വൈറലായി മിഷന്‍ സി യുടെ ട്രെയിലര്‍: ജനശ്രദ്ധ നേടി കൈലാഷ്

വേറിട്ട കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം തേടിയ നടനാണ് കൈലാഷ്. ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങളായിരുന്നു താരം ചെയ്ത വേഷങ്ങള്‍. മിഷന്‍ സി യില്‍ ഓടുന്ന ബസ്സില്‍ നിന്നുള്ള കൈലാഷിന്‍റെ സാഹസിക രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടവെച്ചിരുന്നു. ജീവന്‍ പണയപ്പെടുത്തിയുള്ള താരത്തിന്‍റെ അഭിനയമികവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനിടെ കൈലാഷിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക ട്രോളുകളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ട്രെയിലര്‍ റിലീസായതോടെ എല്ലാം കാറ്റില്‍ പറത്തി കൈലാഷ് തിളങ്ങുകയായിരുന്നു. ഒപ്പം താരത്തെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കൈലാഷിന്‍റെ അഭിനയജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു മിഷന്‍ സി യുടെ ഈ ട്രെയിലര്‍.

യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആദ്യമായി ഒരുക്കിയ റോഡ് ത്രില്ലര്‍ മൂവി മിഷന്‍ സി റിലീസിനൊരുങ്ങിയിരിക്കുകയാണ്.


ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തനിക്ക് ഏറെ അഭിമാനം തോന്നിയ കഥാപാത്രമാണ് മിഷന്‍ സിയിലേതെന്ന് കൈലാഷ് പറഞ്ഞു. ക്യാപ്റ്റന്‍ അഭിനവ് എന്ന വേഷമാണ് എന്‍റേത്. വേറിട്ടതും വ്യത്യസ്തവുമായ ഒട്ടേറെ കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ മിഷന്‍ സി യിലെ കഥാപാത്രം കൂടുതല്‍ ശ്രദ്ധേയമാണ്. അത് വലിയൊരു ഉത്തരവാദിത്ത്വമാണ്. എനിക്ക് അവസരങ്ങള്‍ തന്ന സംവിധായകരോടും നിര്‍മ്മാതാക്കളോടും എന്നും എനിക്ക് ആ സ്നേഹവും നന്ദിയുമുണ്ട്. പിന്നെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട പ്രേക്ഷകരോട് ഹൃദയത്തില്‍ നിന്നുള്ള സ്നേഹവും കടപ്പാടും പങ്കുവെയ്ക്കുകയാണെന്നും കൈലാഷ് പറഞ്ഞു. കലാമൂല്യവും ജനപ്രിയവുമായ സിനിമകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ കൈലാഷിന് മിഷന്‍ സി കൂടുതല്‍ ഉത്തരവാദിത്വം നല്‍കുന്ന സിനിമയാണ്.


പേര് സൂചിപ്പിക്കുന്നത് പോലെ മിഷന്‍ സി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രമാണ്. തിരക്കഥാകൃത്തും സംവിധായകനുമായ വിനോദ് ഗുരുവായൂരിന്‍റെ ആദ്യ റോഡ് ത്രില്ലര്‍ മൂവി. ടെററിസ്റ്റുകള്‍ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതില്‍ കുടുങ്ങിപ്പോയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളും, അവരെ രക്ഷപ്പെടുത്താന്‍ എത്തുന്ന പോലീസുകാരുടെയും കമാന്‍റോകളുടെയും സാഹസികവും സംഘര്‍ഷഭരിതവുമായ നിമിഷങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തുടര്‍ന്ന് ഉണ്ടാകുന്ന ഉദ്യോഗജനകമായ വഴിയിലൂടെയാണ് ചിത്രം വികസിക്കുന്നത്. അപ്പാനി ശരത്ത്, മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ബാലാജി ശര്‍മ്മ തുടങ്ങി മുപ്പത്തഞ്ചോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രാമക്കല്‍മേടും മൂന്നാറുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകള്‍, ഹൃദയഹാരിയായ ഗാനങ്ങളും ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്. എം സ്ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജിയാണ് മിഷന്‍ സി നിര്‍മ്മിക്കുന്നത്.
പി ആര്‍ സുമേരന്‍(പി ആര്‍ ഒ)

Leave a Reply

Your email address will not be published. Required fields are marked *