സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം ; അറിയേണ്ടകാര്യങ്ങള്‍
റിട്ടയര്‍മെന്‍റിനുശേഷം സാമ്പാദ്യം ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കുന്നതിനാണ് എല്ലാവരും മുന്‍തൂക്കം കൊടുക്കാറുളളത്. അതിനാല്‍ മുതിര്‍ന്ന പൗരന്മാരെ സംബന്ധിച്ചെടുത്തോളം പൊതുവെ സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം.
ഒരു സ്ഥിരവരുമാനം വാഗ്ദാനം ചെയ്യുന്നതോടൊപ്പം നികുതി ഇളവു ലഭിക്കുമെന്നതും പദ്ധതിയുടെ സവിശേഷതയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍ ലാഭസാധ്യത കൂട്ടുമെങ്കിലും റിസ്‌ക്ക് കൂടുതലാണ്. സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിനെക്കുറിച്ചുളള കൂടുതല്‍ കാര്യങ്ങളിലേക്ക്…
പദ്ധതിയില്‍ നിക്ഷേപകരാകുന്നതെങ്ങനെ ?
60 വയസ്സിന് മുകളിലുളള ആര്‍ക്കും സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ അക്കൗണ്ട് തുടങ്ങാം. റിട്ടയര്‍ ചെയ്തവരെപ്പോലെ തന്നെ 55 ന് വയസ്സിന് ശേഷം വിആര്‍എസ് എടുത്തവര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. റിട്ടയര്‍മെന്റ് ബെനിഫിറ്റ് ലഭിച്ച് ഒരു മാസത്തിനുളളില്‍ത്തന്നെ അക്കൗണ്ട് തുടങ്ങണം. നിക്ഷേപ തുക റിട്ടയര്‍മെന്റ് ബെനിഫിറ്റിനെക്കാള്‍ കൂടുതലാവരുത്.
കാലാവധി എത്ര ?
അഞ്ച് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പെ മൂന്നുവര്‍ഷത്തേക്ക് കൂടി പുതുക്കാനും അവസരമുണ്ട്. ഇതിനായി പ്രത്യേക അപേക്ഷ നല്‍കണം.
എവിടെ നിക്ഷേപിക്കാം ?
പോസ്‌റ്റോഫീസുകളിലും പൊതുമേഖലാ ബാങ്കുകളിലും അക്കൗണ്ട് ആരംഭിക്കാം. ഒന്നിലധികം അക്കൗണ്ടുകളില്‍ ഒരു വ്യക്തിയ്ക്ക് ഒറ്റയ്ക്കും പങ്കാളിയെ ഉള്‍പ്പെടുത്തിയും നിക്ഷേപം നടത്താം.
അക്കൗണ്ടിനെക്കുറിച്ച് ?
പണമായോ ചെക്കായോ സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമില്‍ അക്കൗണ്ട് തുറക്കാവുന്നതാണ്. പണമായിട്ടാണെങ്കില്‍ തുക ഒരു ലക്ഷം രൂപയില്‍ താഴെയും ചെക്കാണെങ്കില്‍ ഒരു ലക്ഷത്തിലധികവുമാകാം. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാം.
പലിശ ?
പലിശ വരുമാനം നിക്ഷേപകന്‍റെ പോസ്‌റ്റോഫീസ് സേവിങ്‌സ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് ചെയ്യപ്പെടും. മണി ഓര്‍ഡറായോ പിഡിഎസ് ആയോ പണം എടുക്കാനാകും. പദ്ധതിപ്രകാരം 8.6 ശതമാനം പലിശയാണ് ലഭിക്കുക. അക്കൗണ്ട് തുടങ്ങി ഒരുവര്‍ഷത്തിനുളളില്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍ നിക്ഷേപ തുകയുടെ അഞ്ച് ശതമാനവും രണ്ട് വര്‍ഷത്തിന് ശേഷമാണെങ്കില്‍ ഒരു ശതമാനവും പലിശയിനത്തില്‍ കുറവുണ്ടായിരിക്കും.
നികുതി ആനുകൂല്യമുണ്ടോ ?
നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായനികുതി നിയമമനുസരിച്ച് 80സി പ്രകാരമുളള ആനുകൂല്യം നിക്ഷേപകര്‍ക്ക് ലഭിക്കും.
ടിഡിഎസ് ഈടാക്കുമോ ?
പ്രതിവര്‍ഷം 10,000 രൂപയാണ് പലിശ തുകയെങ്കില്‍ അതില്‍ നിന്നും ടിഡിഎസ് ഈടാക്കും
തയ്യാറാക്കിയത്
സൂര്യ സുരേഷ്