരുതുക. എ.റ്റി.എം കാര്‍ഡ് ഉപയോഗിക്കുക, ഫോമുകള്‍ കൈമാറുക തുടങ്ങിയ സാഹചര്യങ്ങളിലെല്ലാം കൈകള്‍ അണുവിമുക്തമാക്കണം. പണം കൈകാര്യം ചെയ്തശേഷം കൈകള്‍ അണുവിമുക്തമാക്കണം. അടഞ്ഞ മുറികളില്‍ ചെലവിടുന്ന സമയം കുറയ്ക്കാന്‍ ശ്രമിക്കുക. ഇടയ്ക്കിടെ മുഖത്തോ മാസ്ക്കിലോ സ്പര്‍ശിക്കരുത്. തിരിച്ചിറങ്ങിയ ശേഷവും സാനിട്ടൈസ് ചെയ്യണം.

വീട്ടില്‍ തിരികെയെത്തുമ്പോള്‍

ചെരിപ്പ് പുറത്ത് സൂക്ഷിക്കണം. വാങ്ങിയ സാധനങ്ങള്‍ അണുവിമുക്തമാക്കിയശേഷം ഉപയോഗിക്കുക.ഫോണ്‍, പേഴ്സ്, കണ്ണാടി എന്നിവ ശരിയായ രീതിയില്‍ സാനിട്ടൈസര്‍ പുരട്ടി അണുവിമുക്തമാക്കണം. മാസ്ക്കില്‍ കൈകള്‍ സ്പര്‍ശിക്കാതെ സുരക്ഷിതമായി ഊരി മാറ്റണം. വീണ്ടും ഉപയോഗിക്കാനാവുന്നത് സോപ്പുവെളളത്തില്‍ മുക്കണം. പുനരുപയോഗിക്കാനാവാത്തത് നിര്‍മ്മാര്‍ജ്ജനം ചെയ്യണം. വസ്ത്രങ്ങള്‍ സോപ്പു വെളളത്തില്‍ കുതിര്‍ത്തു വയ്ക്കണം. കുളിച്ചു വൃത്തിയായ ശേഷമേ വീട്ടിലെ മറ്റംഗങ്ങളോട് ഇടപെടാവൂ. എസ്.എം.എസ് പാലിക്കുന്നുണ്ടോ എന്നു മാത്രമല്ല കൃത്യതയോടെ ശരിയായി പാലിക്കുന്നുണ്ടോ എന്ന് സ്വയം വിശകലനം നടത്തേണ്ടത് അവനവന്റെ ഉത്തരവാദിത്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *