ഗ്രീന്‍ടീയുടെ അമിതഉപയോഗം ആരോഗ്യത്തിന് നല്ലതോ?…

ഇന്ന് ഏറ്റവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്നതും വളരെ വേഗം ജനങ്ങളിൽ ഇടം നേടുകയും ചെയ്ത ഒരു പാനീയം ആണ് ഗ്രീൻ ടീ. ഗ്രീൻ ടീ ആളുകള്‍ കുടിക്കുന്നതിനുള്ള പ്രധാന കാരണം ശരീരഭാരം കുറയ്ക്കാൻ ഈ പാനീയം സഹായിക്കുന്നു എന്ന വിശ്വാസമാണ്.എന്നാൽ ഇത് ശരിയായ രീതിയിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും ഇതിന്റെ തെറ്റായ ഉപയോഗം പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
അവ എന്തൊക്കെയെന്ന് ഇനി നമുക്ക് നോക്കാം.

അസിഡിറ്റി ഉള്ളവർ ഇത് കൂടുതൽ കുടിയ്ക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ശരീരം ഇരുമ്പിനെ വലിച്ചെടുക്കുന്ന തിനെയും ഗ്രീൻ ടീ കുറയ്ക്കുന്നു. അതിനാൽ ഭക്ഷണത്തിനോടൊപ്പം ഗ്രീൻ ടീ കുടിക്കാൻ പാടില്ലെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ഭക്ഷണത്തിനോടൊപ്പം കുടിച്ചാൽ അനീമിയ അഥവാ വിളർച്ച ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. ഗ്രീൻ ടീ കുടിയ്ക്കുന്നതിനോടൊപ്പം ധാരാളം വെള്ളവും കുടിയ്ക്കാൻ ശ്രമിക്കണം. ഗ്രീൻ ടീ വളരെ ചൂടോടെ ഉപയോഗിക്കുന്നത് അന്നനാളത്തിൽ പൊള്ളലുണ്ടാകാനും അൾസർ ഉണ്ടാകാനും കാരണമാകുന്നു.
കഫീനുമായി അമിതമായി സംവേദനക്ഷമതയുള്ളവർക്ക് ഗ്രീൻ ടീ സുരക്ഷിതമല്ല. ഗ്രീൻ ടീയിൽ കഫീൻ അളവ് താരതമ്യേന കുറവാണെങ്കിലും, ഉറക്കമില്ലായ്മ, ക്ഷോഭം, ഉത്കണ്ഠ, ഓക്കാനം, വയറുവേദന എന്നിവ പോലുള്ള ഒന്നിലധികം അസ്വസ്ഥതകൾക്ക് ഇത് കാരണമാകുന്നു


രക്തം കട്ട പിടിക്കുന്നത് തടയുന്ന മരുന്നുകൾ (ആന്റികോഗാലന്റ് മരുന്നുകൾ) കഴിക്കുന്നവർ വിറ്റാമിൻ കെ ഉള്ളതിനാൽ ഗ്രീൻ ടീ ജാഗ്രതയോടെ വേണം കുടിക്കുവാൻ. ഗ്രീൻ ടീയും ആസ്പിരിനും കലർത്തരുത്, കാരണം ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്ന ബിംബാണുവിന്റെ (പ്ലേറ്റ്ലറ്റ്) ഫലപ്രാപ്തി കുറയ്ക്കും. ഉത്തേജക മരുന്നുകളോടൊപ്പം ഗ്രീൻ ടീ ഉപയോഗിച്ചാൽ, അത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കും.

സ്ത്രീകൾ അമിതമായി ഗ്രീൻ ടീ കുടിക്കുന്നത് ഗർഭധാരണ സാധ്യത കുറയ്ക്കുമെന്നും പഠനം കണ്ടെത്തി. ഗ്രീൻ ടീയി ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യം നമുക്ക് അറിയാം. ഈ ആന്റി ഓക്‌സിഡന്റുകൾ അമിതമായി ശരീരത്തിലെത്തുമ്പോൾ അത് അണ്ഡോൽപ്പാദനത്തെ ബാധിക്കുകയും ഇത് വന്ധ്യതയിലേയ്ക്ക് നയിക്കുമെന്നുമാണ് പഠനങ്ങളിൽ പറയുന്നത്.


ഡോക്ടർമാർ പറയുന്നതു പ്രകാരം നന്നായി തിളപ്പിച്ച വെള്ളത്തിലേക്ക് ഒരു മിനിറ്റ് നേരം ആവശ്യത്തിന് ഗ്രീൻ ടീ ഇട്ടോ അല്ലെങ്കിൽ ടീ ബാഗ് മുക്കിവെച്ചോ ഇത് ഉപയോഗിക്കാം. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ആരോഗ്യകരമായ പാനീയം തന്നെയാണ് ഗ്രീൻ ടീ.

Leave a Reply

Your email address will not be published. Required fields are marked *