കോവിഡ്: വേണം കുട്ടികൾക്കും കരുതൽ
കോവിഡ് രോഗം പിടിപെടാതിരിക്കാൻ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. പുറത്തുപോയി വരുന്ന കുടുംബാംഗങ്ങൾ കുളിച്ചതിനുശേഷമേ കുട്ടികളുമായി ഇടപഴകാവൂ. പുറത്തുനിന്നു കൊണ്ടുവരുന്ന ആഹാരസാധനങ്ങൾ/ കളിപ്പാട്ടം എന്നിവ അണുവിമുക്തമാക്കണം. സുരക്ഷിതമെന്ന് ഉറപ്പാക്കി മുതിർന്നവർ അനുവദിക്കുമ്പോൾ മാത്രമെടുക്കുക.
വീടിനുളളിലും പരിസരത്തും സമയം ചെലവിടുക. അയൽവീടുകളിൽ പോകരുത്. മറ്റ് വീടുകളിലെ കുട്ടികളുമായി ചേർന്ന്് കളിക്കരുത്. വീട്ടിൽ തന്നെ കളിക്കാവുന്ന കളികളിലും മറ്റ് വിനോദങ്ങളിലും ഏർപ്പെടുക. വായന, കരകൗശല വസ്തുക്കൾ നിർമിക്കുക, ചിത്രരചന, പൂന്തോട്ടം/അടുക്കളത്തോട്ടം നിർമ്മിക്കുക, മുറ്റത്ത് സൈക്കിൾ ചവിട്ടുക എന്നിവയൊക്കെയാവാം. പുറത്തുനിന്നുള്ള സന്ദർശകരുടെ അടുത്തേയ്ക്ക് ഓടിച്ചെല്ലരുത്. ആലിംഗനം/ഉമ്മവയ്ക്കുക എന്നിവ ഒഴിവാക്കുക. അപ്പൂപ്പൻ/അമ്മൂമ്മ എന്നിവരെ വീട്ടിൽ കഴിയാൻ സ്നേഹപൂർവം നിർബന്ധിക്കുക. അവരോടൊപ്പം സമയം ചെലവിടുക.
ഓൺലൈൻ പഠനത്തോടൊപ്പം വായന, പരിസര നിരീക്ഷണം എന്നിവ ശീലമാക്കണം. അച്ഛനമ്മമാരോടൊപ്പം കടകൾ,ബീച്ചുകൾ,മറ്റ് വീടുകൾ,ചടങ്ങുകൾ എന്നിവിടങ്ങളിൽ പോകരുത്.
പിറന്നാളാഘോഷം വീട്ടിലെ അംഗങ്ങളോടൊപ്പം മതി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക.
പുറത്തുപോകേണ്ടി വന്നാൽ മൂക്കും വായും മൂടുംവിധം മാസ്ക് ധരിക്കുക. ഇടയ്ക്കിടെ മാസ്ക്കിൽ സ്പർശിക്കാനോ ഊരി മാറ്റാനോ പാടില്ല. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക.പനി, ചുമ, തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ രക്ഷകർത്താക്കളെ അറിയിക്കുക